പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലേക്ക് ഒരു പുതുമുഖം, സെപ്റ്റംബര്‍ പാദത്തിലെ വാങ്ങലുകള്‍ ഇങ്ങനെ

പ്രമുഖ വാല്യു ഇന്‍വെസ്റ്ററും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്റ്‌സിന്റെ മേധാവിയുമായ പൊറിഞ്ചു വെളിയത്ത് ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഒരു മൈക്രോക്യാപ് ഓഹരിയെ കൂടി പോര്‍ട്ട്‌ഫോളിയോയിലേക്ക് കൂട്ടിച്ചേര്‍ത്തു. ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കുന്ന അപ്പോളോ സിന്ദൂരി ഹോട്ടല്‍സ് ലിമിറ്റഡിലാണ് (Apollo Sindoori Hotels Ltd) പുതിയ നിക്ഷേപം. ഈയൊരു ഒറ്റ ഓഹരി മാത്രമാണ് അദ്ദേഹം പുതുതായി നിക്ഷേപത്തിന് തിരഞ്ഞെടുത്തത്. ആകെ 35,000 ഓഹരികളാണ് അദ്ദേഹം വാങ്ങിയത്. ഇതോടെ കമ്പനിയിലെ ഓഹരിപങ്കാളിത്തം 1.4 ശതമാനമായി. 60 കോടി രൂപയാണ് ഓഹരിയുടെ മൊത്തം മൂല്യം.

എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയാണിത്‌. ഇന്ന് ഓഹരി മൂന്നര ശതമാനത്തോളം ഇടിവിലാണ്. ഈ വര്‍ഷം ഇതു വരെ 12 ശതമാനത്തിലധികം ഓഹരി വില ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരി 1.87 ശതമാനം ഇടിവിലാണ്.

നിക്ഷേപം ഉയര്‍ത്തിയ ഓഹരികള്‍

സെപ്റ്റംബര്‍ പാദത്തില്‍ മൂന്ന് ഓഹരികളില്‍ പൊറിഞ്ചു വെളിയത്ത് നിക്ഷേപം വര്‍ധിപ്പിച്ചിട്ടുണ്ട്.
അന്‍സാല്‍ ബില്‍ഡ് വെല്‍ എന്ന കമ്പനിയുടെ ഓഹരി പങ്കാളിത്തം ജൂണിലെ 2.03 ശതമാനത്തില്‍ നിന്ന് 3.09 ശതമാനമാക്കി. 2016 മുതല്‍ ഈ ഓഹരിയില്‍ പൊറിഞ്ചുവെളിയത്തിന് നിക്ഷേപമുണ്ട്. 2023 സെപ്റ്റംബര്‍ പാദത്തിനു ശേഷം ആദ്യമായാണ് ഈ ഓഹരിയില്‍ നിക്ഷേപം ഉയര്‍ത്തുന്നത്. നിലവില്‍
കമ്പനിയില്‍
2.28 ലക്ഷം ഓഹരികളാണ് പൊറിഞ്ചുവെളിയത്തിന്റെ ഇക്വിറ്റി ഇന്റലിജന്‍സിനുള്ളത്. സെപ്റ്റംബര്‍ 30ലെ ഓഹരിയുടെ വില അനുസരിച്ച് ഇതിന്റെ മൂല്യം 4.8 കോടി രൂപ വരും.
ഓറം പ്രോടെക് എന്ന ഓഹരിയില്‍ 0.5 ശതമാനം ഓഹരിയാണ് സെപ്റ്റംബര്‍ പാദത്തില്‍ സ്വന്തമാക്കിയത്. ഇതോടെ ആകെ ഓഹരി പങ്കാളിത്തം 5.4 ശതമാനമായി. 38.80 ലക്ഷം ഓഹരികളുടെ മൂല്യം 71.5 കോടി രൂപ വരും.
താല്‍ എന്റര്‍പ്രൈസസ് ആണ് പൊറിഞ്ചു വെളിയത്ത് നിക്ഷേപമുയര്‍ത്തിയ മറ്റൊരു ഓഹരി. ജൂണിലെ 1.3 ശതമാനത്തില്‍ നിന്ന് 1.7 ശതമാനമായി ഈ കമ്പനിയിലെ ഓഹരി പങ്കാളിത്തം. 52,500 ഓഹരികളാണ് താല്‍ എന്റര്‍പ്രൈസസില്‍ ഇക്വിറ്റി ഇന്റലിജന്‍സിനുള്ളത്. 2024 മാര്‍ച്ച് മുതലാണ് ഈ ഓഹരിയില്‍ നിക്ഷേപം നടത്താനാരംഭിച്ചത്. പിന്നീടുള്ള എല്ലാ പാദങ്ങളിലും ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിട്ടുമുണ്ട്.

പോര്‍ട്ട്‌ഫോളിയോയിലെ മറ്റ് ഓഹരികള്‍

കഴിഞ്ഞ പാദത്തില്‍ പി.ജി ഫോയില്‍സ്, മിത്സു കെം പ്ലാസ്റ്റ് എന്നിവയിലെ ഓഹരി നിക്ഷേപം ആദ്യമായി ഒരു ശതമാനത്തില്‍ താഴെയാക്കി.
കായ(2.9 ശതമാനം), ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ് (5.5 ശതമാനം), ഏയോണ്‍എക്‌സ് ഡിജിറ്റല്‍ (3 ശതമാനം), കേരള ആയുര്‍വേദ (5.2 ശതമാനം), ആര്‍.പി.എസ്.ജി വെഞ്ച്വേഴ്‌സ് (1.4 ശതമാനം) സെന്റം ഇലക്ട്രോണിക്‌സ് (ഒരു ശതമാനം), കൊകുയ ക്യാംലിന്‍ (ഒരു ശതമാനം), മാക്‌സ് ഇന്ത്യ (ഒരു ശതമാനം) എന്നിവയാണ് പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള മറ്റ് ഓഹരികൾ.

276.34 കോടിയാണ് പൊറിഞ്ചു വെളിയത്തിന്റെ ഓഹരി പോര്‍ട്ട്‌ഫോളിയോയുടെ മൂല്യം. ജൂണ്‍ പാദത്തെ അപേക്ഷിച്ച് മൂല്യത്തില്‍ 0.8 ശതമാനം ഇടിവുണ്ട്.

Related Articles
Next Story
Videos
Share it