സ്വർണ വില 2022 ൽ കുത്തനെ ഇടിയുമെന്ന പ്രവചനം; കാരണങ്ങൾ ഇവയാണ്

അമേരിക്കയിലെ ഹെഡ്ജ് ഫണ്ടുകൾ സ്വർണ വില താഴുമെന്ന പ്രതീക്ഷയിലാണ്. അവർ അവധി വ്യാപാരത്തിൽ ലോംഗ് കോൺട്രാക്ടുകൾ വിൽക്കുകയും ഷോർട്ട് കോൺട്രാക്ടുകൾ അധികമായി വാങ്ങുകയും ചെയ്തു. നവംബർ 14 വരെ ഉള്ള കണക്കനുസരിച്ച് സ്വർണ അവധി കോൺട്രാക്ടുകളിൽ ലോംഗ് പൊസിഷൻ 3575 കുറച്ചു എന്നാൽ പുതുതായി 13,749 ഷോർട്ട് കോൺട്രാക്ടുകൾ വാങ്ങുകയും ചെയ്തു.

2022 ൽ സ്വർണ്ണ വിലകൾ താഴുമെന്ന പ്രതീക്ഷയിലാണ് മിക്ക മാർക്കറ്റ് ഗവേഷണ സ്ഥാപനങ്ങളും. ഹോളണ്ടിലെ ബാങ്കിങ് സ്ഥാപനമായ എ എം ബി അംറോ സ്വർണ വിപണി 2022 ൽ തകരുമെന്ന പ്രവചനമാണ് നടത്തിയിരുക്കുന്നത്. അടുത്ത വർഷാവസാനത്തോടെ ഔൺസിന് 1500 ഡോളറായി വില ഇടിയുമെന്നും തുടർന്ന് 2023 ഡിസംബറോടെ വില 1300 ഡോളറായി കുറയുമെന്നും എ എം ബി അംറോ പ്രവചിക്കുന്നു.

അടുത്ത വർഷം അമേരിക്കയിൽ പണപ്പെരുപ്പം ഉയരുന്നത് തടയാനായി കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് മൂന്ന് പ്രാവശ്യം പലിശ നിരക്ക് വർധനവ് വരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വർണ വില ഒരു ഔൺസിന് 1800 ഡോളർ എത്തിയിട്ട് വീണ്ടും 1796 ലേക്ക് കുറഞ്ഞു.

പല കാരണങ്ങളാൽ സ്വർണ്ണ വിലയിൽ ചാഞ്ചാട്ടം ഉണ്ടാകാറുണ്ട്. അമേരിക്കൻ പലിശ നിരക്കുകൾ, യു എസ് ഡോളർ മൂല്യത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, അവധി വ്യാപാര വിപണിയിലെ നീക്കങ്ങൾ, സ്വർണ്ണ ഇ ടി എഫ് നിക്ഷേപ ഡിമാൻഡ്, സ്വർണ ആഭരണ ഡിമാൻഡ് തുടങ്ങിയവ.

2021 ൽ ഡോവ് ജോൺസ്‌ ഓഹരി സൂചിക 16 .17 % ഉയർന്നപ്പോൾ, സ്വർണ വില 5.78 ശതമാനം കുറഞ്ഞു, നിഫ്റ്റി 23 % , ബി എസ് സി സെൻസെക്സ് നിക്ഷേപകർക്ക് 21 % ആദായം നൽകി. ഓഹരി വിപണി ഉയരുമ്പോൾ സ്വർണ വില താഴുന്നത് പതിവാണ്. അടുത്ത വർഷം സ്വർണത്തിൽ നിന്ന് നിക്ഷേപകർക്ക് 12 -13 % ആദായം പ്രതീക്ഷിക്കാമെന്നും 16 % വില യിടിയുമെന്നും വ്യത്യസ്ത പ്രവചനങ്ങൾ വന്നിട്ടുണ്ട്.

Related Articles

Next Story

Videos

Share it