പൊറിഞ്ചു വെളിയത്ത് ചില ഓഹരികളില്‍ വിഹിതം കുത്തനെ വെട്ടിക്കുറച്ചു രണ്ട് കമ്പനികളില്‍ പങ്കാളിത്തം കൂട്ടി, ജൂണ്‍ പാദത്തിലെ പോര്‍ട്ട്‌ഫോളിയോ മാറ്റങ്ങള്‍ ഇങ്ങനെ...

ജൂണ്‍ പാദത്തില്‍ പുതിയ ഓഹരികളൊന്നും പോര്‍ട്ട്‌ഫോളിയോയിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം
Porinju Veliyath, Equity Intelligence
Image Courtesy : Porinju Veliyath/FB
Published on

പ്രമുഖ വാല്യൂ ഇന്‍വെസ്റ്ററും ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ മേധാവിയുമായ പൊറിഞ്ചു വെളിയത്തിന് വിവിധ കമ്പനികളിലുള്ള ഓഹരി പങ്കാളിത്തത്തില്‍ ജൂണ്‍ പാദത്തില്‍ (Q1 FY27 / June 2026) കാര്യമായ മാറ്റം. ചില പ്രമുഖ കമ്പനികളില്‍ അദ്ദേഹം വിഹിതം വര്‍ധിപ്പിച്ചപ്പോള്‍, മറ്റ് ചിലതില്‍ നിക്ഷേപം കുറയ്ക്കുകയോ ഓഹരി പങ്കാളിത്തം ഒരു ശതമാനത്തിന് താഴേക്ക് എത്തിക്കുകയോ ചെയ്തിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള ധനകാര്യ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Geojit Fin Serv), കേരള ആയുര്‍വേദ (Kerala Ayurveda) തുടങ്ങിയ പ്രമുഖ കമ്പനികളുടെ ജൂണ്‍ പാദത്തിലെ ഏറ്റവും പുതിയ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ ഫയലിംഗുകള്‍ ഇനിയും പുറത്തുവരാനുമുണ്ട്. ജൂണ്‍ പാദത്തിലെ കണക്കനുസരിച്ച് മൊത്തം 231 കോടി രൂപയാണ് പൊറിഞ്ചുവെളിയത്തിന്റെ ഓഹരി പോര്‍ട്ട്‌ഫോളിയോ മൂല്യം.

രണ്ട് ഓഹരികളില്‍ നിക്ഷേപം കൂട്ടി

ജൂണ്‍ പാദത്തില്‍ രണ്ട് ഓഹരികളിലാണ് പൊറിഞ്ചു വെളിയത്ത് പങ്കാളിത്തം വര്‍ധിപ്പിച്ചത്. സുന്ദരം ബ്രേക്ക് ലൈനിംഗ്‌സില്‍ (SUNDARAM BRAKE LININGS) മുന്‍ പാദത്തില്‍ (മാര്‍ച്ച് 2026) 1.3 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം ജൂണ്‍ പാദത്തില്‍ 0.4 ശതമാനം വര്‍ധിപ്പിച്ച് 1.7 ശതമാനം ആയി ഉയര്‍ത്തി. കമ്പനിയുടെ 66,000 ഓഹരികളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ഇതിന്റെ നിലവിലെ മൂല്യം 5.5 കോടി രൂപയാണ്. 2024 ഡിസംബര്‍ മുതല്‍ ഡിസംബറില്‍ ആണ് ആദ്യമായി ഈ ഓഹരിയെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയത്.

ആര്‍ കെ സ്വാമി (R K Swamy) ഓഹരിയിലെ വിഹിതം മുന്‍ പാദത്തിലെ 1.2 ശതമാനത്തില്‍ നിന്ന് 0.2 ശതമാനം വര്‍ധിപ്പിച്ച് 1.4 ശതമാനം ആക്കി മാറ്റി. 7.3 കോടി രൂപ മൂല്യം വരുന്ന 7.25 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലാണ് പൊറിഞ്ചു വെളിയത്ത് ഈ ഓഹരിയില്‍ നിക്ഷേപം തുടങ്ങിയത്.

നിക്ഷേപം കുറച്ചത് ഈ ഓഹരികളില്‍

ടൈല്‍ നിര്‍മാണ കമ്പനിയായ ഓറിയന്റ് ബെല്ലില്‍ (Orient Bell) പൊറിഞ്ചു വെളിയത്ത് ഓഹരി പങ്കാളിത്തം കുറച്ചു. മുന്‍ പാദത്തില്‍ കമ്പനിയില്‍ 5 ശതമാനം ഓഹരികളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ജൂണ്‍ പാദത്തില്‍ ഇത് 0.4 ശതമാനം കുറഞ്ഞ് 4.7 ശതമാനം ആയി. എങ്കിലും പോര്‍ട്ട്‌ഫോളിയോയില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത് (മൂല്യം 21.2 കോടി രൂപ).

