Begin typing your search above and press return to search.
ഐ.പി.ഒയ്ക്ക് ശേഷം മൂല്യ തകര്‍ച്ച, ഈ ടെക്ക് ഓഹരികള്‍ എന്ത് ചെയ്യണം?
കഴിഞ്ഞ വര്‍ഷം വലിയ പ്രതീക്ഷകളോടെ വന്ന ഐ.പി.ഒകള്‍ പലതും നിക്ഷേപകരെ നിരാശപ്പെടുത്തി. പല ഓഹരികളുടെയും വിപണി മൂല്യം (market capitalisation) കുത്തനെ ഇടിഞ്ഞു. നിലവിലെ ഓഹരി വിലയെ മൊത്തം ഓഹരികളുടെ എണ്ണം കൊണ്ട് ഗുണിച്ചാണ് വിപണി മൂല്യം കണക്കാക്കുന്നത്. ഇതില്‍ ആറ് ഓഹരികളില്‍ ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഉയരുന്നുണ്ട്. ഓഹരികളിലും വില മുന്നേറ്റമുണ്ട്. നാലാം പാദഫലങ്ങള്‍ വന്ന പശ്ചാത്തലത്തില്‍ ഈ ഓഹരികളുടെ സാധ്യതകള്‍ നോക്കാം:
1. പി.ബി ഫിന്‍ടെക്ക് (PB Fintech): ഇന്‍ഷുറന്‍സും വായ്പകളും ഓണ്‍ലൈനായി വിതരണം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് പി.ബി ഫിന്‍ടെക്ക് (പോളിസി ബസാര്‍, പൈസ ബസാര്‍). വിപണി മൂല്യത്തില്‍ ഐ.പി.ഒക്ക് ശേഷം 39 ശതമാനം ഇടിവ് ഉണ്ടായി. നിലവില്‍ 26,844 കോടി രൂപയാണ് വിപണി മൂല്യം. ഈ വര്‍ഷം മാര്‍ച്ചില്‍ ഓഹരി വില 638 രൂപ വരെ ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് മാസത്തില്‍ 42 ശതമാനം ആദായം നല്‍കി. നാലാം പാദ സാമ്പത്തിക ഫലം പുറത്തുവന്നിട്ടില്ല. 2022 -23 ഡിസംബര്‍ വരെ കാലയളവില്‍ മികച്ച വരുമാന വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. പ്രീമിയം വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പരസ്യ, പ്രചാരണ ചെലവുകള്‍ വര്‍ധിച്ചിട്ടുണ്ട്. സാങ്കേതികമായി 585 രൂപയില്‍ ഓഹരിക്ക് പിന്തുണ (support) ഉണ്ട്, പ്രതിരോധം (resistance) 624 ല്‍. നിക്ഷേപകര്‍ക്ക് നിര്‍ദേശങ്ങള്‍ ഇല്ല.
2. സൊമാറ്റോ (Zomato): ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ വിപണി മൂല്യത്തില്‍ 13.92 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്, നിലവില്‍ 55,948 കോടി രൂപയാണ് വിപണി മൂല്യം. മ്യൂച്വല്‍ ഫണ്ടുകളും ചില്ലറ നിക്ഷേപകരും ഈ ഓഹരി വാങ്ങുന്നത് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ 21 ശതമാനം ആദായം നല്‍കിയിട്ടുണ്ട്. സാങ്കേതികമായി ഓഹരി ബുള്ളിഷാണ്. 61 രൂപയില്‍ പിന്തുണയും 69.10 യില്‍ പ്രതിരോധവും ഉണ്ട്. മോട്ടിലാല്‍ ഒസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് കഴിഞ്ഞ മാസം ഈ ഓഹരി വാങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു -ലക്ഷ്യ വില 70 രൂപ. ഇപ്പോള്‍ വില 65.41 രൂപ. ഭക്ഷ്യ വിതരണ ബിസിനസ് 2024 -25 കാലയളവില്‍ 19 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിക്ഷേപകര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ ഇല്ല.
3. ഡല്‍ഹി വെറി (Delhivery): ഈ ഓഹരിയുടെ വിപണി മൂല്യം 35 ശതമാനം കുറഞ്ഞ് 35,265 കോടി രൂപയായി. മ്യൂച്വല്‍ ഫണ്ടുകള്‍ ഈ ഓഹരിയിലെ നിക്ഷേപം 1.51 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി വെറി നേരിടുന്ന പ്രധാന വെല്ലുവിളകള്‍ ഇ-കൊമേഴ്സ് വിതരണത്തില്‍ വിപണി വിഹിതം കുറഞ്ഞതും 2021 ല്‍ മറ്റൊരു കമ്പനിയായ സ്‌പോട്ടോണ്‍ ലോജിസ്റ്റിക്‌സ് ഏറ്റെടുത്തതു മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതുമാണ്. ഇ-കൊമേഴ്സ് വിതരണത്തില്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയുമായി കടുത്ത മത്സരം നില്‍ക്കുന്നുണ്ട്. ഡല്‍ഹി വെറി ഓഹരി വില ഏപ്രില്‍ മാസം 378 രൂപവരെ ഉയര്‍ന്നു. സാങ്കേതികമായി 335 രൂപയില്‍ പിന്തുണയും 377 ല്‍ പ്രതിരോധവുമുണ്ട്. നിക്ഷേപകര്‍ക്ക് നിര്‍ദേശങ്ങളില്‍ ഇല്ല.
