സ്വകാര്യ ബാങ്ക് ഓഹരികളിൽ കടുത്ത വിൽപ്പന സമ്മർദം; രൂപയിലും മൂല്യത്തകർച്ച; ഇന്ത്യൻ വിപണി വീണ്ടും താഴേക്ക്

ക്രൂഡ് ഓയിൽ ഉയർന്ന നിലയിൽ തുടരുന്നതും വിപണിയുടെ ആശങ്ക വർധിപ്പിച്ചു
Stock Market Fall Analysis
പ്രതീകാത്മക ചിത്രംImage Source: Canva
Published on

ക്രൂഡ് ഓയിൽ വിലക്കയറ്റവും ആഭ്യന്തര വാണിജ്യ ബാങ്കുകളുടെ വിദേശനാണ്യ സമാഹരണം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതും ഇന്ന് (ജൂലൈ 20) ഇന്ത്യൻ ഓഹരി വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു. ബെഞ്ച്മാർക്ക് സൂചികകളായ ബി.എസ്.ഇ സെൻസെക്സ് 77,445-ഉം എൻ.എസ്.ഇ നിഫ്റ്റി 24,150-ഉം വരെ താഴ്ന്നിട്ട് നഷ്‌ടം അൽപം കുറച്ചു. ബാങ്ക്, ധനകാര്യ ഓഹരികളിലെ ഇടിവാണ് ഇന്നു വിപണിയെ വലിയ താഴ്ചയിലാക്കിയത്.

പ്രമുഖ സ്വകാര്യ ബാങ്കുകളുടെ ഒന്നാം സാമ്പത്തികപാദ പ്രവർത്തനഫലത്തിന് ശേഷം ബ്രോക്കറേജുകൾ ഓഹരികളുടെ ലക്ഷ്യവില ഉയർത്തുകയും വാങ്ങൽ ശിപാർശ നൽകുകയും ചെയ്തു. പക്ഷേ ഓഹരികൾ ഇന്ന് ഇടിയുകയാണു ചെയ്തത്. വിദേശ കറൻസി നിക്ഷേപങ്ങളിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടാകില്ല എന്നു വ്യക്തമായതാണു ബാങ്കുകളെ താഴ്‌ത്തിയ പ്രധാന കാര്യം.

ഓഹരി വാർത്തകൾ

നടപ്പ് സാമ്പത്തിക വർഷത്തിലെ (FY27) ഒന്നാം പാദഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനെ തുടർന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി അഞ്ചു ശതമാനത്തിലധികം താഴ്ചയിലായി. ബാങ്കിനു വിദേശ ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റൈൻ 1,150 രൂപ ലക്ഷ്യവില നിർണയിച്ചിരുന്നു. അതുപോലെ ആക്സിസ് ബാങ്ക് ഓഹരിക്ക് ജെഫറീസ് ലക്ഷ്യവില 1,700 രൂപയായി ഉയർത്തി നിർണയിച്ചു. പക്ഷേ, തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ഇതിന്റെ ഓഹരി വില അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

ഐ.സി.ഐ.സി.ഐ ബാങ്കിൻ്റെ ലക്ഷ്യവില 1,700 രൂപയായി നിശ്ചയിച്ച നൊമുറ ഓഹരിക്ക് വാങ്ങൽ ശിപാർശ നൽകി. ഇന്ന് തുടക്കത്തിൽ ഓഹരി വില 1.5 ശതമാനം ഉയർന്നുവെങ്കിലും വ്യാപാരം പുരോ​ഗമിക്കവേ നേട്ടം മുഴുവൻ നഷ്‌ടപ്പെടുത്തി. അതുപോലെ ഒന്നാം പാദഫലത്തെ തുടർന്നു കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി നാലു ശതമാനം ഇടിഞ്ഞു. മികച്ച പ്രവർത്തന ഫലത്തെ തുടർന്നു കഴിഞ്ഞ ദിവസം റെക്കോഡ് ഉയരത്തിൽ എത്തിയ ഫെഡറൽ ബാങ്ക് ഓഹരി ഇന്ന് രാവിലെ 0.66 ശതമാനം താഴ്ന്നു.

ഒന്നാം പാദഫലത്തെ തുടർന്ന് ആ​ഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്, റിലയൻസ് ഇൻഡസ്ട്രീസിന്റെ ലക്ഷ്യവില 1,870 രൂപയിലേക്ക് ഉയർത്തി. ഇന്ന് രാവിലെ ഓഹരി വില ഒരു ശതമാനം ഉയർന്നു. സമാനമായി ജെ.എസ്.ഡബ്ല്യൂ. സ്‌റ്റീലിന് ഗോൾഡ്മാൻ സാക്സ് 1,525 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി വില ഒരു ശതമാനം കയറി.

ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ ഇന്ന് ഒരു ശതമാനത്തോളം താഴ്ന്നു. എണ്ണ ഉൽപാദകരായ ഒ.എൻ.ജി.സിയും ഓയിൽ ഇന്ത്യയും രണ്ടു ശതമാനം ഉയർന്നു. വ്യോമയാന കമ്പനി ഇൻ്റർ ഗ്ലോബ് ഏവിയേഷനും സ്‌പൈസ് ജെറ്റും രണ്ടു ശതമാനത്തോളം താഴ്ന്നു.

കരുത്താർജിച്ച് ഡോളർ

രൂപ ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളറിന്റെ വിനിയമ നിരക്ക് 13 പൈസ കൂടി 96.41 രൂപയിൽ ഓപ്പൺ ചെയ്തു. തുടർന്ന് ഡോളറിന്റെ മൂല്യം 96.47 രൂപ വരെ ഉയർന്നു. വിദേശനാണ്യം സമാഹരിക്കാൻ ബാങ്കുകൾ എഫ്.സി.എൻ.ആർ-ബി) നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശയും വായ്പാ സൗകര്യവും ഓഫർ ചെയ്തെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഡോളർ മൂല്യം ഇനിയും കയറുമെന്നാണു സൂചന.

സ്വർണ വില ലോകവിപണിയിൽ ഔൺസിന് 4,025 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ വർധിച്ച് 1,05,200 രൂപയായി. ക്രൂഡ് ഓയിൽ വില ഇന്നത്തെ വ്യാപാരത്തിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 90.10 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 84.35 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com