

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) സമ്മാനിച്ചത് റെക്കോഡ് ലാഭവിഹിതം. കൊവിഡ്, റഷ്യ-യുക്രെയിന്‍ യുദ്ധം, പണപ്പെരുപ്പം തുടങ്ങിയവ സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ മെല്ലെ തിരിച്ചുകയറുന്നതിന്റെ പിന്‍ബലത്തില്‍ വരുമാനവും ലാഭവും മെച്ചപ്പെട്ടതാണ് ലാഭവിഹിതവും കൂടാന്‍ കാരണം.
2022-23ല്‍ 90 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കൂടി ആകെ വിതരണം ചെയ്ത മൊത്തം ലാഭവിഹിതം ഒരുലക്ഷം കോടി രൂപയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി ഏറ്റവുമധികം നേട്ടം കേന്ദ്രസര്‍ക്കാരിനായിരുന്നു. ലാഭവിഹിതത്തില്‍ 61,000 കോടി രൂപയും സ്വന്തമാക്കിയത് കേന്ദ്രമാണ്. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച 87,416 കോടി രൂപയുടെ ലാഭവിഹിതത്തിന് പുറമേയാണിത്.
ധനക്കമ്മി ലക്ഷ്യം കാണാനും ചെലവുകള്‍ക്ക് പണം ഉറപ്പാക്കാനും റിസര്‍വ് ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ലാഭവിഹിതം കേന്ദ്രത്തിന് വലിയ സഹായവുമായി.
മുന്നില്‍ കോള്‍ ഇന്ത്യ
കോള്‍ ഇന്ത്യയാണ് 14,945 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കഴിഞ്ഞവര്‍ഷം മുന്നിലുള്ളത്. 14,151 കോടി രൂപയുമായി ഒ.എന്‍.ജി.സി രണ്ടാമതാണ്. പവര്‍ഗ്രിഡ് 10,289 കോടി രൂപയും എസ്.ബി.ഐ 10,085 കോടി രൂപയും പ്രഖ്യാപിച്ചു. എന്‍.ടി.പി.സി നല്‍കുന്ന ലാഭവിഹിതം 7,030 കോടി രൂപ.
കഴിഞ്ഞവര്‍ഷത്തെ മൊത്തം ലാഭവിഹിതത്തില്‍ 56,000 കോടി രൂപയും ഈ അഞ്ച് കമ്പനികളില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. ഓഹരി പങ്കാളിത്തം കണക്കാക്കിയാല്‍ ഈ 5 കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ മാത്രം നേടുന്ന ലാഭവിഹിതം 32,890 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സര്‍ക്കാരിന്റെ ഓഹരി
കോള്‍ ഇന്ത്യയില്‍ 66.13 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം. ഇതുവഴി 9,883 കോടി രൂപയുടെ ലാഭവിഹിതം സര്‍ക്കാരിന് ലഭിക്കും. ഒ.എന്‍.ജി.സിയിലെ ഓഹരിപങ്കാളിത്തം 58.89 ശതമാനം; ലാഭവിഹിതം 8,335 കോടി രൂപ.
പവര്‍ഗ്രിഡില്‍ 51.34 ശതമാനവും എസ്.ബി.ഐയില്‍ 57.49 ശതമാനവും ഓഹരികളാണ് സര്‍ക്കാരിനുള്ളത്. ഇവയില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം യഥാക്രമം 5,282 കോടി രൂപയും 5,798 കോടി രൂപയും. എന്‍.ടി.പി.സിയില്‍ നിന്ന് ലഭിക്കുക 3,592 കോടി രൂപയാണ്; ഓഹരിപങ്കാളിത്തം 51.1 ശതമാനം.
Read DhanamOnline in English
Subscribe to Dhanam Magazine