4.വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് (One 97 Communications): യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന പേ.ടി.എം ആരംഭിച്ച കമ്പനിയാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്. ഐ.പി.ഒയ്ക്ക് ശേഷം വിപണി മൂല്യം 68 ശതമാനം ഇടിഞ്ഞ് 43,702 കോടി രൂപയായി. കഴിഞ്ഞ മൂന്ന് മാസത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ട്. 52 ആഴ്ചത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് 50 ശതമാനം മുന്നേറി. യു.പി.ഐ ഇടപാടുകാരുടെ എണ്ണം വര്‍ധിച്ചത് കമ്പനിയുടെ വായ്പ ബിസിനസ് മെച്ചപ്പെടുത്താനും സഹായിച്ചു. 2024 -25 ല്‍ പലിശക്കും നികുതിക്കും മുന്‍പുള്ള ആദായത്തില്‍ (EBITDA ) ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥ (break even) കൈവരിക്കും. ഏപ്രില്‍ 20 ന് മോട്ടിലാല്‍ ഒസ്വാള്‍ വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു-ലക്ഷ്യ വില 865, നിലവില്‍ 689. മ്യൂച്വല്‍ ഫണ്ടുകള്‍ ഈ ഓഹരിയിലെ നിക്ഷേപം 2.71 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.
5. കാര്‍ട്രേഡ് ടെക്ക് (CarTrade Tech): ഈ ഓഹരിയുടെ വിപണി മൂല്യം 72 ശതമാനം ഇടിഞ്ഞ് 2037 കോടി രൂപയായി. കഴിഞ്ഞ മൂന്ന് മാസത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ട്. മാര്‍ച്ച് പാദത്തില്‍ അറ്റ വില്‍പ്പന 2.92 ശതമാനം വര്‍ധിച്ചു. അറ്റാദായം 158 ശതമാനം വര്‍ധിച്ച് 14.96 കോടി രൂപയായി. പുതിയതും ഉപയോഗിച്ചതുമായ കാറുകള്‍ വില്‍ക്കാന്‍ സഹായിക്കുന്ന സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് കാര്‍ ട്രേഡ് -കാര്‍ വാലെ, ബൈക് വാലെ, കാര്‍ ട്രേഡ് തുടങ്ങിയ ബ്രാന്‍ഡുകളിലാണ് സേവനങ്ങള്‍ നല്‍കുന്നത്. ഓഹരി മാര്‍ച്ച് അവസാനത്തിന് ശേഷം മുന്നേറുന്നുണ്ട്. നിക്ഷേപകര്‍ക്ക് നിര്‍ദേശങ്ങള്‍ ഇല്ല.
6. എഫ്.എസ്.എന്‍ ഇ-കൊമേഴ്സ് വെഞ്ചേര്‍സ് (നൈക): ഈ ഓഹരിയുടെ വിപണി മൂല്യം 30.44 ശതമാനം ഇടിഞ്ഞ് 36981 കോടി രൂപയിലെത്തി. ഓഹരി വിലയില്‍ കാര്യമായ മുന്നേറ്റമില്ല. മ്യൂച്വല്‍ ഫണ്ടുകള്‍ ഈ ഓഹരിയിലെ നിക്ഷേപം ഒരു ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ നടന്ന ഇടപാടുകള്‍ ഈ ഓഹരിയെ ഉയര്‍ത്താന്‍ സഹായിച്ചു. ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ കമ്പനിയില്‍ നിന്ന് പിരിഞ്ഞു പോയത് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. സൗന്ദര്യ വര്‍ധക, പേര്‍സണല്‍ കെയര്‍ വിഭാഗത്തില്‍ മികച്ച വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിദേശ പോര്‍ട്ടഫോളിയോ നിക്ഷേപകര്‍ ഈ ഓഹരിയിലെ നിക്ഷേപം 12 .26 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. സാങ്കേതികമായ പിന്തുണ 124 രൂപയിലും പ്രതിരോധം 135 ലും. നിക്ഷേപകര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ ഇല്ല.
(Equity investing is subject to market risk. Always do your own research before investing)
Next Story
Videos