ചില കമ്പനികളില്‍ പൊറിഞ്ചുവിന്റെ ഓഹരി പങ്കാളിത്തം ആദ്യമായി ഒരു ശതമാനത്തിന് താഴേക്ക് (Below 1%) എത്തിയിട്ടുണ്ട്. സെബിയുടെ (SEBI) നിയമപ്രകാരം വ്യക്തിഗത നിക്ഷേപകരുടെ ഓഹരി വിഹിതം ഒരു ശതമാനത്തിന് താഴെയായാല്‍ കമ്പനികള്‍ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണില്‍ പേര് വെളിപ്പെടുത്താറില്ല. അതുകൊണ്ട് ഒരു ശതമാനത്തില്‍ താഴെ നിക്ഷേപമുള്ള കമ്പനികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമല്ല. അതേ പോലെ, ഈ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിച്ചിട്ടുണ്ടോ എന്നതും വ്യക്തമല്ല.

മുന്‍ പാദത്തില്‍ ഒരു ശതമാനം പങ്കാളിത്തമുണ്ടായിരുന്ന അന്‍സാല്‍ ഹൗസിംഗ് (Ansal Housing), അസോസിയേറ്റഡ് ആല്‍ക്കഹോള്‍സ് (Asosciated Alcohols) എന്നിവയിലെ നിക്ഷേപം ഇത്തരത്തില്‍ ഒരു ശതമാനത്തില്‍ താഴെയായതായാണ് സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപ വിവരങ്ങള്‍ ലഭ്യമാക്കുന്ന ട്രെന്‍ഡ്‌ലൈന്‍ വെ്‌സൈറ്റ് സൂചിപ്പിക്കുന്നത്.

അന്‍സാല്‍ ബില്‍ഡ്വെല്‍ (Ansal Buildwell) ഓഹരികളാണ് കഴിഞ്ഞ പാദത്തില്‍ വലിയ തോതില്‍ വിറ്റഴിച്ചിരിക്കുന്നത്. മാര്‍ച്ച്‌ പാദത്തില്‍ 2.8% പങ്കാളിത്തമുണ്ടായിരുന്നത് ഒരു ശതമാനത്തില്‍ താഴെയായിട്ടുണ്ട് ഇപ്പോള്‍.

മുന്‍ പാദത്തില്‍ 1.1% ഓഹരിയുണ്ടായിരുന്ന ഫ്രറ്റേലി വൈന്‍യാര്‍ഡ്‌സ് (Fratelli Vineyards), 1.4% വിഹിതമുണ്ടായിരുന്ന ആര്‍പിഎസ്ജി വെഞ്ചേഴ്‌സ് (RPSG Ventures) എന്നിവയാണ് വിഹിതം കുറച്ച മറ്റ് ഓഹരികള്‍.

കൊകുയോ കാംലിന്‍ (Kokuyo Camlin) എന്ന കമ്പനിയില്‍ അദ്ദേഹത്തിന്റെ ഓഹരി വിഹിതം മുന്‍ പാദത്തിലെ പോലെ മാറ്റമില്ലാതെ 1 ശതമാനമായി തന്നെ തുടരുന്നു. എം എം റബ്ബര്‍ കമ്പനിയില്‍ (M M Rubber Company) 1.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

പോര്‍ട്ട്‌ഫോളിയോയിലെ മറ്റ് ഓഹരികള്‍

ജിയോജിത് ഫിന്‍ സെര്‍വില്‍ (Geojit Fin Serv) മാര്‍ച്ച് പാദത്തില്‍ 1.4 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. നിലവില്‍ 32.0 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലുള്ളത്.

കേരള ആയുര്‍വേദയില്‍ (Kerala Ayurveda) മാര്‍ച്ച് പാദത്തില്‍ 3.5 ശതമാനം വിഹിതമുണ്ടായിരുന്നു. നിലവിലെ മൂല്യം 7.7 കോടി രൂപ.

താല്‍ ടെക് (TAAL Tech) ഓഹരിയില്‍ മുന്‍ പാദത്തില്‍ 1.7% ശതമാനം പങ്കാളിത്തമുണ്ടായിരുന്നു.

അപ്പോളോ സിന്ദൂരി ഹോട്ടല്‍സില്‍ (Apollo Sindoori Hotels) 2.4 ശതമാനവും (മൂല്യം 7.7 കോടി രൂപ) ഔറം പ്രോപ്‌ടെക് (Aurum Proptech) ഓഹരിയില്‍ 5.9 ശതമാനവും (മൂല്യം 106.8 കോടി രൂപ) ഡുറോപ്ലൈ ഇന്‍ഡസ്ട്രീസില്‍ (Duroply Industries) 5 ശതമാനവും പങ്കാളിത്തമാണ് മാര്‍ച്ച് പാദത്തിലെ വിവരങ്ങള്‍ അനുസരിച്ച് ഉണ്ടായിരുന്നത്.

ഇത് കൂടാതെ കായ (Kaya), മാക്‌സ് (Max), ഏയോണ്‍എക്‌സ് ഡിജിറ്റല്‍ (AeonX Digital) തുടങ്ങിയ ഓഹരികളിലും പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുണ്ട്.

ഈ കമ്പനികളുടെ ജൂണ്‍ പാദത്തിലെ കൃത്യമായ ഷെയര്‍ഹോള്‍ഡിംഗ് വിവരങ്ങള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com