പൊറിഞ്ചു വെളിയത്തിന്റെ പുതിയ നിക്ഷേപം ഈ പരസ്യ കമ്പനിയില്‍, വാങ്ങിയത് ₹6.55 കോടിയുടെ ഓഹരികള്‍

ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ മൂന്ന് ഓഹരികളില്‍ പുതുതായി നിക്ഷേപം നടത്തിയിരുന്നു
Porinju Veliyath, Equity Intelligence
Published on

പ്രമുഖ നിക്ഷേപകനും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് പരസ്യ മേഖലയിലുള്ള കമ്പനിയായ ആര്‍.കെ സ്വാമിയുടെ (RK Swamy) 1.23 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. ഓഹരിയൊന്നിന് ശരാശരി 104.92 രൂപ നിരക്കില്‍ ഏകദേശം 6.55 കോടി രൂപയാണ് ഈ ഇടപാടിനായി ഇക്വിറ്റി ഇന്റലിജന്‍സ് ചെലവഴിച്ചത്.

ചെറുകിട-ഇടത്തരം കമ്പനികളെ (Mid-cap & Small-cap) മുന്‍കൂട്ടി തിരിച്ചറിഞ്ഞ് നിക്ഷേപം നടത്തുന്നതില്‍ ശ്രദ്ധനേടിയിട്ടുള്ള നിക്ഷേപകനാണ് പൊറിഞ്ചു വെളിയത്ത്. സാധാരണഗതിയില്‍ പൊറിഞ്ചു വെളിയത്തിനെപ്പോലെയുള്ള നിക്ഷേപകര്‍ (Value Investors) ഒരു കമ്പനിയില്‍ താല്പര്യം പ്രകടിപ്പിക്കുന്നത് മറ്റ് നിക്ഷേപകര്‍ക്കിടയിലും ആ കമ്പനിയോടുള്ള പോസിറ്റീവ് മനോഭാവം വര്‍ധിപ്പിക്കാറുണ്ട്. പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തിയ വാര്‍ത്തകള്‍ പുറത്തു വന്നിതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓഹരിയുടെ വിലയിലും മുന്നേറ്റമുണ്ടായിരുന്നു. ജനുവരി 23നായിരുന്നു പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തിയത്. അതിനു പിന്നാലെ ഓഹരി വില എട്ട് ശതമാനം വരെ ഉയര്‍ന്നു. ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്ന് 110 രൂപയ്ക്കടുത്താണ് ഓഹരിയുടെ വില.

പരസ്യ-വിപണന മേഖലയിലെ സമഗ്രമായ സേവനങ്ങള്‍ നല്‍കി വരുന്ന കമ്പനിയാണ് ആര്‍.കെ സ്വാമി. ടെലിവിഷന്‍, പത്രം, റേഡിയോ, ഔട്ട്‌ഡോര്‍ മീഡിയ എന്നിവ വഴിയുള്ള പരസ്യങ്ങള്‍ കൂടാതെ ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനായുള്ള തന്ത്രപരമായ പ്ലാനിംഗും മീഡിയ ബയിംഗും ഉള്‍പ്പെടെയുള്ള സേവനങ്ങളും കമ്പനി നല്‍കുന്നു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും പ്രമുഖ സ്ഥാപനങ്ങള്‍ ആര്‍.കെ സ്വാമിയുടെ സേവനം പ്രയോജനപ്പെടുത്തുന്നു. റിസര്‍വ് ബാങ്ക്, എയര്‍ ഇന്ത്യ, എല്‍.ഐ.സി, ഒ.എന്‍.ജി.സി, എന്‍.ടി.പി.സി , നബാര്‍ഡ്, സിഡ്ബി, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, പി.എന്‍.ബി എന്നിവരടങ്ങുന്നതാണ് കമ്പനിയുടെ ഉപഭോക്തൃ നിര.

കമ്പനിയുടെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം പാദത്തില്‍ (Q2 FY26) മികച്ച വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 65.62 കോടി രൂപയില്‍ നിന്ന് 12 ശതമാനം വര്‍ധിച്ച് 73.65 കോടി രൂപയായി. അറ്റാദായം 0.52 കോടി രൂപയില്‍ നിന്ന് 0.54 കോടി രൂപയായി നേരിയ വര്‍ധന രേഖപ്പെടുത്തി.

