ഓഹരികളില്‍ നിക്ഷേപിക്കുന്നത് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് പോലെ കാണണമെന്ന് പ്രമുഖ ഇൻവെസ്റ്റ്മെൻ്റ് വിദഗ്ധന്‍ പ്രശാന്ത് ജെയിന്‍

ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ക്ഷമയ്ക്കാണ് പ്രാധാന്യമെന്ന് പ്രമുഖ ഇൻവെസ്റ്റ്മെൻ്റ് വിദഗ്ധനായ പ്രശാന്ത് ജെയിന്‍. എറണാകുളം ലെ മെറിഡിയനില്‍ നടന്ന 7ാമത് ധനം ബി.എസ്.എഫ്.ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നെറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെന്‍സെക്സ് കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ 800 മടങ്ങാണ് വര്‍ധിച്ചത്. 100 പോയിന്റുകളില്‍ നിന്ന് 80,000 പോയൻ്റുകളിലാണ് സെന്‍സെക്സ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. നാലഞ്ച് വർഷത്തിനിടയിൽ സെൻസെക്സ് ലക്ഷമെന്ന മാന്ത്രിക അക്കത്തിലെത്തും.
രൂപയുടെ മൂല്യം വര്‍ധിക്കുന്നതുമായി ഇതിനെ ബന്ധപ്പെടുത്താവുന്നതാണ്.
സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരത പ്രകടിപ്പിക്കാന്‍ സാധിക്കും. പക്ഷെ, ഓഹരി വിപണി ചഞ്ചലമാണ്. നിക്ഷേപകന്‍ കൃത്യമായ നേട്ടം ഉറപ്പു നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കേണ്ടത് പ്രധാനമാണ്. ഹ്രസ്വകാല നേട്ടത്തിനല്ല, ദീര്‍ഘകാല നേട്ടത്തിനായിരിക്കണം നിക്ഷേപകന്‍ പ്രാധാന്യം നല്‍കേണ്ടത്. ഓഹരികള്‍ ഒരിക്കലും പരിഭ്രാന്തിയില്‍ വില്‍ക്കുന്നത് ശരിയല്ല. മികച്ച നേട്ടം നല്‍കുമെന്ന് ഉറപ്പുളളപ്പോഴാണ് ഓഹരികള്‍ വില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടത്.

വിദേശ നിക്ഷേപകര്‍

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഓഹരികള്‍
വിറ്റൊഴിയുന്നതു കണ്ട് ആഭ്യന്തര നിക്ഷേപകർ
ആശങ്കപ്പെടേണ്ടതില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം പോലുളള അന്താരാഷ്ട്ര പ്രശ്നങ്ങള്‍ മൂലമോ യു.എസ്, ചൈന രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നതിനുളള താല്‍പ്പര്യം മൂലമോ അവര്‍ ഇന്ത്യന്‍ ഓഹരികള്‍ വില്‍ക്കുന്നതായിരിക്കാം.
കഴിഞ്ഞ അഞ്ച്, ആറ് ആഴ്ചകളായി വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ ഓഹരികള്‍ വിറ്റൊഴിക്കുന്ന പ്രവണത കാണാം. ഇത് ആഭ്യന്തര നിക്ഷേപകരെ വലിയ തോതില്‍ സ്വാധീനിക്കേണ്ടതില്ലെന്നും പ്രശാന്ത് ജെയിന്‍ പറഞ്ഞു. പകരം ആഭ്യന്തര നിക്ഷേപകര്‍ മികച്ച ഓഹരികളില്‍ നിക്ഷേപിക്കാനുളള മികച്ച അവസരമായി ഇതിനെ കാണേണ്ടതാണ്. പ്രതിസന്ധികള്‍ ഉളളപ്പോഴാണ് നിക്ഷേപിക്കാനുളള മികച്ച അവസരം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ സുസ്ഥിരവും മികച്ച വളര്‍ച്ച പ്രകടിപ്പിക്കുകയും ചെയ്യുന്നു.

സ്വര്‍ണം

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതു പോലെ തന്നെ ഓഹരികളില്‍ നിക്ഷേപിക്കുമ്പോഴും ദീര്‍ഘകാല നേട്ടമാണ് കണക്കിലെടുക്കേണ്ടത്. മലയാളികള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വലിയ ആവേശമാണ് കാണിക്കാറുളളത്. സ്വര്‍ണം നമ്മള്‍ തലമുറകളായി കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്നു. അതുപോലെ ഓഹരികളില്‍ നിക്ഷേപിക്കുമ്പോഴും പതിറ്റാണ്ടുകളിലേക്കോ ദീര്‍ഘ കാലത്തേക്കോ നിക്ഷേപിക്കുന്നതാണ് നല്ലത്. മികച്ച പ്രകടനം നടത്തുന്ന ഭാവിയില്‍ സാധ്യതകളുളള കമ്പനികളുടെ ഓഹരികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തുന്നത് ഇന്ത്യക്ക് ഗുണമാണോ എന്നത് സംബന്ധിച്ച് വ്യക്തത കൈവരാന്‍ കുറച്ച് മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടതുണ്ട്. ട്രംപ് ഇന്ത്യക്കെതിരെ നെഗറ്റീവ് ആയ നടപടികള്‍ കൈകൊളളാന്‍ സാധ്യതയില്ലെന്ന് വിലയിരുത്താവുന്നതാണ്. ധാരാളം യു.എസ് കമ്പനികള്‍ ഇന്ത്യയില്‍ അവരുടെ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഒട്ടനവധി ഇന്ത്യക്കാരാണ് അമേരിക്കയില്‍ ജോലി ചെയ്യുന്നത്. ഇക്കാരണങ്ങളാല്‍ ഇരു രാജ്യങ്ങളിലും തമ്മില്‍ ക്രിയാത്മകമായ സഹകരണമായിരിക്കും ഉണ്ടാകുകയെന്നും പ്രശാന്ത് ജെയിന്‍ പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരിന് വിദേശ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഉളളത്. റഷ്യയിലെ പുടിനുമായും യുക്രെയ്നിലെ സെലന്‍സ്കിയുമായും ഒരുപോലെ ബന്ധം സൂക്ഷിക്കാന്‍ ഇന്ത്യക്കാകുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും ഇന്ത്യക്കാകുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ ആയതിനാല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് മികച്ച സമയമാണെന്നും പ്രശാന്ത് ജെയിന്‍ പറഞ്ഞു.
Related Articles
Next Story
Videos
Share it