അന്ന് 80 പൈസയുടെ ഓഹരി, ഇന്ന് വില ₹2,055, അത് എസ്.ബി.ഐ നേടിയ ലാഭത്തിന്റെ കഥ, ഐ.പി.ഒയുമായി എന്‍.എസ്.ഇ ഇറങ്ങുമ്പോള്‍

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് എൻ.എസ്.ഇയുടെ രൂപീകരണ ഘട്ടത്തിൽ ശരാശരി 80 പൈസ നിലവാരത്തിലാണ് എസ്.ബി.ഐ ഈ ഓഹരികൾ വാങ്ങിയത്
PSU Companies Profit On NSE IPO
Canva
Published on

ഇന്ത്യൻ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) ഐ.പി.ഒയിൽ, രാജ്യത്തെ നിരവധി പൊതുമേഖല ബാങ്കുകളുടേയും ഇൻഷുറൻസ് കമ്പനികളുടേയും അക്കൗണ്ടിലേക്ക് ശതകോടികളുടെ ലാഭം ഒഴുകിയെത്തും. എൻ.എസ്.ഇയുടെ തുടക്കക്കാലത്ത് തന്നെ നിക്ഷേപം നടത്താനും വളർച്ചാ ഘട്ടത്തിൽ ക്ഷമയോടെ കാത്തിരുന്നതും കൊണ്ടാണ് ഈ പൊതുമേഖല സ്ഥാപനങ്ങൾക്ക് വമ്പൻ സമ്പാദ്യം കര​ഗതമാകുന്നത്.

അതേസമയം എൻ.എസ്.ഇയുടെ ഐ.പി.ഒ പൂർണമായും ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്) മുഖേനയാണ് നടത്തപ്പെടുന്നത്. ആദ്യകാല നിക്ഷേപകരുടെ പക്കലുള്ള 14.89 കോടി ഇക്വിറ്റി ഓഹരികളാണ് ഐ.പി.ഒയിലൂടെ വിറ്റഴിക്കുന്നത്. നിലവിൽ അൺലിസ്റ്റഡ് മാർക്കറ്റിൽ ലഭ്യമായിട്ടുള്ള എൻ.എസ്.ഇ ഓഹരിയുടെ നിരക്കുകൾ അടിസ്ഥാനമാക്കിയാൽ പോലും, ഈ ഐ.പി.ഒയിൽ നിന്നും അരഡസനിലേറെ പൊതുമേഖല സ്ഥാപനങ്ങൾക്ക് മാത്രമായി ഏകദേശം 15,500 കോടിയിലേറെ രൂപ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

എസ്.ബി.ഐ ഓഹരി വാങ്ങിയത് 80 പൈസയ്ക്ക്

രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) മുമ്പാകെ എൻ.എസ്.ഇ സമർപ്പിച്ച ഡി.ആർ.എച്ച്.പി രേഖകളിൽ പരാമർശിച്ചിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപ വിവരങ്ങൾ വിപണിയെ അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ്. ഈ ഐ.പി.ഒയിൽ ഏറ്റവും കൂടുതൽ എൻ.എസ്.ഇ ഓഹരികൾ വിറ്റഴിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2.475 കോടി ഓഹരികളാണ് വിപണിയിൽ എത്തിക്കുന്നത്.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് എൻ.എസ്.ഇയുടെ രൂപീകരണ ഘട്ടത്തിൽ ശരാശരി 80 പൈസ നിലവാരത്തിലാണ് എസ്.ബി.ഐ ഈ ഓഹരികൾ വാങ്ങിയത്. അങ്ങനെ കണക്കൂകൂട്ടിയാൽ അന്ന് എൻ.എസ്.ഇയിൽ ​സ്റ്റേറ്റ് ബാങ്ക് നടത്തിയ നിക്ഷേപം വെറും 1.98 കോടി രൂപയായിരുന്നു. ഇന്ന് അൺലി​സ്റ്റഡ് മാർക്കറ്റിൽ ഒരു എൻ.എസ്.ഇ ഓഹരിക്ക് രേഖപ്പെടുത്തുന്ന 2,055 രൂപ എന്ന വില കണക്കാക്കിയാൽ, ഐ.പി.ഒയിലൂടെ എസ്.ബി.ഐ വിറ്റഴിക്കാൻ ഉദ്ദേശിക്കുന്ന ഓഹരികളുടെ മൂല്യം 5,086 കോടി രൂപയായി ഉയരും. അതായത് ബാങ്ക് എൻ.എസ്.ഇ ഐ.പി.ഒയിലൂടെ കൊയ്യാൻ പോകുന്നത് 5,084 കോടിയുടെ ലാഭമാണെന്ന് സാരം.

