വിപണിയില്‍ തിരുത്തല്‍ തുടരുമോ, നിക്ഷേപകര്‍ എന്ത് ചെയ്യണം? പ്രിന്‍സ് ജോര്‍ജ് പറയുന്നു

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കമോഡിറ്റിയിലുണ്ടായ വില വര്‍ധനവിനെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന പണപ്പെരുപ്പം സര്‍വമേഖലയിലും പ്രതിഫലിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഓഹരി-ക്രിപ്‌റ്റോ വിപണികളില്‍. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍നിന്ന് ഉയര്‍ന്നുവന്ന വിപണികള്‍ ഈയടുത്തായി വീണ്ടും താഴ്ചകളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍, പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്ക് വര്‍ധനവും തീരുവ വെട്ടിക്കുറയ്ക്കലടക്കമുള്ള നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വരും മാസങ്ങളിലും പണപ്പെരുപ്പ നിരക്ക് വര്‍ധന തുടരുമെന്ന് ചില വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ വിപണി തിരുത്തല്‍ തുടരുമോ, നിക്ഷേപകര്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ഓഹരി വിപണി വിദഗ്ധനും ഡിബിഎഫ്എസ് സെക്യൂരിറ്റീസിന്റെ സിഇഒയുമായ പ്രിന്‍സ് ജോര്‍ജ് പറയുന്നത് എന്താണെന്ന് നോക്കാം.

ഓഹരി വിപണിയിലെ ഇടിവ് തുടരുമോ?
പണപ്പെരുപ്പം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വരും നാളുകളില്‍ ഓഹരി വിപണി ദുര്‍ബലമാവുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇത് മുമ്പ് ധനത്തില്‍ വ്യക്തമാക്കിയതുമാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുമോ എന്നത് ഉറപ്പിച്ച് പറയാനാകില്ല. എന്നിരുന്നാലും വിപണിയില്‍ പെട്ടെന്നൊരു അപ്‌ട്രെന്‍ഡിന് സാധ്യതയില്ല.
വരും മാസങ്ങളില്‍ പണപ്പരുപ്പം ഉയരാന്‍ സാധ്യതയുണ്ട്, കോവിഡ് ഭീതിയുമുണ്ട്. ഇത് ചിലപ്പോള്‍ വീണ്ടും വിപണിയെ വീണ്ടും തിരുത്തലിലേക്ക് നയിച്ചേക്കാം.
നിക്ഷേപകര്‍ എന്ത് ചെയ്യണം?
ഒരു ഇന്‍വെസ്റ്റ്‌മെന്റ് എന്ന രീതിയിലാണ് നിക്ഷേപകര്‍ ഓഹരി വിപണിയെ കാണേണ്ടത്. ഒരു താഴ്ചയുണ്ടായാല്‍ ഉയര്‍ച്ചയുമുണ്ടാകും. അതുകൊണ്ട് തന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ എന്നും നേട്ടം സമ്മാനിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ച് മാറിനില്‍ക്കേണ്ട സാഹചര്യമില്ല. വിപണിയില്‍ ആശ്വാസറാലിയുണ്ടാകുമ്പോഴാണ് ഓഹരികള്‍ വിറ്റ് മാറേണ്ടത്.
വളരെ അച്ചടക്കത്തോടെയും ക്ഷമയോടെയും മാത്രമേ ഓഹരി വിപണിയെ സമീപിക്കാന്‍ പാടുള്ളൂ. തിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ നല്ല പൊട്ടെന്‍ഷ്യലുള്ള കമ്പനികള്‍ തെരഞ്ഞെടുത്ത് നിക്ഷേപകര്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ മികച്ചതാക്കുകയാണ് ചെയ്യേണ്ടത്.
പണപ്പെരുപ്പം ഏതൊക്കെ കമ്പനികളെ ബാധിക്കും?
പണപ്പെരുപ്പം കുത്തനെ ഉയരുന്നത് ഓഹരി വിപണിയിലെ എല്ലാ മേഖലകളിലും പ്രതിഫലിക്കും. പ്രത്യേകിച്ച് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ മേഖലകളില്‍. പലിശനിരക്ക് ഉയര്‍ത്തുന്നത് കാരണം തുടക്കത്തില്‍ ബാങ്കുകള്‍ക്കും ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഗുണമാകുമെങ്കിലും പിന്നീട് അധികബാധ്യതകള്‍ കാരണം ഉപഭോക്താക്കള്‍ കുറയാനും പലിശ നിരക്ക് വര്‍ധന തിരിച്ചടിയാകാനും സാധ്യതയുണ്ട്.
എല്‍ഐസി നിക്ഷേപകര്‍ എന്ത് ചെയ്യണം?
മികച്ച പൊട്ടെന്‍ഷ്യലുള്ള കമ്പനിയാണ് എല്‍ഐസി. നല്ല വളര്‍ച്ചയുള്ള മേഖലയിലെ, അതായത് ഇന്‍ഷുറന്‍സ് രംഗത്തെ പ്രധാന കമ്പനി കൂടിയാണത്. വിപണിയുടെ ചാഞ്ചാട്ടത്തില്‍ എല്‍ഐസിയുടെ ഓഹരി വില 700ന് താഴെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പരമാവധി 750-800 രൂപയ്ക്കടുത്ത് വരെ ഓഹരി വില താഴ്‌ന്നേക്കുമെന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപകരും ഇപ്പോള്‍ സംശയത്തിലാണ്. എന്നിരുന്നാലും വിപണി ഉയരുമ്പോള്‍ എല്‍ഐസിയുടെ ഓഹരി വില 1100-1200 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്, പെട്ടെന്നൊരു ഉയര്‍ച്ചയില്ലെങ്കില്‍ കൂടി.


Related Articles

Next Story

Videos

Share it