റബ്ഫിലയില്‍ ഓഹരിപങ്കാളിത്തം കൂട്ടി പ്രൊമോട്ടര്‍മാര്‍; നിക്ഷേപകര്‍ക്ക് ഗുണകരമോ?

കേരളം ആസ്ഥാനമായ പ്രമുഖ റബര്‍ ഉത്പന്ന നിര്‍മ്മാണ, കയറ്റുമതി സ്ഥാപനമായ റബ്ഫില ഇന്റര്‍നാഷണലില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി ചെയര്‍മാന്‍ ഹാര്‍ദിക് ബി. പട്ടേല്‍. 26 ലക്ഷം രൂപ മതിക്കുന്ന 42,913 ഓഹരികളാണ് അദ്ദേഹം 2023 മാര്‍ച്ച് 31ന് വാങ്ങിയത്. ഇതോടെ കമ്പനിയില്‍ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 7.78 ശതമാനത്തില്‍ നിന്ന് 7.86 ശതമാനമായെന്ന് കമ്പനി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.

കമ്പനിയില്‍ പ്രമോട്ടര്‍മാരുടെ മൊത്തം ഓഹരി പങ്കാളിത്തം 57.24 ശതമാനമായും ഉയര്‍ന്നു. റബ്ഫിലയുടെ ഓഹരിവില ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ മൂന്ന് ശതമാനത്തിലധികം ഉയര്‍ന്ന് 67.3 രൂപ നിലവാരത്തിലാണുള്ളത്. കമ്പനിയുടെ മൊത്തം വിപണിമൂല്യം 384 കോടി രൂപയും കടന്നു.
നിക്ഷേപകര്‍ക്ക് ശുഭകരമോ?
ഒരു കമ്പനിയിലെ ഓഹരിപങ്കാളിത്തം പ്രമോട്ടര്‍ തന്നെ ഉയര്‍ത്തുന്നത്, കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയവര്‍ക്കും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശുഭകരമാണെന്ന് പൊതുവേ വിലയിരുത്താം. കാരണം, കമ്പനിയുടെ നിലവിലെ പ്രവര്‍ത്തനങ്ങളിലും ഭാവികാര്യങ്ങളിലും പ്രമോട്ടര്‍മാര്‍ വച്ചുപുലര്‍ത്തുന്ന പോസിറ്റീവ് പ്രതീക്ഷകളാണ് ഇത് വ്യക്തമാക്കുന്നത്.
എന്നാല്‍, ഇത് കമ്പനിയുടെ ശോഭനമായ ഭാവി മുന്നില്‍ക്കണ്ടാണെന്ന് ഉറപ്പിച്ച് പറയാനാവില്ല. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റബ്ഫിലയുടെ ഓഹരികള്‍ 52-ആഴ്ചത്തെ (ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ചത്) ഉയരമായ 105 രൂപവരെ എത്തിയിരുന്നു. എന്നാല്‍, സാമ്പത്തിക വര്‍ഷാന്ത്യം വിലയിരുത്തുമ്പോള്‍ ഓഹരിവില 33 ശതമാനം കുറഞ്ഞിട്ടുണ്ട്.
റബ്ഫിലയും ഉത്പന്നങ്ങളും
റബര്‍ ഉത്പന്ന നിര്‍മ്മാണ, കയറ്റുമതി രംഗത്തെ പ്രമുഖരാണ് റബ്ഫില ഇന്റര്‍നാഷണല്‍. റബര്‍ നാരുകളാണ് (റബര്‍ ത്രെഡ്) കമ്പനിയുടെ മുഖ്യ ഉത്പന്നം. ഇലാസ്റ്റിക് ഫേബ്രിക്കുകള്‍, സോക്ക്‌സ്, അടിവസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ് വെയര്‍, മെഡിക്കല്‍ വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനാണ് ഇത് മുഖ്യമായും ഉപയോഗിക്കുന്നത്. റബ്ഫിലയുടെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടിഷ്യൂ പേപ്പര്‍ നിര്‍മ്മാണ രംഗത്തെ ശ്രദ്ധേയരായ പ്രീമിയര്‍ ടിഷ്യൂസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

Disclaimer: Equity investing is subject to market risk. Please do your own research or consult financial experts before investing
Related Articles
Next Story
Videos
Share it