17 മാസത്തിനിടയിലെ മികച്ച നേട്ടം, വിപണി വിഹിതം ഉയര്‍ത്തി പൊതുമേഖലാ ഓഹരികള്‍, പ്രധാന പങ്ക് വഹിച്ച സ്ഥാപനങ്ങള്‍ ഇവയാണ്

കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 50 ശതമാനത്തിലധികം നേട്ടമുണ്ടാക്കി
stocks
Image courtesy: Canva
Published on

പൊതുമേഖലാ (PSU) ഓഹരികളുടെ വിപണി വിഹിതം 17 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തില്‍. ബി.എസ്.ഇ (BSE) ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കമ്പനികളുടെയും മൊത്തം വിപണി മൂലധനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്ക് 14.97 ശതമാനമായി ഉയർന്നു. 2024 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. ഒരു മാസം മുൻപ് ഇത് 13.93 ശതമാനമായിരുന്നു.

പ്രധാന സ്ഥാപനങ്ങള്‍

ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 96 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യം ജനുവരിയിൽ 68.61 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. 2025 ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിലയായ 52.63 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 16 ലക്ഷം കോടി രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഈ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ച ചില സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്.

• മെറ്റൽ & കമ്മോഡിറ്റി: കഴിഞ്ഞ ഒരു വർഷത്തിനിടെ 210 ശതമാനത്തിലധികം വർദ്ധനവോടെ ഹിന്ദുസ്ഥാൻ കോപ്പർ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. നാഷണൽ അലുമിനിയം കമ്പനി (NALCO) 108 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ചെന്നൈ പെട്രോളിയം കോർപ്പറേഷൻ 53 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തി.

• ബാങ്കിംഗ് മേഖല: കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 50 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകൾക്കുള്ള ആകർഷകമായ വാല്യുവേഷനും മികച്ച പ്രവർത്തന ഫലങ്ങളും ഇതിന് കാരണമായി.

• പ്രതിരോധ മേഖല: ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവ 53 മുതൽ 58 ശതമാനം വരെ വളർച്ച കൈവരിച്ചു. പ്രതിരോധ മേഖലയിൽ സർക്കാർ ചെലവ് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഇതിന് തുണയായി.

മുന്നേറ്റം ചില ഓഹരികളില്‍ മാത്രം

പൊതുമേഖലാ ഓഹരികളിൽ ഈ നേട്ടം എല്ലാ സ്ഥാപനങ്ങളിലും പ്രകടമല്ല എന്നത് ശ്രദ്ധേയമാണ്. ലിസ്റ്റ് ചെയ്ത 96 കമ്പനികളിൽ 39 ഓഹരികൾ മാത്രമാണ് വാർഷികാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കിയത്. ബാക്കി 55 ഓഹരികളും നഷ്ടത്തിലാണ് തുടരുന്നത്. പഞ്ചാബ് & സിന്ധ് ബാങ്ക്, ഐ.ആർ.ഇ.ഡി.എ (IREDA), റെയിൽ വികാസ് നിഗം (RVNL), ഐ.ആർ.സി.ടി.സി (IRCTC) തുടങ്ങിയ ഓഹരികൾ ഇടിവ് നേരിട്ടവയിൽ ഉൾപ്പെടുന്നു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളാണ് നിക്ഷേപകർ ഇനി ഉറ്റുനോക്കുന്നത്. കൂടുതൽ വിപണി ഉണർവിന് നയപരമായ മാറ്റങ്ങളും മികച്ച വരുമാന സാധ്യതകളും ആവശ്യമാണെന്നാണ് പൊതുവെയുളള വിലയിരുത്തല്‍.

PSU stocks hit 17-month high in market share, driven by metals, banking, and defense sector performance.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com