അതേസമയം എസ്.ബി.ഐയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കും കൂടിച്ചേർന്ന് എൻ.എസ്.ഇയിൽ ​മൊത്തം 7.5 ശതമാനം ഓഹരി വിഹിതമാണ് സ്വന്തമായുള്ളത്. എസ്.ബി.ഐയുടെ പക്കൽ 3.23 ശതമാനവും (ഏകദേശം 7.98 കോടി ഓഹരികൾ), എസ്.ബി.ഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിന്റെ കൈവശം 4.33 ശതമാനം (10.72 കോടി ഓഹരികൾ) വീതവുമാണുള്ളത്.

കോടികൾ ലാഭം കൊയ്യുന്ന മറ്റ് പൊതുമേഖല സ്ഥാപനങ്ങൾ

എസ്.ബി.ഐ മാത്രമല്ല, മറ്റ് അരഡസനോളം പൊതുമേഖലാ സ്ഥാപനങ്ങളും സമാനമായ രീതിയിൽ വമ്പൻ നേട്ടമാണ് എൻ.എസ്.ഇ ഐ.പി.ഒയിലൂടെ സ്വന്തമാക്കാൻ പോകുന്നത്:

  • ബാങ്ക് ഓഫ് ബറോഡ: ശരാശരി 54 പെസ നിരക്കിൽ വാങ്ങിയ എൻ.എസ്.ഇ ഓഹരികൾ വിൽക്കുമ്പോൾ ബാങ്ക് ഓഫ് ബറോഡയ്ക്ക് ലഭിക്കാൻ പോകുന്നത് ഏകദേശം 2,257 കോടി രൂപയാണ്.

  • സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ: ശരാശരി 46 പെസ നിരക്കിൽ വാങ്ങിയ എൻ.എസ്.ഇ ഓഹരികൾ വിൽക്കുമ്പോൾ സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷന് ലഭിക്കുന്നത് ഏകദേശം 2,238 കോടി രൂപയാണ്.

  • ന്യൂ ഇന്ത്യ അഷ്വറൻസ് & നാഷണൽ ഇൻഷുറൻസ് കമ്പനി: ഈ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ എൻ.എസ്.ഇ ഓഹരി വാങ്ങിയിരിക്കുന്നത് 32 പെസ നിരക്കിലാണ്. ഐ.പി.ഒയിലൂടെ യഥാക്രമം 2,157 കോടി രൂപയും 1,233 കോടി രൂപയും ഈ കമ്പനികൾക്ക് ലഭിക്കും.

  • യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്: 50 പെസ നിരക്കിൽ വാങ്ങിയ എൻ.എസ്.ഇ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 1,233 കോടി രൂപയാണ് ഐ.പി.ഒയിൽ നിന്നും ലഭിക്കുന്നത്.

  • ഓറിയന്റൽ ഇൻഷുറൻസ്: 4.96 കോടി എൻ.എസ്.ഇ ഓഹരികൾ കൈമാറുന്നതിലൂടെ ഈ പൊതുമേഖല ഇൻഷുറൻസ് കമ്പനിക്ക് 1,019 കോടി രൂപ ലഭിക്കും.

