വിപണിയുടെ അടുത്ത കാലത്തെ ഉയര്‍ച്ചയില്‍ പല പൊതുമേഖല ഓഹരികളും വലിയ നേട്ടം കൊയ്തിരുന്നു. 2023ല്‍ നിഫ്റ്റി ബെഞ്ച്മാര്‍ക്ക് സൂചിക 19.8 ശതമാനത്തിനടുത്ത് മാത്രം വളര്‍ച്ച നേടിയപ്പോള്‍ നിഫ്റ്റി പൊതുമേഖലാ എന്റര്‍പ്രൈസ് സൂചികയുടെ നേട്ടം 79 ശതമാനത്തോളമാണ്. ബി.എസ്.ഇ പി.എസ്.യു സൂചികയിലെ മൂന്ന് ഓഹരികളില്‍ ഒന്ന് എന്ന കണക്കില്‍ 100 ശതമാനത്തില്‍ കുറയാത്ത നേട്ടവും നല്‍കി.
നിലവിലെ നിലവാരത്തിൽ നിന്ന് പൊതുമേഖലാ ഓഹരികള്‍ താഴേക്ക് പോകാനുള്ള സാധ്യത കുറവയാരിക്കും. എന്നാല്‍ അടുത്ത രണ്ട് മൂന്നു വര്‍ഷം ഈ നിലയില്‍ തന്നെ തുടര്‍ന്നേക്കാം. അതായത് ഉയർന്ന് നില്‍ക്കുന്ന ഓഹരികളില്‍ ടൈം കറക്ഷന്‍ സാധ്യതയുണ്ട്. എല്ലാ ഓഹരികളും കയറുന്ന സമയത്തും അതേ സ്ഥിതിയില്‍ തുടരുന്നതിനെയാണ് ടൈം കറക്ഷന്‍ എന്നു പറയുന്നത്.
പൊതുമേഖലാ ഓഹരികളില്‍ പലതും ഇപ്പോഴും ആകര്‍ഷകമാണെന്ന് പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ഇനിയും കയറാത്ത പൊതുമേഖലാ ഓഹരികളുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഓയില്‍ ആന്‍ഡ് ഗ്യാസ്
ഒ.എന്‍.ജി.സി, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ തുടങ്ങി ഈ മേഖലകളില്‍ മിക്ക കമ്പനികളും നിക്ഷേപകരുടെ ശ്രദ്ധയിലേക്ക് വന്നുതുടങ്ങുന്നതേ ഉള്ളൂ. ഇവയില്‍ ചിലതൊക്കെ ഉയര്‍ന്ന
ഡിവിഡന്‍ഡ് യീല്‍ഡ് നല്‍കുന്ന ഒറ്റയക്ക പി.ഇയിലുള്ള (
price-to-earnings/P/E) ഓഹരികളാണ്. വലിയ ക്യാഷ് ഫ്‌ളോയുള്ള, വളരെ പ്രാധാന്യമര്‍ഹിക്കുന്ന കമ്പനികളാണ് ഇവയെല്ലാം തന്നെ. ഒ.എന്‍.ജി.സിയെ പോലുള്ള കമ്പനികള്‍ മുന്‍കാലത്തേക്കാള്‍ വേഗത്തില്‍ വരുമാന വളര്‍ച്ച നേടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
അടുത്തിടെ ഒ.എന്‍.ജിസി ഓഹരികൾ പൊറിഞ്ചു വെളിയത്ത് വാങ്ങിയിരുന്നു. നിലവിലെ വിലയിലാണ് വാങ്ങിയതെന്നും ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ കാലത്തേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന
താണെന്നുമാണ് അദ്ദേഹം ഫെബ്രുവരി ഒന്നിന് ബജറ്റ് ദിനത്തില്‍ ഇക്കണോമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയത് .
പി.എസ്.യു ഓഹരികളുടെ സാധ്യത
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നേക്കുമെന്ന സൂചനകളും മികച്ച വളര്‍ച്ച കണക്കുകളുമൊക്കെയാണ് പി.എസ്.യു ഓഹരികളില്‍ അടുത്തിടെ മുന്നേറ്റമുണ്ടാക്കിയത്. പ്രതിരോധം, റെയില്‍വേ, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയിലും മികച്ച സാധ്യതകള്‍ കാണുന്നുണ്ടെന്ന് പൊറിഞ്ചു വെളിയത്ത് പറയുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി (2024-25) ഇടക്കാല ബജറ്റില്‍ എണ്ണക്കമ്പനികള്‍ക്ക് മൂലധന പിന്തുണയ്ക്കായി 15,000 കോടി രൂപയുടെ സഹായം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഊര്‍ജ മേഖലയ്ക്കുള്ള വിഹിതം ഇടക്കാല ബജറ്റില്‍ 79,616 കോടി രൂപയില്‍ നിന്ന് 93,200 കോടി രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ഇന്നലെ പവര്‍ഗ്രിഡ്, എന്‍.എച്ച്.പി.സി, എസ്.ജെ.വി.എന്‍, ഇന്ത്യന്‍ ഓയില്‍, ഗെയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഓയില്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു.