നിലംപറ്റിയ 8 നിഫ്റ്റി ഓഹരികളിൽ പ്രൊമോട്ടർമാർ വിഹിതം വർധിപ്പിക്കുന്നു; വൻകിട കമ്പനികളിലെ മാറ്റങ്ങൾ നിക്ഷേപകർ ഗൗരവമായി കാണണമോ?

വർധനവിന്റെ തോത് വ്യത്യസ്തമാണെങ്കിലും ഓഹരി പങ്കാളിത്തം ഉയർത്തുന്നതിൽ എല്ലാവരും ഒരേ പാതയിലാണ്
Nifty 50 Companies Shareholdings Changes
പ്രതീകാത്മക ചിത്രംImage Size: Canva
Published on

ഇന്ത്യൻ വിപണിയുടെ പ്രധാന ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി (Nifty-50) 2026-ൽ തിരിച്ചടികൾ നേരിടുമ്പോഴും പ്രൊമോട്ടർമാർ നിശ്ശബ്ദമായി വൻകിട കമ്പനികളിലെ (Large Caps) ഓഹരി പങ്കാളിത്തം ഉയർത്തുന്ന കാഴ്ചയും കണ്ടെത്താനാകും. 2025 ഡിസംബർ പാദം മുതൽ ഇക്കഴിഞ്ഞ 2026 ജൂൺ സാമ്പത്തിക പാദം വരെയുള്ള കാലയളവിൽ ജിയോ ഫിനാൻഷ്യൽ, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുകി, എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ്, എച്ച്.സി.എൽ ടെക്, അൾട്രാടെക് സിമന്റ്, മഹിന്ദ്ര & മഹിന്ദ്ര എന്നീ എട്ട് പ്രമുഖ കമ്പനികളിലാണ് പ്രൊമോട്ടർമാർ ഓഹരി വിഹിതം വർദ്ധിപ്പിച്ചത്. എന്നാൽ ഈ നിഫ്റ്റി ഓഹരികളെല്ലാം 2026-ൽ ഇതുവരെയായി ഇടിവിലാണ് വ്യാപാരം നടത്തുന്നത്.

മറുവശത്ത് വിദേശ നിക്ഷേപകരുടെ (FII) പങ്കാളിത്തം വൻതോതിൽ കുറയുകയാണ്. 2026 ജൂൺ പാദത്തിൽ നിഫ്റ്റി-50 കമ്പനികളിലെ എഫ്.ഐ.ഐ പങ്കാളിത്തം ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. വിദേശ ഫണ്ടുകൾ ചെറുകിട, ഇടത്തരം (Mid & Small Caps) ഓഹരികളിലേക്ക് നിക്ഷേപം മാറ്റിയതോടെ നിഫ്റ്റി സൂചികയുടെ ഭാ​ഗമായ ഓഹരികളിലെ മൊത്തം ഇൻസ്റ്റിറ്റ്യൂഷണൽ വിഹിതം (Institutional Shareholding) 56.1 ശതമാനത്തിലേക്ക് താഴ്ന്നു.

പ്രൊമോട്ടർമാരുടെ വാങ്ങലും ഓഹരികളിലെ ഇടിവും

വർധനവിന്റെ തോത് വ്യത്യസ്തമാണെങ്കിലും, ഓഹരി പങ്കാളിത്തം ഉയർത്തുന്നതിൽ എല്ലാവരും ഒരേ പാതയിലാണ്. പ്രൊമോട്ടർമാർ ഓഹരി വിഹിതം ഉയർത്തിയ പ്രധാന കമ്പനികളുടെ (നിഫ്റ്റി ഓഹരികളുടെ) വിശദാംശം താഴെ ചേർക്കുന്നു:

  • ജിയോ ഫിനാൻഷ്യൽ (BSE: 543940, NSE: JIOFIN): പ്രൊമോട്ടർ വിഹിതം 47.12 ശതമാനത്തിൽ നിന്ന് 49.13% ആയി ഉയർന്നു. എങ്കിലും ഓഹരി വില 21 ശതമാനം ഇടിഞ്ഞു.

  • ഭാരതി എയർടെൽ (BSE: 532454, NSE: BHARTIARTL): പ്രൊമോട്ടർമാർ പങ്കാളിത്തം 50.07 ശതമാനമായി ഉയർത്തി. ഓഹരി വില 12.42 ശതമാനം ഇടിവിലാണ്.

  • റിലയൻസ് ഇൻഡസ്ട്രീസ് (BSE: 500325, NSE: RELIANCE): പ്രൊമോട്ടർ വിഹിതം 50.48 ശതമാനമായി വർധിച്ചു, ഓഹരി വിലയിൽ 15-17 ശതമാനം ഇടിവ് രേഖപ്പെടുത്തി.

