ഈ സ്‌മോള്‍ക്യാപ് ഓഹരിയില്‍ പങ്കാളിത്തം സ്വന്തമാക്കി പൊറിഞ്ചു വെളിയത്ത്; ₹35 കോടിയുടെ നിക്ഷേപം

കഴിഞ്ഞ നവംബറിൽ ലിസ്റ്റ് ചെയ്തതു മുതൽ ഓഹരിയുടെ നേട്ടം 55%
Porinju Veliyath, Equity Intelligence
Image Courtesy : Porinju Veliyath/FB
Published on

പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ് ഐ.ടി അനുബന്ധ കമ്പനിയായ പ്രോട്ടീന്‍ ഇ-ഗവ് ടെക്‌നോളജീസില്‍  (Protean eGov Technologies Ltd) ഓഹരി സ്വന്തമാക്കി. കമ്പനിയുടെ 0.7 ശതമാനം വരുന്ന ഓഹരികളാണ് ജൂൺ 18ന് ബി.എസ്.ഇയില്‍ ബള്‍ക്ക് ഡീല്‍ വഴി വാങ്ങിയത്. ഓഹരിയൊന്നിന് ശരാശരി 1,199.50 രൂപ മൂല്യം കണക്കാക്കിയാണ് ഓഹരി വാങ്ങിയിരിക്കുന്നത്. മൊത്തം 35.38 കോടി രൂപയുടേതാണ് ഇടപാട്. 

ദേശീയ തലത്തില്‍ നിര്‍ണായകമായ  പുതിയ ടെക്‌നോളജി സൊല്യൂഷനുകളുടെ ആശയം, വികസനം തുടങ്ങിയവ നടത്തുന്ന കമ്പനിയാണ് പ്രോട്ടീന്‍ ഇ-ഗവ് ടെക്‌നോളജീസ്. പൊതു അടിസ്ഥാന സൗകര്യ വികസനം, ഇ-ഗവേണന്‍സ് സൊല്യൂഷനുകള്‍ തുടങ്ങിയവയ്ക്കായി സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ ശ്രദ്ധ നേടിയിട്ടുള്ള കമ്പനിയാണിത്.

ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരിയില്‍ രണ്ട് ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.  2023 നവംബറിൽ പ്രാരംഭ ഓഹരി വിൽപ്പന (IPO) വഴി വിപണിയിൽ ലിസ്റ്റ് ചെയ്ത ശേഷം ഓഹരി ഇതു വരെ 55 ശതമാനം ഉയർന്നു. പൊറിഞ്ചു വെളിയത്ത് ഓഹരി വാങ്ങിയ ശേഷം ബുധനാഴ്ച കമ്പനിയുടെ ഓഹരി വില മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. ഇന്ന് 0.18 ശതമാനം ഇടിഞ്ഞ് 1,226.20 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

2023-24 സാമ്പത്തിക വർഷത്തിൽ പ്രോട്ടീൻ 882 കോടി രൂപയുടെ വരുമാനവും 97 രൂപയുടെ ലാഭവും രേഖപ്പെടുത്തി. നിലവിലെ ഓഹരി വില പ്രകാരം 4,960 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.

സ്‌മോള്‍ക്യാപ് ഓഹരികളോട് പ്രിയം

വളര്‍ച്ചാ സാധ്യതയുള്ള സ്‌മോള്‍ക്യാപ് ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതില്‍ അഗ്രഗണ്യനാണ് പൊറിഞ്ചു വെളിയത്ത്. നിരവധി നിക്ഷേപകര്‍ അദ്ദേഹത്തിന്റെ ഓഹരി തിരഞ്ഞെടുപ്പുകള്‍ സശ്രദ്ധം വീക്ഷിക്കാറുമുണ്ട്.

2024 മാര്‍ച്ചിലെ കണക്ക് പ്രകാരം ടാല്‍ എന്റര്‍പ്രൈസസ്, കേരള ആയുര്‍വേദ, ആര്‍.പി.എസ്.ജി വെഞ്ച്വേഴ്‌സ്, ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ്, ആരോ ഗ്രീന്‍ടെക്, സെന്റം ഇലക്ട്രോണിക്‌സ്, കൊകുയ കാംലിന്‍, ഓറിയന്റ് ബെല്‍, കായ, ഓറം പ്രോപ് ടെക്, അന്‍സാല്‍ ബില്‍ഡ്‌വെല്‍, എയോണ്‍എക്‌സ് ഡിജിറ്റല്‍ ടെക്‌നോളജി, പി.ജി ഫോസില്‍, മാക്‌സ് ഇന്ത്യ തുടങ്ങിയ കമ്പനികളിലാണ് പൊറിഞ്ഞു വെളിയത്തിന് നിക്ഷേപമുള്ളത്. ഒരു ശതമാനത്തില്‍ താഴെ നിക്ഷേപമുള്ള മറ്റ് ഓഹരികളും പോര്‍ട്ട്‌ഫോളിയോയില്‍ ഉണ്ടായേക്കാം. ഒരു ശതമാനത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ മാത്രമാണ് കമ്പനികള്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളിൽ വെളിപ്പെടുത്തേണ്ടതുള്ളു എന്നതിനാൽ അതിൽ താഴെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങൾ ലഭ്യമല്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com