ദീപാവലിക്കാലത്ത് നിക്ഷേപിക്കാന്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന 3 ഓഹരികള്‍

വളരെ ശക്തമായ ചുവടുവെപ്പുകളോടെ ഇന്ത്യ 'സംവത് 2080'ലേക്ക് പ്രവേശിക്കുകയാണ്. നിലവില്‍ ആഗോള തലത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജിയോ പൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളായ ഉക്രൈന്‍ യുദ്ധം, പശ്ചിമേഷ്യന്‍ പ്രശ്നം എന്നിവയുടെ തിരമുറിച്ച് മുന്നേറാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ കൂടുന്നത് രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ ഔന്നത്യം കൂടാന്‍ ഉപകരിക്കും.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍, പ്രത്യേകിച്ച് 2024 ലെ പൊതു തിരഞ്ഞെടുപ്പ് കൊണ്ട് തന്നെ ഈ വര്‍ഷം സംഭവബഹുലമായ ഒന്നാകും. വിപണിയുടെ പൊതുവായ വീക്ഷണം നിലവിലെ ഭരണ നേതൃത്വവും വികസനോന്മുഖമായ പരിഷ്‌കരണങ്ങളും ബിസിനസ് സൗഹൃദ നയങ്ങളും തുടരുമെന്നാണ്. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ വിപണിയുടെ പൊതുവികാരം മാറിമറിയാന്‍ ഇടയാകും. എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണ്.

കോവിഡിന് ശേഷമുള്ള ഇന്ത്യന്‍ ഓഹരി വിപണിയിലെ ബുള്‍ തരംഗം ഇപ്പോഴും ശക്തമായി തുടരുകയാണ്, പ്രത്യേകിച്ച് സ്മോള്‍, മിഡ് കാപ് ഓഹരികളില്‍. രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ഇക്വിറ്റികളിലേക്ക് ഇപ്പോള്‍ പ്രവഹിക്കുകയാണ്. പ്രതിമാസ എസ്.ഐ.പി മാത്രമിപ്പോള്‍ 2 ബില്യണ്‍ യുഎസ് ഡോളറാണ്! ഇത് നമ്മുടെ ഓഹരി വിപണിയ്ക്ക് കരുത്തേകുന്നുണ്ടെന്ന് മാത്രമല്ല കഴിഞ്ഞ ചില മാസങ്ങളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വന്‍ തോതിലുള്ള വിറ്റൊഴിയലിന്റെ സ്വാധീനം ദുര്‍ബലമാക്കാനും സഹായിച്ചു. ആഗോള തലത്തിലെ ഫണ്ടുകളുടെ പോക്കു വരവിനെ ആശ്രയിച്ചുള്ള ചാഞ്ചാട്ടങ്ങളില്‍ നിന്ന് വേറിട്ടുമാറാന്‍ പര്യാപ്തമായ വിധത്തില്‍ ഇന്ത്യന്‍ വിപണി വളര്‍ന്നുകഴിഞ്ഞു.

കാര്യങ്ങള്‍ ഇതുപോലെ ശോഭനമാണെന്നിരുന്നാല്‍ പോലും ഇക്വിറ്റി ഒരു ഡൈനാമിക് അസറ്റ് ക്ലാസാണെന്ന കാര്യം മറക്കരുത്. ഒരു ഓഹരിയെ കേന്ദ്രീകരിച്ചാവരുത് ഒരിക്കലും നിങ്ങളുടെ നിക്ഷേപം. ഒരു പോര്‍ട്ട്ഫോളിയോ സമീപനം ഇക്കാര്യത്തില്‍ പിന്തുടരുന്നതാകും എപ്പോഴും നല്ലത്.

ഈ ദീപാവലിക്ക് മൂന്ന് ഓഹരികളുടെ ഒരു പോര്‍ട്ട്ഫോളിയോയാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. ധനത്തിന്റെ വായനക്കാര്‍ക്ക് ഈ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാം. ഓര്‍ക്കുക, ഈ ഓഹരികളില്‍ ഞങ്ങള്‍ക്കും നിക്ഷേപ താല്‍പ്പര്യമുണ്ട്.

Piramal Pharma@105
പിരമല്‍ ഫാര്‍മ @105

പിരമല്‍ ഗ്രൂപ്പിന്റെ (പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിന്ന് വേറിട്ട് മാറിയത്) ഫാര്‍മ ബിസിനസ് വിഭാഗമാണ് പിരമല്‍ ഫാര്‍മ ലിമിറ്റഡ് (പി.പി.എല്‍). പിപിഎല്ലിന്റെ ബിസിനസിനെ ഇങ്ങനെ തിരിക്കാം. ഒന്നാമത്തേത് കോണ്‍ട്രാക്റ്റ് ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്‍ (CDMO): ഹൈ പൊട്ടന്റ് എപിഐ, ആന്റിബോഡി ഡ്രഗ് കോഞ്ചുഗേറ്റ്സ് (ADC) ഇത് കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണ്, പെപ്റ്റൈഡ്സ്, പൊട്ടന്റ് സ്റ്റെറൈല്‍ ഇന്‍ഞ്ചക്റ്റിബ്ള്‍സ്, ഹോര്‍മോണല്‍സ്, വാക്സിന്‍ & ബയോളജിക്സ്/ ബയോ തെറാപ്യൂട്ടിക്സ് എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്.

രണ്ടാമത്തേത്, കോംപ്ലക്സ് ഹോസ്പിറ്റല്‍ ജനറിക് (ക്രിട്ടിക്കല്‍ കെയര്‍): ഇന്‍ഹേല്‍ഡ് അനസ്തേറ്റിക്സിന്റെ രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഉല്‍പ്പാദകരാണിവര്‍. യുഎസ് വിപണിയുടെ 39 ശതമാനം കൈവശം വെച്ചിരിക്കുന്ന Servoflurane ഉള്‍പ്പടെ Desflurane, Iosflurane, Halothane എന്നിവ ഇവരുടെ ഉല്‍പ്പന്നങ്ങളാണ്. ഇന്‍ഞ്ച്ക്റ്റബ്ള്‍ അനസ്തേഷ്യ, പെയ്ന്‍ മാനേജ്മെന്റ്, intrathecal therapy എന്നീ മേഖലകളിലെല്ലാം കമ്പനിക്ക് ഉല്‍പ്പന്നങ്ങളുണ്ട്.

മൂന്നാമത്തേത്, കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയറാണ്. പി.പി.എല്ലിന്റേതായി ഈ മേഖലയില്‍ വളരെ ശക്തമായ ബ്രാന്‍ഡുകളുണ്ട്. ലാക്റ്റോ കലാമൈന്‍, ലിറ്റില്‍സ്, ഐ പില്‍, പോളിക്രോള്‍, ടെറ്റ്മോസോള്‍ എന്നിവ അവയില്‍ ചിലതാണ്. നേത്രരോഗ ചികിത്സാ രംഗത്തും കമ്പനിക്ക് സാന്നിധ്യമുണ്ട്. ഈ രംഗത്തെ പ്രമുഖ ബ്രാന്‍ഡുകളുമായുള്ള (റീഫ്രഷ് ടിയേഴ്സ്, Combigan, Lumigan തുടങ്ങിയവ) സംയുക്ത പങ്കാളിത്തത്തിലൂടെയാണിത്. സമീപകാലത്ത് നടത്തിയ അവകാശ ഓഹരിയിലൂടെ കമ്പനി അതിന്റെ കടഭാരം കുറച്ചിട്ടുണ്ട്. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ സജ്ജമാകുന്നതോടെ കമ്പനിയുടെ വരുമാനവും ലാഭ മാര്‍ജിനും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. 2020ല്‍ Carlyle ഗ്രൂപ്പില്‍ നിന്ന് നിക്ഷേപം ആകര്‍ഷിച്ചപ്പോഴുണ്ടായ 17,500 കോടി മൂല്യത്തിലും താഴെയാണ് ഇപ്പോള്‍ കമ്പനിയുടെ ഓഹരികള്‍ ട്രേഡ് ചെയ്യപ്പെടുന്നത്. പക്ഷേ അതിന് ശേഷം വലിയ തോതില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തിയിട്ടുണ്ടുതാനും. വരും നാളുകളില്‍ കമ്പനി മികച്ച റിട്ടേണ്‍ നല്‍കിയേക്കും.

Godrej Industries @ 652

ഗോദ്റെജ് ഇന്‍ഡസ്ട്രീസ് @ 652

ഗോദ്റെജ് കണ്‍സ്യൂമര്‍, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഗോദ്റെജ് അഗ്രോവെറ്റ് എന്നീ കമ്പനികളുടെ ഹോള്‍ഡിംഗ് കമ്പനിയാണ് ഗോദ്റെജ് ഇന്‍ഡസ്ട്രീസ്. ഈ കമ്പനികള്‍ക്കെല്ലാം പുറമേ ഫാറ്റി ആസിഡ്, ഫാറ്റി ആല്‍ക്കഹോള്‍, സര്‍ഫാക്റ്റന്‍സ്, ഗ്ലിസറിന്‍ എന്നിങ്ങനെയുള്ള കെമിക്കല്‍ ബിസിനസ് മാനുഫാക്ചറിംഗ് രംഗത്തും കമ്പനി സജീവമാണ്. പ്രധാനമായും എഫ് എം സി ജി മേഖലയെയാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്. ഗോദ്റെജ് കാപ്പിറ്റല്‍ എന്ന ഭവന വായ്പ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സേവന കമ്പനിക്കും തുടക്കമിട്ടിട്ടുണ്ട്. വലിയ തോതില്‍ വളരാനുള്ള സാധ്യത ഈ എന്‍.ബി.എഫ്.സിക്കുണ്ട്. ഗോദ്റെജ് കുടുംബത്തിലെ ആദി ഗോദ്റെജ് വിഭാഗത്തിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനി കൂടിയാണിത്. ഗോദ്റെജ് ഗ്രൂപ്പ് ഭാഗം വെപ്പിന്റെ പാതയിലാണ്. ഏവരും പ്രതീക്ഷിക്കുന്നതരത്തിലുള്ള അഭിപ്രായ സമന്വയത്തിലൂടെയുള്ള ആ ഭാഗംവെപ്പില്‍ ഏറ്റവും മെച്ചം ലഭിക്കാനിട ഗോദ്റെജ് ഇന്‍ഡസ്ട്രീസിനായിരിക്കും.

ലിസ്റ്റഡ് കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഗോദ്റെജ് അഗ്രോവെറ്റ് എന്നിവയില്‍ മാത്രമുള്ള കമ്പനിയുടെ നിക്ഷേപത്തിന്റെ മൂല്യം 54,000 കോടി രൂപയാണ്. ലിസ്റ്റ് ചെയ്യപ്പെടാത്ത ഗോദ്റെജ് കാപ്പിറ്റല്‍ സമീപഭാവിയില്‍ തന്നെ ശതകോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി വളരാനുള്ള സാധ്യതയുണ്ട്. കെമിക്കല്‍ ബിസിനസിന് മറ്റൊരു 50 കോടി യു.എസ് ഡോളറോളം മൂല്യം കാണും. ഇവയെല്ലാം ചേര്‍ന്ന് 22,000 കോടി രൂപയോളം വിപണിമൂല്യമുള്ള ഗോദ്റെജ് ഇന്‍ഡസ്ട്രീസ് നിലവില്‍ അതിന്റെ ബിസിനസിന്റെയും നിക്ഷേപത്തിന്റെയും മൂന്നിലൊന്ന് മൂല്യത്തിലും താഴെയാണ് ട്രേഡ് ചെയ്യുന്നത്. വരും നാളുകളില്‍ നിക്ഷേപകര്‍ക്ക് ഈ ഓഹരി മികച്ച സമ്പത്ത് സൃഷ്ടിച്ച് നല്‍കാനിടയുണ്ട്.

Advanced Enzyme Technologies @ 308

അഡ്വാന്‍സ്ഡ് എന്‍സൈം ടെക്നോളജീസ് @ 308

ഇന്ത്യന്‍ എന്‍സൈം ഇന്‍ഡസ്ട്രിയിലെ മുന്‍നിര കമ്പനിയാണ് അഡ്വാന്‍സ്ഡ് എന്‍സൈംസ്. രാജ്യത്തെ എന്‍സൈം വിപണിയില്‍ രണ്ടാം സ്ഥാനം കൈയാളുന്നതും ഇവരാണ്. ആഗോള തലത്തില്‍ തന്നെ രണ്ടാമത്തെ ലിസ്റ്റഡ് ഇന്റഗ്രേറ്റഡ് എന്‍സൈം കമ്പനിയും ഇവര്‍ തന്നെ. ജൈവപ്രവര്‍ത്തനത്തിന്റെ ഗതിയില്‍ മാറ്റം വരുത്തി പ്രതീക്ഷിത ഫലമുണ്ടാക്കുന്നതിനായി ചേര്‍ക്കുന്ന ബയോകാറ്റലിസ്റ്റാണ് എന്‍സൈം. ഇന്ത്യയില്‍ വില്‍പ്പനയില്‍ നോവോസൈമിന് പിന്നിലായി രണ്ടാം സ്ഥാനത്തുള്ള എഇടിഎല്‍ ആഗോളതലത്തിലെ പ്രമുഖ 15 കമ്പനികളുടെ പട്ടികയിലുമുണ്ട്. അനുദിനം സാധ്യതകള്‍ കൂടിവരുന്ന വ്യവസായ മേഖലയാണ് എന്‍സൈം.

ഫാര്‍മ, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്നു തുടങ്ങി ബേക്കിംഗ്, ജനറ്റിക് എന്‍ജിനീയറിംഗ് തുടങ്ങിയ രംഗങ്ങളിലെല്ലാം തന്നെ എന്‍സൈമുകളുടെ ഉപയോഗം വേണ്ടിവരും. വളരെ വലിയൊരു വിപണി സാധ്യതയാണ് മുന്നിലുള്ളത്. മാത്രമല്ല പുതിയ കമ്പനികള്‍ക്ക് അതിവേഗം ഈ മേഖലയിലേക്ക് കടന്നുവരാനും സാധ്യമല്ല. ഉയര്‍ന്ന റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ഓഹരി മൂലധനത്തിന്മേലുള്ള നേട്ടം)യും 40% EBITDA മാര്‍ജിനും ഉള്ള കമ്പനി 2016 ലെ ഐപിഒ വിലയുടെ സമീപത്തായാണ് ഇപ്പോഴും ട്രേഡ് ചെയ്യുന്നത്. വരും നാളുകളില്‍ മികച്ച നേട്ടം ഈ ഓഹരി നല്‍കാനിടയുണ്ട്.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

(This article is originally published in Dhanam business magazine Nov 30th Issue)

Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles
Next Story
Videos
Share it