  • മാരുതി സുസൂക്കി (BSE: 532500, NSE: MARUTI): പ്രൊമോട്ടർ വിഹിതം 58.65 ശതമാനമായി ഉയർന്നപ്പോഴും ഓഹരി വില 24 ശതമാനത്തിലധികം ഇടിഞ്ഞു.

  • എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ് കമ്പനി (BSE: 540777, NSE: HDFCLIFE): ഏറ്റവും ഉയർന്ന ഇടിവ് നേരിട്ടത് എച്ച്.ഡി.എഫ്.സി ലൈഫിലാണ് (29%), എന്നാൽ പ്രൊമോട്ടർ വിഹിതം 50.54 ശതമാനമായി ഉയർന്നു.

  • മറ്റ് ഓഹരികൾ: എച്ച്.സി.എൽ ടെക് (21.33% ഇടിവ്), അൾട്രാടെക് സിമന്റ് (6.58% ഇടിവ്), മഹിന്ദ്ര & മഹിന്ദ്ര (14.81% ഇടിവ്) എന്നിവയിലും പ്രൊമോട്ടർമാർ നിക്ഷേപം കൂട്ടി.

എഫ്.ഐ.ഐ പിന്മാറ്റവും പ്രൊമോട്ടർ താത്പര്യവും

"എഫ്.ഐ.ഐ വിറ്റൊഴിയുമ്പോൾ പ്രൊമോട്ടർമാർ ഓഹരികൾ വാങ്ങിക്കൂട്ടുന്നു" എന്ന് ലളിതമായി വ്യാഖ്യാനിക്കാമെങ്കിലും ഓരോ കമ്പനിയുടെയും പശ്ചാത്തലം വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഭാരതി എയർടെല്ലിൽ വിദേശ നിക്ഷേപകർ വിഹിതം നേരിയ തോതിൽ കുറച്ചപ്പോഴും പ്രൊമോട്ടർമാർ തങ്ങളുടെ പങ്കാളിത്തം 50.07 ശതമാനമായി ഉയർത്തി കരുത്ത് കാട്ടി.

വിദേശ നിക്ഷേപകർ രാജ്യത്തെ മുൻനിര കമ്പനികളിൽ നിന്നും, പ്രത്യേകിച്ച് ബാങ്കിംഗ്, ഐ.ടി മേഖലകളിൽ നിന്നും വൻതോതിൽ ഫണ്ട് പിൻവലിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. അതിനാൽ പ്രൊമോട്ടർമാരുടെ വാങ്ങൽ (Buying), കമ്പനി മാനേജ്‌മെന്റിന്റെ ആത്മവിശ്വാസത്തിന്റെ സൂചനയായി വിലയിരുത്താമെങ്കിലും, ഈയൊരു ഘടകം മാത്രം മുൻനിർത്തി റീട്ടെയിൽ നിക്ഷേപകർ പണം മുടക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നാണ് അനലി​സ്റ്റുകൾ സൂചിപ്പിക്കുന്നത്.

നിക്ഷേപകർ എപ്പോൾ ഗൗരവമായി കാണണം?

കമ്പനികളുടെ ലാഭക്ഷമതയിലോ പ്രവർത്തനങ്ങളിലോ വ്യക്തമായ തിരിച്ചു വരവ് (Margin Recovery, Earnings Delivery) പ്രകടമാകുമ്പോൾ മാത്രമാണ് പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം വർധിപ്പിക്കുന്നതിന് (Stake Rising) നിക്ഷേപ ലോകത്ത് യഥാർത്ഥ പരി​ഗണന ലഭിക്കുന്നത്. ജിയോ ഫിനാൻഷ്യൽ, എച്ച്.ഡി.എഫ്.സി ലൈഫ് എന്നിവയിൽ പ്രൊമോട്ടർമാർ വിഹിതം കൂട്ടുന്നുണ്ടെങ്കിലും, കൃത്യമായ സാമ്പത്തിക നേട്ടം കണക്കുകളിൽ തെളിയുന്നതിനായി വിപണി കാത്തിരിക്കുകയാണ്.

അന്താരാഷ്ട്ര തലത്തിലെ ക്രൂഡ് ഓയിൽ വിലക്കയറ്റവും പലിശനിരക്കുകളിലെ അനിശ്ചിതത്വവുമാണ് വൻകിട ഓഹരികളിലെ ഇപ്പോഴത്തെ തിരുത്തലിന് പ്രധാന കാരണം. എങ്കിലും മികച്ച ജി.ഡി.പി വളർച്ചയും കമ്പനികളുടെ ലാഭക്ഷമതയും ദീർഘകാല നിക്ഷേപകർക്ക് വൻകിട ഓഹരികളിൽ നല്ല അവസരമൊരുക്കുന്നതായും അനലി​സ്റ്റുകൾ സൂചിപ്പിക്കുന്നു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com