പൊറിഞ്ചു വെളിയത്ത് ഈ ഒമ്പത് ഓഹരികളിലെ നിക്ഷേപത്തില്‍ മാറ്റം വരുത്തി, ജൂണ്‍ പാദമനുസരിച്ച് 13 ഓഹരികളില്‍ നിക്ഷേപം, മൊത്തം നിക്ഷേപമൂല്യം ₹260 കോടി

കേരള ആയുര്‍വേദയിലെ നിക്ഷേപം ഇടവേളയ്ക്ക് ശേഷം ആദ്യമായി കുറച്ചു
Porinju Veliyath, Equity Intelligence
Published on

രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയരായ നിക്ഷേപകരില്‍ (Value Investor) ഒരാളാണ് മലയാളിയായ പൊറിഞ്ചു വെളിയത്ത്. ഇക്വിറ്റി ഇന്റലിജന്‍സ് എന്ന പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനം വഴിയും സ്വന്തം പേരിലും നിക്ഷേപങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന്റെ ഓരോ നിക്ഷേപ ചുവടും ശ്രദ്ധയോടെയാണ് ചെറുകിട നിക്ഷേപകര്‍ പലരും കാണുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കാര്യമായ മാറ്റങ്ങളാണ് അദ്ദേഹം തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ വരുത്തിയിരിക്കുന്നത്.

സ്‌റ്റോക്ക് മാര്‍ക്കറ്റ് അനലറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ട്രെന്‍ഡ്‌ലൈനിന്റെ ഡാറ്റകളനുസരിച്ച് 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ 13 ഓഹരികളിലാണ് പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ളത്. ഇതില്‍ അഞ്ച് ഓഹരികളില്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നിക്ഷേപം ഉയര്‍ത്തി.

സ്‌മോള്‍ ക്യാപ് ഓഹരിയായ ഓറിയന്റ് ബെല്ലിലാണ് (Orient Bell) നിക്ഷേപം കൂടുതല്‍ ഉയര്‍ത്തിയത്. മാര്‍ച്ച് പാദത്തിലെ 3.7 ശതമാനത്തില്‍ നിന്ന് ഓഹരി വിഹിതം 4.6 ശതമാനമാക്കി. അതായത് 0.9 ശതമാനത്തിന്റെ വര്‍ധന. നിലവില്‍ 21.3 കോടി രൂപ മൂല്യം വരുന്ന 6.76 ലക്ഷം ഓഹരികളാണ് പൊറിഞ്ചു വെളിയത്തിന്റെ ഇക്വിറ്റി ഇന്റലിജന്‍സിന് ഓറിയന്റ് ബെല്ലിലുള്ളത്.

മറ്റൊരു സ്‌മോള്‍ക്യാപ് ഓഹരിയായ ഓറം പ്രോപ്‌ടെകിലെ (Aurum Proptech) ഓഹരി വിഹിതം ഇക്കാലയളവില്‍ 6 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമാക്കി. 0.6 ശതമാനമാണ് ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്. മൊത്തം 105.2 കോടി രൂപ മൂല്യം വരുന്ന 47.68 ലക്ഷം ഓഹരികളാണ് കമ്പനിയില്‍ പൊറിഞ്ചുവെളിയത്തിനും ഇക്വിറ്റി ഇന്റലിജന്‍സിനുമായുള്ളത്.

അപ്പോളോ സിന്ദൂരി ഹോട്ടല്‍സ് (Apollo Sindoori Hotels) ഓഹരിയിലും ജൂണ്‍ പാദത്തില്‍ പുതുതായി നിക്ഷേപം നടത്തിയിട്ടുണ്ട്. 0.4 ശതമാനം ഓഹരികളാണ് അധികമായി ഇക്വിറ്റി ഇന്റലിജന്‍സ് സ്വന്തമാക്കിയത്. ഇതോടെ മൊത്തം 55,000 ഓഹരികള്‍ അഥവാ 2.1 ശതമാനം ഓഹരിപങ്കാളിത്തം പൊറിഞ്ചുവെളിയത്തിന് സ്വന്തമായി. ഇന്നത്തെ വിലയനുസരിച്ച് എട്ട് കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം.

