ഓഹരി വിപണിയുടെ നേട്ടക്കുതിപ്പ് അവസരമാക്കി പ്രൊമോട്ടർമാർ, വിറ്റത് ഒരു ലക്ഷം കോടിയുടെ ഓഹരികൾ

ഓഹരി വിപണി റെക്കോഡ് ഭേദിച്ചു മുന്നേറുമ്പോള്‍ അത് അവസരമാക്കുകയാണ് കമ്പനികളുടെ പ്രമോട്ടര്‍മാര്‍. ജൂലൈ -സെപ്റ്റംബര്‍ പാദത്തില്‍ ഇതു വരെ 180 കമ്പനികളുടെ പ്രമോട്ടര്‍മാര്‍ ചേര്‍ന്ന് ഒരു ലക്ഷം കോടി രൂപയോളം മൂല്യം വരുന്ന ഓഹരികളാണ് വിറ്റഴിച്ചത്. 2023ലെ 48,000 കോടിയെ അപേക്ഷിച്ച് രണ്ട് മടങ്ങിലധികമാണിത്. 2022ല്‍ ഇത് 25,400 കോടിയും 2021ല്‍ 54,500 കോടിയുമായിരുന്നു.

ബി.എസ്.ഇയുടെയും എന്‍.എസ്.ഇയുടെയും കണക്കനുസരിച്ച് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, അംബുജ സിമന്റ്‌സ്, പതഞ്ജലി ഫുഡ്‌സ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കെ.പി.ആര്‍ മില്‍സ്, ഈസി ട്രിപ് പ്ലാനേഴ്‌സ്, വെല്‍സ്പണ്‍ ലിവിംഗ്, സെയിന്റ് ഡി.എല്‍.എം, ശാരദ മോട്ടോര്‍ ഇന്‍ഡസ്ട്രീസ്, സിഗ്നിറ്റി ടെക്‌നോളജീസ്, എത്തോസ് തുടങ്ങിയ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ 300 കോടി മുതല്‍ 10,500 കോടി വരെ മൂല്യമുള്ള ഓഹരികള്‍ ഇക്കാലയളവില്‍ വിറ്റഴിച്ചു.

കാരണങ്ങൾ പലത്

അദാനി ഗ്രൂപ്പ് കമ്പനിയായ അംബുജ സിമ്ന്റസിന്റെ 6.79 കോടി ഓഹരികള്‍ 4,251 കോടി രൂപയ്ക്കാണ് പ്രമോട്ടര്‍മാര്‍ വിറ്റഴിച്ചത്. ഈ മാസം പതഞ്ജലി ഫുഡ്സ് 1.09 കോടി ഓഹരികള്‍ 2,016 കോടി രൂപയ്ക്ക് വിറ്റിരുന്നു. മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുടെ കടം തരിച്ചടയ്ക്കാനായി 3.19 ശതമാനം ഓഹരികള്‍ 1,218 കോടി രൂപയ്ക്ക് വിറ്റഴിച്ചു.

വെല്‍സ്പണ്‍ ലിവിംഗിന്റെ പ്രമോട്ടർ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ 1,035 കോടിരൂപ വില വരുന്ന 4.98 കോടി ഓഹരികള്‍ വിറ്റഴിച്ചു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓഹരിയിലെ മുന്നേറ്റത്തെ അവസരമാക്കുകയാണ് പ്രമോട്ടര്‍മാര്‍. ലിസ്റ്റിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാനോ, കടം കുറയ്ക്കാനോ, കമ്പനിയില്‍ നിക്ഷേത്തിന് അവസരം നല്‍കുന്നതിനോ ഒക്കെയാകും പ്രമോട്ടര്‍മാര്‍ മുഖ്യമായും ഓഹരികള്‍ വിറ്റഴിക്കുന്നത്. ഇതല്ലാതെ ബിസിനസുകള്‍ വൈവിധ്യവത്കരിക്കാന്‍, ഫാമിലി ഓഫീസുകള്‍ സ്ഥാപിക്കാന്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നീ മറ്റ് ചില കാരണങ്ങളുമുണ്ടാകും. എന്നാല്‍ നിക്ഷേപകരെ സംബന്ധിച്ച് ഇതില്‍ ആശങ്കയക്ക് കാരണമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

Related Articles
Next Story
Videos
Share it