പുതുമുഖങ്ങളെയും കൂടെക്കൂട്ടി

ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലും പൊറിഞ്ചു വെളിയത്ത് ചില പുതിയ ഓഹരികളെ പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ത്തിരുന്നു. സ്‌മോള്‍ ക്യാപ് ഓഹരിയായ അന്‍സാല്‍ ഹൗസിംഗില്‍ (Ansal Housing) ഏഴ് ലക്ഷം ഓഹരികളാണ് ഭാര്യ ലിറ്റി തോമസിന്റെ പേരില്‍ വാങ്ങിയത്. മൊത്തം 53.9 ലക്ഷം രൂപ നിക്ഷേപിച്ചു. കമ്പനിയുടെ ഒരു ശതമാനം ഓഹരികളാണ് ഇതു വഴി സ്വന്തമാക്കിയത്.

ജിയോജിത് ഫിന്‍സെര്‍വിലാണ് (Geojit Fin Serv) ഇക്കാലയളവില്‍ കൂടുതല്‍ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 40 ലക്ഷം ഓഹരികള്‍ അഥവാ 1.4 ശതമാനം ഓഹരി വിഹിതം സ്വന്തമാക്കാനായി 26 കോടി രൂപയാണ് നിക്ഷേപിച്ചത്. ഇകിറ്റി ഇന്റലിജെന്‍സിന്റെ പേരിലാണ് നിക്ഷേപം.

ഇതുകൂടാതെ അസോസിയേറ്റഡ് ആല്‍ക്കഹോള്‍ (Associated Alcohols) എന്ന കമ്പനിയിലും ഒരു ശതമാനത്തിലധികം ഓഹരികള്‍ പുതുതായി സ്വന്തമാക്കിയിട്ടുണ്ട്. 15.9 കോടി രൂപയുടെ നിക്ഷേപത്തില്‍ രണ്ട് ലക്ഷം ഓഹരികളാണ് ഇക്വിറ്റി ഇന്റലിജന്‍സ് വാങ്ങിയത്.

പോര്‍ട്ട്‌ഫോളിയോയിലെ മറ്റ് ഓഹരികള്‍

ഡിസംബര്‍ പാദത്തില്‍ ഓറിയന്റ് ബെല്‍ (Orient Bell), എം.എം റബര്‍ കമ്പനി (M M Rubber Compan) എന്നീ ഓഹരികളിലെ നിക്ഷേപം ഉയര്‍ത്തിയിട്ടുമുണ്ട് പൊറിഞ്ചു വെളിയത്ത്. ഓറിയന്റ് ബെല്ലിലെ നിക്ഷേപം 0.3 ശതമാനം വര്‍ധിച്ച് 4.9 ശതമാനമാക്കിപ്പോള്‍ എംഎം റബര്‍ കമ്പനിയിലെ നിക്ഷേപം 0.1 ശതമാനം വര്‍ധിപ്പിച്ച് 1.5 ശതമാനമാക്കി.

കൊകുയോ കാംലിന്‍ (Kokuyo Camlin), സുന്ദരം ബ്രേക്ക് ലൈനിംഗ് (
Sundaram Brake Lining), അപ്പോളോ സിന്ദൂരി ഹോട്ടല്‍സ്(Apollo Sindoori Hotels), ഓറം പ്രോംപ്‌ടെക് (Aurum Proptech), ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ് (Duroply Industries), അന്‍സാല്‍ ബില്‍ഡ്‌വെല്‍ (Ansal Buildwell), ഏയോണ്‍എക്‌സ്‌ ഡിജിറ്റല്‍ (AeonX Digital), കേരള ആയുര്‍വേദ (Kerala Ayurveda), ടാല്‍ ടെക് (TAAL Tech), ഫ്രാറ്റെല്ലി വൈന്‍യാര്‍ഡ്‌സ് (Fratelli Vineyards), ആര്‍പിഎസ്ജി വെഞ്ച്വേഴ്‌സ് (
RPSG Ventures) എന്നിവയാണ് പൊറിഞ്ചുവെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള മറ്റ് ഓഹരികള്‍. ട്രെന്‍ഡ്‌ലൈനിന്റെ ഡാറ്റ പ്രകാരം ഇവയിലെല്ലാം കൂടിയുള്ള പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ മൂല്യം 245.13 കോടി രൂപയാണ്.

Porinju Veliyath invests ₹6.55 crore in RK Swamy, expanding his portfolio with new strategic stock picks.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com