സുന്ദരം ബ്രേക്ക് ലൈനിംഗ് (Sundaram Brake Lining), എം.എം റബര്‍ കമ്പനി (M M Rubber Company) എന്നീ സ്‌മോള്‍ക്യാപ് ഓഹരികളില്‍ 0.2 ശതമാനം വീതം ഓഹരികളും ജൂണ്‍ പാദത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇടവേളയ്ക്ക് ശേഷം കേരള ആയുര്‍വേദയില്‍ പങ്കാളിത്തം കുറച്ചു

കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മാണക്കമ്പനിയായ കേരള ആയുര്‍വേദയിലെ (Kerala Ayurveda Ltd) ഓഹരി പങ്കാളിത്തം 2024 മാര്‍ച്ച് പാദത്തിനു ശേഷം ആദ്യമായി കുറച്ചിരിക്കുകയാണ് പൊറിഞ്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരള ആയുര്‍വേദയില്‍ 5.2 ശതമാനം പങ്കാളിത്തം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഓഹരി വിഹിതം 0.7 ശതമാനം കുറച്ച് 4.5 ശതമാനമാക്കി. നിലവില്‍ 30.5 കോടി രൂപ മൂല്യം വരുന്ന 5.43 ലക്ഷം ഓഹരികളാണ് പൊറിഞ്ചുവെളിയത്തിന് കേരള ആയുര്‍വേദയിലുള്ളത്.

കഴിഞ്ഞ മാസം പ്രമോട്ടര്‍മാര്‍ കേരള ആയുര്‍വേദയുടെ 18.3 ശതമാനം ഓഹരികള്‍ ഏകദേശം 100 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു. കേരള ആയുര്‍വേദയുടെ പ്രമോട്ടര്‍ കമ്പനിയായ കട്ര ഹോള്‍ഡിംഗ്‌സ് ചില പ്രശ്‌നങ്ങള്‍ നേരിട്ടത് ഇടക്കാലത്ത് ഓഹരിയില്‍ ഇടിവുണ്ടാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസക്കാലയളവില്‍ 23 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 81 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണിത്. ജൂലൈ ഒന്നിന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 625 രൂപയില്‍ എത്തിയ ശേഷം പിന്നീട് ഓഹരി വില ഇടിവിലാണ്. നിലവില്‍ 571 രൂയിലാണ് ഓഹരിയുടെ വ്യാപാരം.

മൂന്ന് ഓഹരികളില്‍ ഒരു ശതമാനത്തില്‍ താഴെ പങ്കാളിത്തം

ജൂണ്‍ പാദത്തില്‍ കായ (Kaya), അന്‍സല്‍ ബില്‍ഡ്‌വെല്‍ (Ansal Buildwell), മാക്‌സ് (Max) എന്നിവയിലെ ഓഹരി പങ്കാളിത്തം ആദ്യമായി ഒരു ശതമാനത്തില്‍ താഴെയാക്കിയിട്ടുണ്ട്. ഇതുകൂടാത കൊകുയ കാംലിന്‍ (Kokuyo Camlin-ഒരു ശതമാനം), ഡ്യൂറോപ്ലേ ഇന്‍ഡസ്ട്രീസ് ( Duroply Industries-5.5 ശതമാനം), എയോണ്‍ എക്‌സ് ഡിജിറ്റല്‍ (AeonX Digital-2.6 ശതമാനം), താല്‍ എന്റര്‍പ്രൈസസ് (TAAL Enterprises-1.7 ശതമാനം) എന്നിവയിലാണ് പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ളത്.

ഒരു ശതമാനത്തില്‍ താഴെ നിക്ഷേപമുള്ള ഓഹരികളുടെ വിവരങ്ങള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമല്ലാത്തതിനാല്‍ ആ ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പ്രമുഖ സംരംഭകനായ ആര്‍.പി സഞ്ജീവ് ഗോയങ്കെയുടെ കീഴിലുള്ള ആര്‍.പി.എസ്.ജി വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ (RPSG Ventures) 4.6 ലക്ഷം ഓഹരികള്‍ ഇക്വിറ്റി ഇന്റലിജന്‍സിനു കീഴിലുള്ള ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടായ ഇക്യു ഇന്ത്യ ഫണ്ട് കൈവശം വച്ചിട്ടുണ്ട്. നിലവില്‍ 42.9 കോടി രൂപയാണ് ഇതിന്റെ നിക്ഷേപ മൂല്യം.

Porinju Veliyath reshuffles his portfolio in June 2025 with increased stakes in select small-cap stocks and reduced shareholding in Kerala Ayurveda.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com