പൊറിഞ്ചു വെളിയത്ത് പുതിയതായി നിക്ഷേപിച്ച ഓഹരികള്‍
പ്രമുഖ നിക്ഷേപകനും ഓഹരി ഉപദേശകനുമായ പൊറിഞ്ചു വെളിയത്ത് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രണ്ട് കമ്പനികളിലാണ് പുതുതായി നിക്ഷേപം നടത്തിയത്. സ്റ്റേഷനറി നിർമാണ - വിതരണ കമ്പനിയായ കോകുയോ കാംലിനും ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണകമ്പനിയായ സെന്റം ഇലക്ട്രോണിക്‌സുമാണ് ഇത്. മാര്‍ക്കറ്റ് റിസര്‍ച്ച് വെബ്‌സൈറ്റായ ട്രെന്‍ഡ്‌ലൈനിന്റെ ഡേറ്റ അനുസരിച്ച് ഇരു കമ്പനികളിലും ഒരു ശതമാനം വീതം ഓഹരി പങ്കാളിത്തമാണ് ജൂണില്‍ അവസാനിച്ച പാദത്തില്‍ പൊറിഞ്ചുവെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
കോകുയോ കാംലിന്‍
കഴിഞ്ഞ ആറ് മാസത്തിനിടെ 110.6 ശതമാനം ഉയര്‍ച്ചയാണ് കമ്പനിയുടെ ഓഹരികള്‍ നേടിയത്. ഈ വര്‍ഷം ഇതു വരെ 72.98 ശതമാനവും. ഇന്ന് 3.77 ശതമാനം ഇടിഞ്ഞ് 147.90 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 144.44 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. ഈ വര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ നേട്ടം 103.70 ശതമാനവും. ഇന്ന് 4.55 ശതമാനം ഉയര്‍ന്ന് 1,440.60 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം ഒരു ശതമാനത്തില്‍ കൂടുതല്‍ പങ്കാളിത്തമുള്ള 18 ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് കൈവശം വച്ചിരിക്കുന്നത്. ഇതിന്റെ മൂല്യം 207.2 കോടി രൂപ വരും. ഒരു ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള ഓഹരിയുടമകളുടെ വിവരങ്ങളാണ് കമ്പനികള്‍ പുറത്തുവിടുന്നത്. അതിനാല്‍ ഒരു ശതമാനത്തില്‍ താഴെ നിക്ഷേപം നടത്തിയിട്ടുള്ള മറ്റ് ഓഹരികളും കാണും.
രണ്ട് കമ്പനികളുടെ ഓഹരികള്‍ പുതുതായി വാങ്ങിയ പൊറിഞ്ചു വെളിയത്ത് മൂന്ന് കമ്പനികളുടെ ഓഹരികളില്‍ ഓഹരി വിഹിതം ഉയര്‍ത്തിയിട്ടുമുണ്ട്. ടെക്‌നോളജി കമ്പനിയായ ഓറം പ്രോപ്‌ടെകില്‍ (Aurum Proptech Ltd.) 1.4 ശതമാനവും കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ മരുന്ന് ഉത്പാദക കമ്പനിയായ കേരള ആയുര്‍വേദയില്‍ (Kerala Ayurveda Ltd.) 1.30 ശതമാനവും പ്ലൈവുഡ് നിര്‍മാതാക്കളായ ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസില്‍ (Duroply Industries Ltd.) 0.2 ശതമാനവും ഓഹരി നിക്ഷേപം കൂട്ടി. ഇതോടെ ജൂണ്‍ പാദത്തില്‍ ഈ കമ്പനികളില്‍ പൊറിഞ്ചുവെളിയത്തിന്റെ ഓഹരി വിഹിതം യഥാക്രമം 3.4%, 3.2%, 7% എന്നിങ്ങനെയായി ഉയര്‍ന്നു.