

ആഗോള വിപണികളില്‍ ഉണര്‍വ് പ്രകടമായിരുന്നിട്ടും ലാഭമെടുപ്പും ഭൗമരാഷ്ട്രീയ ആശങ്കകളും കാരണം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വെനസ്വേലന്‍ പ്രസിഡന്റിനെ യുഎസ് സൈന്യം പിടികൂടിയതിനെത്തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങളും റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് നല്‍കിയ മുന്നറിയിപ്പുമാണ് വിപണിയെ സ്വാധീനിച്ചത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം, ആഗോള വിപണികള്‍ വെനസ്വേലന്‍ സംഭവവികാസങ്ങളെ കാര്യമായി ബാധിക്കാതെ മുന്നേറി. ജപ്പാനിലെ നിക്കി (Nikkei), കൊറിയയിലെ കോസ്പി (Kospi) എന്നിവ 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ജര്‍മ്മനിയിലെ ഡാക്‌സ് (DAX), യുകെയിലെ എഫ്ടിഎസ്ഇ (FTSE) എന്നിവയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
സെന്‍സെക്‌സ് 322 പോയിന്റ് (0.38%) ഇടിഞ്ഞ് 85,439.62 എന്ന നിലയില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 78 പോയിന്റ് (0.30%) നഷ്ടത്തില്‍ 26,250.30 ല്‍ വ്യാപാരം അവസാനിപ്പിച്ചു. മിഡ്ക്യാപ് സൂചിക 0.16 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.53 ശതമാനം മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഐടി ഓഹരികള്‍ വിപണിയെ താഴേക്ക് വലിച്ചപ്പോള്‍ ഡിഫന്‍സ്, എഫ്എംസിജി, റിയല്‍റ്റി ഓഹരികള്‍ നേട്ടമുണ്ടാക്കി.
എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ മുന്‍നിര ഓഹരികളില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതാണ് സൂചികകളെ താഴേക്ക് നയിച്ചത്. മൂന്നാം പാദ സാമ്പത്തിക ഫലങ്ങള്‍ വരാനിരിക്കുന്നതും നിക്ഷേപകരെ ജാഗരൂകരാക്കി.
വെനസ്വേലയിലെ എണ്ണ മേഖലയുമായി ബന്ധപ്പെട്ട പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ ഊര്‍ജ മേഖലയിലെ ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി എന്നീ കമ്പനികളുടെ ഓഹരികളില്‍ രാവിലെ മികച്ച മുന്നേറ്റത്തിന് ഇടയാക്കി. പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉപരോധങ്ങള്‍ നീങ്ങുന്നതിനും എണ്ണ വിതരണം പുനരാരംഭിക്കുന്നതിനും വഴിയൊരുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഊര്‍ജ്ജ ഭീമന്മാര്‍ക്ക് കരുത്തായത്.
റിലയന്‍സ് ഓഹരികള്‍ വ്യാപാരത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഒരുശതമാനത്തിലധികം ഉയര്‍ന്ന് പുതിയ 52 ആഴ്ചയിലെ റെക്കോര്‍ഡ് നിലവാരത്തിലെത്തി. ഓഹരി വില 1,600 രൂപയ്ക്ക് മുകളിലെത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം 22 ലക്ഷം കോടി രൂപയ്ക്ക് അടുത്താവുകയും ചെയ്തു.
ഒഎന്‍ജിസി ഓഹരികള്‍ രാവിലെ 2 ശതമാനത്തോളം ഉയര്‍ന്നു. ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ ഓഹരികളും പോസിറ്റീവ് ട്രെന്‍ഡിലാണ് വ്യാപാരം നടത്തിതെങ്കിലും പിന്നീട് താഴേക്ക് പോയി. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന ട്രംപിന്റെ താക്കീത് പിന്നീട് ഊര്‍ജ ഓഹരികളെ ഇടിവിലാക്കി.
സെന്‍സെക്‌സ് ഓഹരികളില്‍ നെസ്ലെ ഇന്ത്യ, ഭാരത് ഇലക്ട്രോണിക്‌സ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍ എന്നിവ സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കി. അതേസമയം, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ് എന്നിവ നഷ്ടം രേഖപ്പെടുത്തി.
ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഐടി ഓഹരികളുടെ റേറ്റിംഗ് കുറച്ചതിനെത്തുടര്‍ന്ന് നിഫ്റ്റി ഐടി സൂചിക 1.5% ഇടിഞ്ഞു. വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ വമ്പന്മാര്‍ ഇടിവ് നേരിട്ടു.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ 2 ശതമാനത്തിലധികം ഇടിഞ്ഞത് ബാങ്ക് നിഫ്റ്റിയെ ബാധിച്ചു. സൂചിക 107 പോയിന്റ് താഴ്ന്ന് 60,044-ല്‍ എത്തി. യൂണിയന്‍ ബാങ്ക് (3%) മികച്ച പ്രകടനം നടത്തി.
