PSU Oil Stocks
canva

പശ്ചിമേഷ്യൻ സംഘർഷം: പൊതുമേഖല എണ്ണ കമ്പനികളുടെ ഓഹരികളെ എങ്ങനെ സ്വാധീനിക്കും?

ഇറാൻ - യു.എസ് സംഘർഷം പൊതുമേഖല എണ്ണ വിതരണ കമ്പനികൾക്ക് വലിയൊരു തിരിച്ചടിയാണ്. യുദ്ധം എപ്പോൾ അവസാനിക്കുമെന്നതിൽ ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലാത്തതും പ്രതിസന്ധിയേകുന്നു.
Published on

കഴിഞ്ഞ ഒരു വർഷ കാലയളവിൽ ഇന്ത്യൻ വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നെങ്കിലും 65% വരെ ശക്തമായ മുന്നേറ്റം പ്രകടമാക്കിയവയാണ് പൊതുമേഖല എണ്ണ കമ്പനികളുടെ ഓഹരികൾ. നിക്ഷേപകർക്ക് മികച്ച തോതിൽ ഡിവിഡന്റും കൈമാറിയ ഓഹരികളാണിത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഈ ഓഹരികളിൽ കനത്ത തിരിച്ചടി പ്രകടമാണ്. ഈയൊരു പശ്ചാത്തലത്തിൽ നിക്ഷേപകർ ഇനി ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ ചുവടെ ചേർക്കുന്നു.

റീഫൈനിങ് മാർജിൻ

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ (ക്രൂഡോയിൽ) വില താഴ്ന്നു നിന്നിരുന്നതിനാലും രാജ്യത്തെ പെട്രോൾ, ഡീസൽ വില ഉയർന്ന നിലവാരത്തിൽ മാറ്റമില്ലാതെ തുടർന്നതിനാലും കൈവരിച്ച മികച്ച ലാഭമാർജിൻ കാരണം നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (2025 ഒക്ടോബർ - ഡിസംബർ) പൊതുമേഖല എണ്ണ കമ്പനികൾ ശക്തമായ സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. ഡിസംബർ സാമ്പത്തിക പാദത്തിൽ ബി.പി.സി.എല്ലിന്റെ അറ്റാദായം 89% വാർഷിക വർധനയോടെ 7,188 കോടി രൂപയാണ്. 2025 ഏപ്രിൽ - ഡിസംബർ കാലയളവിൽ ബി.പി.സി.എല്ലിന്റെ ​മൊത്ത റിഫൈനിങ് മാ‌ർജിൻ 9.68 ഡോളറാണ്. തൊട്ട് മുൻപത്തെ വർഷം (2024) സമാന കാലയളവിൽ കമ്പനിയുടെ മൊത്ത റിഫൈനിങ് മാർജിൻ ബാരലിന് 5.95 ഡോളറായിരുന്നു.

സമാനമായി മറ്റൊരു പൊതുമേഖല എണ്ണ കമ്പനിയായ എച്ച്.പി.സി.എല്ലിന്റെ ഡിസംബർ പാ​ദത്തിലെ അറ്റലാഭം 4,011 കോടി രൂപയാണ്. വാർഷികമായി 58% വർധന. 2025 ഏപ്രിൽ - ഡിസംബർ മാസക്കാലയളവിൽ എച്ച്.പി.സി.എല്ലിന്റെ മൊത്ത ​റിഫൈനിങ് മാർജിൻ ബാരലിന് 6.91 ഡോളറാണ്. തൊട്ടു മുമ്പത്തെ സമാന കാലയളവിൽ ഇത് 4.73 ഡോളറായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല എണ്ണ കമ്പനിയായ ഐ.ഒ.സി.യുടെ ഡിസംബർ പാദത്തിലെ അറ്റാദായം 322% വർധനയോടെ 12,126 കോടി രൂപയാണ്. 2025 ഏപ്രിൽ - ഡിസംബർ മാസക്കാലയളവിലെ ശരാശരി ​റിഫൈനിങ് മാർജിൻ ബാരലിന് 8.41 ഡോളറാണ്. മുമ്പത്തെ വർഷം ഇത് 3.69 ഡോളർ നിലവാരത്തിലായിരുന്നു കുറിച്ചത്.

എന്തുകൊണ്ട് തിരിച്ചടി?

പശ്ചിമേഷ്യയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ഈ വർഷം ഇതുവരെയായി 30 ശതമാനത്തോളം വർധന രേഖപ്പെടുത്തി. ഇന്ത്യ ഇറക്കുമതിക്കായി ഏറെ ആശ്രയിക്കുന്ന ബ്രെന്റ് ക്രൂ‍‍ഡോയിൽ വില 82 ഡോളർ നിലവാരം മറികടന്നു. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വിലനിലവാരമാണിത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നത്, പൊതുമേഖല എണ്ണ വിതരണ കമ്പനികളുടെ (ഒ.എം.സി) റീഫൈനിങ് മാർജിൻ കുറയ്ക്കുകയും അതുവഴി ലാഭക്ഷമതയിലും ഇടിവുണ്ടാക്കും.

അതിനാൽ പശ്ചിമേഷ്യൻ സംഘർഷം കാരണം ക്രൂഡോയിൽ ഉയർന്ന വില നിലവാരത്തിൽ ദീർഘനാൾ തുടരുകയും രാജ്യത്തെ ചില്ലറ വിൽപ്പന വില സർക്കാർ വർധിപ്പിക്കാതെയും ഇരുന്നാൽ അത് പൊതുമേഖല എണ്ണ വിതരണ കമ്പനികളുടെ സാമ്പത്തിക പ്രകടനത്തേയും പ്രതികൂലമായി സ്വാധീനിക്കാം.

നിക്ഷേപകർ എന്ത് ചെയ്യണം?

ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട ഇറാൻ - യു.എസ് സംഘർഷം പൊതുമേഖല എണ്ണ വിതരണ കമ്പനികൾക്ക് വലിയൊരു തിരിച്ചടിയാണ്. യുദ്ധം എപ്പോൾ അവസാനിക്കുമെന്നതിൽ ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ യുദ്ധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ആഴത്തിൽ വിലയിരുത്തിയ ശേഷമാകണം നിക്ഷേപകർ എണ്ണക്കമ്പനികളുടെ ഓഹരികളുമായി ബന്ധപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടത്. യുദ്ധം രൂക്ഷമായാൽ ക്രൂഡോയിൽ വില ഇനിയും മുന്നേറാനുള്ള സാധ്യതയുണ്ട്.

അതിനാൽ കഴിഞ്ഞ ഒരു വർഷ കാലയളവിനിടെ എണ്ണ വിതരണ കമ്പനി ഓഹരികളുടെ മുന്നേറ്റത്തിൽ നിന്നും ലാഭം നേടിയവർ അതെടുക്കാൻ നോക്കണമെന്നാണ് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ കണ്ണുമടച്ച് വ്യാപാരം ചെയ്യുന്ന സമയം കഴിഞ്ഞുവെന്നും വിപണിയിൽ ഇനി ജാ​ഗ്രതയും ക്ഷമയും പാലിക്കേണ്ട സമയമാണെന്നും സാരം.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com