  • ഇന്ത്യൻ ബാങ്ക്: 2.48 കോടി എൻ.എസ്.ഇ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ഈ പൊതുമേഖല ബാങ്കിന് 509 കോടി രൂപ ഐ.പി.ഒയിൽ നിന്നും സമാഹരിക്കാൻ കഴിയും.

എന്നാൽ എൻ.എസ്.ഇയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായ പൊതുമേഖല സ്ഥാപനവും ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ സ്ഥാപന നിക്ഷേപകരുമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) ഈ ഐ.പി.ഒയിൽ എൻ.എസ്.ഇ ഓഹരികളൊന്നും തന്നെ വിൽക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എൻ.എസ്.ഇയുടെ 10.72 ശതമാനം ഓഹരി വിഹിതമാണ് എൽ.ഐ.സിയുടെ കൈവശമുള്ളത്. അൺലി​സ്റ്റഡ് മാ‌ർക്കറ്റിലെ ഓഹരി വില വെച്ചു നോക്കിയാൽ മൊത്തം നിക്ഷേപമൂല്യം ഏകദേശം 55,000 കോടി രൂപയാണ്.

വിദേശ ഫണ്ടുകൾക്കും വൻ നേട്ടം

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമല്ല, പിൽക്കാലത്ത് എൻ.എസ്.ഇയിൽ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപകരും മികച്ച മൾട്ടിബാഗർ റിട്ടേൺസാണ് ഐ.പി.ഒ കഴിയുമ്പോൾ സ്വന്തമാക്കുന്നത്. എം.എസ് സ്ട്രാറ്റജിക് (മൗറീഷ്യസ്) ഓഹരിയൊന്നിന് 66.54 രൂപ നിരക്കിലും, അരാന്ത ഇൻവെസ്റ്റ്‌മെന്റ്സ് 62.38 രൂപ നിരക്കിലുമാണ് എൻ.എസ്.ഇയിൽ നിക്ഷേപം നടത്തിയിരുന്നത്. മറ്റുള്ളവരേക്കാൾ താരതമ്യേന ഉയർന്ന നിരക്കിൽ എൻ.എസ്.ഇ ഓഹരി വാങ്ങിയ കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ (CPPIB) ശരാശരി വാങ്ങൽ വില 324.13 രൂപയാണ്. ഇവർക്ക് എല്ലാം ഐ.പി.ഒയിൽ നിന്നും വമ്പൻ ലാഭമാണ് കിട്ടാൻ പോകുന്നത്.

വിപണിക്ക് നൽകുന്ന സൂചനകൾ

സാമ്പത്തികമായി മികച്ച പ്രകടനമാണ് എൻ.എസ്.ഇ കാഴ്ചവെക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ എൻ.എസ്.ഇ നേടിയ വരുമാനം 16,601 കോടി രൂപയും കരസ്ഥമാക്കിയ അറ്റാദായം (Net Profit) 10,302 കോടി രൂപയും വീതമാണ്. കൂടാതെ, 2025-26 സാമ്പത്തിക വർഷത്തിൽ 3,699 കോടി കോൺട്രാക്ടുകളോടെ ആഗോളതലത്തിലെ ഏറ്റവും വലിയ ഇക്വിറ്റി ഡെറിവേറ്റീവ്സ് (F&O) എക്സ്ചേഞ്ച് എന്ന പദവിയും എൻ.എസ്.ഇ നിലനിർത്തിയിട്ടുണ്ട്.

എന്തായാലും 1990-കളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിതച്ച ചെറിയ മൂലധനം ഇന്ന് സഹസ്ര കോടിക്കണക്കിന് മൂല്യമുള്ള സാമ്പത്തിക സാമ്രാജ്യമായി വളർന്നിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് എൻ.എസ്.ഇ ഐ.പി.ഒ. ദീർഘകാല നിക്ഷേപത്തിന്റെ അഥവാ ക്ഷമയോടെ കാത്തിരിക്കുന്നതിന്റെ യഥാർത്ഥ ​ഗുണഫലം എന്താണെന്നും ഈ കണക്കുകൾ നിക്ഷേപകരെ പഠിപ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com