ബജറ്റില്‍ കൂടുതല്‍ വിഹിതം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഡിഫന്‍സ് ഓഹരികളില്‍ വാങ്ങല്‍ താല്പര്യം കൂടി. ഭാരത് ഇലക്ട്രോണിക്‌സ് 3 ശതമാനം ഉയര്‍ന്നു. മികച്ച മൂന്നാംപാദ അപ്ഡേറ്റുകളുടെ കരുത്തില്‍ നെസ്ലെ ഇന്ത്യയും 3 ശതമാനം നേട്ടമുണ്ടാക്കി.
ഡിസംബറിലെ മികച്ച വില്‍പന കണക്കുകള്‍ പുറത്തുവന്നതോടെ ഐഷര്‍ മോട്ടോഴ്സും മാരുതി സുസുക്കിയും റെക്കോര്‍ഡ് ഉയരത്തിലെത്തി. റിയല്‍റ്റി മേഖലയില്‍ ലോധ ഗ്രൂപ്പും പ്രസ്റ്റീജ് ഗ്രൂപ്പും മികച്ച മുന്നേറ്റം നടത്തി.
ഓല ഇലക്ട്രിക് ഓഹരി വിലയിലെ കുതിപ്പ് ഇന്നും തുടര്‍ന്നു, 8 ശതമാനമാണ് ഇന്നത്തെ നേട്ടം.
കഴിഞ്ഞ സെഷനിലെ നേട്ടം തുടര്‍ന്ന SJVN ഓഹരി 6 ശതമാനം കൂടി വര്‍ധിച്ചു. വോള്‍ട്ടാസ്, ആംബര്‍ എന്റര്‍പ്രൈസസ് തുടങ്ങിയ എസി കമ്പനി ഓഹരികള്‍ 3മുതല്‍ 5 ശതമാനം വരെ നേട്ടമുണ്ടാക്കി.
പ്രീമിയര്‍ എനര്‍ജീസ്, വാരി എനര്‍ജീസ് എന്നിവയുടെ ഓഹരികള്‍ ഇന്ന് 5 മുതല്‍ 7 ശതമാനം വരെ ഇടിഞ്ഞു.
കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കുകളായ സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ ഓഹരി വിലകള്‍ ഇന്ന് വലിയ മുന്നേറ്റം നടത്തി. സിഎസ്ബി ബാങ്ക് ഓഹരി വില ഇന്ന് 574.40 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡുമിട്ടു. 13.73 ശതമാനം ഉയര്‍ന്ന് 549.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2025 ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാം പാദത്തിലെ മികച്ച ബിസിനസ് കണക്കുകള്‍ പുറത്തുവിട്ടതാണ് നിക്ഷേപകരെ ആവേശത്തിലാക്കിയത്. സ്വര്‍ണപ്പണയ വായ്പകളിലെ വന്‍ വളര്‍ച്ചയാണ് സി.എസ്.ബി ബാങ്ക് ഓഹരിക്ക് കരുത്തായത്. ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം മെച്ചപ്പെട്ടതും ആസ്തി ഗുണമേന്മ നിലനിര്‍ത്തുന്നതും നിക്ഷേപകര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിച്ചു.
ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില ഇന്ന് 6 ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു. വ്യാപാരത്തിനിടെ ഓഹരി വില 26.95 രൂപ വരെ ഉയര്‍ന്നിരുന്നു. ഡിസംബര്‍ പാദത്തിലെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.76 ശതമാനം വര്‍ധിച്ച് 31,933 കോടി രൂപയിലെത്തി. നിക്ഷേപം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.39 ശതമാനം വര്‍ധനയോടെ 17,839 കോടി രൂപയായി. കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 9.04 ശതമാനം ഉയര്‍ന്ന് 5,018 കോടി രൂപയിലെത്തി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില മൂന്ന് ശതമാനത്തിനടിത്ത് ഉയര്‍ന്നു. അതേസമയം, ഫെഡറല്‍ ബാങ്ക് ഓഹരി വില ഇന്ന് ഒരു ശതമാനത്തിലധികം ഇടിവിലായിരുന്നു.
ബാങ്കുകളെ മാറ്റിനിര്‍ത്തിയാല്‍ മുത്തൂറ്റ് മൈക്രോ ഫിന്‍ ആണ് നേട്ടത്തില്‍ മുന്നിലുള്ള കേരള കമ്പനി ഓഹരി. എട്ടു ശതമാനത്തിനടുത്താണ് ഓഹരിയുടെ മുന്നേറ്റം. സ്‌കൂബി ഡേ ഗാര്‍മെന്റ്, പോപ്പുലര്‍ വെഹിക്കിള്‍സ്, കെ.എസ്.ഇ എന്നിവയും മോശല്ലാത്ത പ്രകടനം താഴ്ച വച്ചു.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈലാണ് ഇന്ന് നഷ്ടത്തില്‍ മുന്നിലുള്ള ഓഹരി. അഞ്ച് ശതമാനത്തോളമാണ് ഇടിവ്. സഫ സിസ്റ്റംസ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ്, പാറ്റ്‌സ്പിന്‍, യൂണിറോയല്‍ മറൈന്‍ എന്നിവയും വലിയ ഇടിവ് രേഖപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine