
ചെറുകിട (smallcap) ഓഹരികളിലെ നിക്ഷേപത്തില്‍ പ്രാമുഖ്യം നല്‍കുന്ന പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരാണ് പൊറിഞ്ചു വെളിയത്ത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ 'സ്‌മോള്‍ക്യാപ്പ് ഓഹരികളുടെ തമ്പുരാന്‍' എന്ന് പലരും വിശേഷിപ്പിക്കാറുമുണ്ട്.
പൊറിഞ്ചു വെളിയത്ത് കഴിഞ്ഞ മാസാവസാനം നിക്ഷേപം നടത്തിയ, കേരളം ആസ്ഥാനമായ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മ്മാണ കമ്പനിയായ കേരള ആയുര്‍വേദ (Kerala Ayurveda) അതിന് ശേഷം തുടര്‍ച്ചയായി അപ്പര്‍-സര്‍കീട്ടിലാണ്. ഇപ്പോഴിതാ, മറ്റൊരു 'കുഞ്ഞന്‍' ഓഹരിയിലും നിക്ഷേപം നടത്തിയിരിക്കുകയാണ് പൊറിഞ്ചു വെളിയത്തിന്റെ കമ്പനിയായ ഇക്വിറ്റി ഇന്റലിജന്‍സ്.
പി.ജി. ഫോയില്‍സ്
ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ പൊതിയുന്ന അലുമിനിയം ഫോയിലുകള്‍ നിര്‍മ്മിക്കുന്ന രാജസ്ഥാന്‍ ആസ്ഥാനമായ കമ്പനിയായ പി.ജി. ഫോയില്‍സ് ലിമിറ്റഡിലാണ് ഇക്വിറ്റി ഇന്റലിജന്‍സ് 1.02 ശതമാനം ഓഹരികള്‍ കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിൽ സ്വന്തമാക്കിയത്. 1.2 ലക്ഷം ഓഹരികളാണ് ഇക്വിറ്റി ഇന്റലിജന്‍സ് വാങ്ങിയത്. നിലവിൽ ഈ ഓഹരികൾക്ക് വില 2.75 കോടി രൂപയാണ്.
ഒക്ടോബര്‍ 13ന് (വെള്ളിയാഴ്ച) ഓഹരി വിപണി ക്ലോസിംഗിന് ശേഷമാണ് സെപ്റ്റംബര്‍ പാദത്തിലെ ഓഹരി പങ്കാളിത്ത വിവരങ്ങള്‍ പി.ജി. ഫോയില്‍സ് ഓഹരി വിപണിയില്‍ സമര്‍പ്പിച്ചത്. ഓഹരി പങ്കാളിത്ത വിവരങ്ങളില്‍ ഇക്വിറ്റി ഇന്റലിജന്‍സിന്റെ പേരും കണ്ടതോടെ പി.ജി. ഫോയില്‍സ് ഓഹരികളില്‍ നിക്ഷേപകര്‍ താത്പര്യം കാട്ടുകയായിരുന്നു. തുടര്‍ന്ന്, തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നു. ഇന്ന് നേരിയ നഷ്ടവുമായി 235.10 രൂപയിലാണ് ഓഹരി വിലയുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ നിക്ഷേപകര്‍ക്ക് 21 ശതമാനം നേട്ടം (Return) നല്‍കിയ കമ്പനിയാണ് പി.ജി. ഫോയില്‍സ്. എന്നാൽ, ഒരു വർഷത്തെ റിട്ടേൺ നോക്കിയാൽ ഓഹരി വിലയുള്ളത് 19 ശതമാനം താഴെയാണ്.
അമൂല്‍, പ്രമുഖ ഫാര്‍മ കമ്പനികളായ സിപ്ല, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ്, മാന്‍കൈന്‍ഡ് ഫാര്‍മ, കാഡില്ല, ഫൈസര്‍ തുടങ്ങിയവ പി.ജി. ഫോയില്‍സിന്റെ ഉപഭോക്താക്കളാണെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
വിപണിമൂല്യം 277 കോടി
പി.ജി. ഫോയില്‍സിന്റെ വിപണിമൂല്യം 277 കോടി രൂപയാണ്. 2022-23ല്‍ 0.22 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 337 കോടി രൂപയായിരുന്നു വിറ്റുവരവ്.
കഴിഞ്ഞ ഡിസംബര്‍, മാര്‍ച്ച് പാദങ്ങളില്‍ നഷ്ടം (Net Loss) രേഖപ്പെടുത്തിയ കമ്പനി നടപ്പുവര്‍ഷം ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ലാഭത്തിലേക്ക് തിരിച്ചുകയറിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine