

സമീപകാലത്ത് രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒരു ദശാബ്ദത്തോളം വട്ടംചുറ്റിച്ച കിട്ടാക്കട പ്രതിസന്ധിയിൽ നിന്നും ബാങ്കുകൾക്ക് കരകയറാൻ സാധിച്ചതാണ് ശ്രദ്ധേയം. ഇതോടെ ശക്തമായ ബാലൻസ് ഷീറ്റും റെക്കോഡ് നിലവാരത്തിലുള്ള ലാഭക്കണക്കുകളും മെച്ചപ്പെടുന്ന അസറ്റ് ക്വാളിറ്റിയും ഒക്കെ പൊതുമേഖല ബാങ്കിംഗ് മേഖലയുടെ ഇന്നത്തെ മുഖമുദ്രകളായി കഴിഞ്ഞു.
2025 ഡിസംബർ പാദത്തിലെ കണക്കനുസരിച്ച്, ബാങ്കിംഗ് മേഖലയിൽ നിന്നുള്ള രാജ്യത്തെ മൊത്തം വായ്പ വിഹിതത്തിൽ പൊതുമേഖല ബാങ്കുകളുടെ വിപണി വിഹിതം 54.4 ശതമാനമായി ഉയർന്നു. ഇതേസമയം, സ്വകാര്യ ബാങ്കുകളുടെ വിഹിതം 40.6 ശതമാനമായി ചുരുങ്ങി. പൊതുമേഖല ബാങ്കിംഗ് മേഖല താരതമ്യേന ശക്തമായ പ്രകടനം പുറത്തെടുക്കുന്ന പശ്ചാത്തലത്തിലും നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് (2026-27) ഉയർന്ന ബിസിനസ് വളർച്ച ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളതും നിലവിൽ 50 രൂപയിൽ താഴെ വിപണി വിലയുള്ളതുമായ 4 ഓഹരികളുടെ വിശദാംശം നോക്കാം.
2025-26 സാമ്പത്തിക വർഷത്തിൽ പഞ്ചാബ് & സിന്ധ് ബാങ്കിന്റെ (BSE: 533295, NSE: PSB) ആകെ ബിസിനസ് 14.9 ശതമാനം വളർച്ചയോടെ 2.63 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് നേട്ടത്തിലേക്ക് എത്തിച്ചേർന്നു. വായ്പ വിതരണം 18.3 ശതമാനം വർധിച്ചപ്പോൾ, മൊത്തം കിട്ടാക്കട അനുപാതം (GNPA) 3.38 ശതമാനത്തിൽ നിന്ന് 2.4 ശതമാനമായി കുറഞ്ഞു. അറ്റാദായം 30.1 ശതമാനം ഉയർന്ന് 1,320 കോടി രൂപയായി.
അതേസമയം ബാങ്കിന്റെ ആകെ ബിസിനസ് 3 ലക്ഷം കോടിയാക്കുക, വായ്പ വളർച്ച 16-18 ശതമാനം നിലനിർത്തുക, അറ്റ പലിശ മാർജിൻ (NIM) 2.65-2.70 ശതമാനം പരിധിയിൽ എത്തിക്കുക എന്നതാണ് നടപ്പ് സാമ്പത്തിക വർഷത്തേക്ക് നിശ്ചയിച്ചിട്ടുള്ള പഞ്ചാബ് & സിന്ധ് ബാങ്കിന്റെ മുഖ്യ ലക്ഷ്യം. കൂടാതെ, ഗിഫ്റ്റ് സിറ്റിയിലെ പുതിയ ബ്രാഞ്ച്, ഗോൾഡ് ലോൺ വിപുലീകരണം എന്നിവയാണ് ബാങ്കിന്റെ മറ്റ് ലക്ഷ്യങ്ങൾ. നിലവിൽ 25 രൂപ നിലവാരത്തിലാണ് പഞ്ചാബ് & സിന്ധ് ബാങ്ക് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14.95 ശതമാനം വളർച്ചയോടെ മൊത്തം ബിസിനസ് 5.9 ലക്ഷം കോടി രൂപയാണ് യൂക്കോ ബാങ്ക് (BSE: 532505, NSE: UCOBANK) കൈവരിച്ചത്. റീട്ടെയിൽ, കൃഷി, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലെ വായ്പകൾ 19.4 ശതമാനം വർധിച്ചു. ഇതിൽ 18,000 കോടിയുടെ ഗോൾഡ് ലോൺ പോർട്ട്ഫോളിയോ ഉൾപ്പെടുന്നു. അറ്റാദായം 13.2 ശതമാനം ഉയർന്ന് 2,768 കോടി രൂപയായി. മൊത്തം കിട്ടാക്കട അനുപാതം 2.17 ശതമാനമായും അറ്റ കിട്ടാക്കടം (NNPA) 0.27 ശതമാനമായും നില മെച്ചപ്പെടുത്തി.
അതേസമയം നടപ്പ് സാമ്പത്തിക വർഷത്തിൽ 12-14 ശതമാനം വായ്പ വളർച്ചയും 2.8-2.9 ശതമാനം നിലവാരത്തിൽ അറ്റ പലിശ മാർജിനും കൈവരിക്കാനാണ് യൂക്കോ ബാങ്ക് ലക്ഷ്യമിടുന്നത്. മൊത്തം കിട്ടാക്കട അനുപാതം 2 ശതമാനത്തിലേക്കും അറ്റ കിട്ടാക്കട അനുപാതം 0.2 ശതമാനത്തിനും താഴെയാക്കാനാണ് ബാങ്കിന്റെ ശ്രമം. നിലവിൽ യൂക്കോ ബാങ്ക് ഓഹരികൾ 27.60 രൂപ നിലവാരത്തിൽ വ്യാപാരം ചെയ്യപ്പെടുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ (BSE: 532885, NSE: CENTRALBK) ആകെ ബിസിനസ് 15.6 ശതമാനം വളർച്ചയോടെ 8.12 ലക്ഷം കോടി രൂപയിലെത്തി. റീട്ടെയിൽ വായ്പകൾ 25.67 ശതമാനവും ഗോൾഡ് ലോൺ ബുക്ക് 28,000 കോടി രൂപയായും ഉയർന്നു. അറ്റാദായം 15.43 ശതമാനം വർധിച്ച് 4,369 കോടി രൂപയായി. ബാങ്കിന്റെ കറന്റ് അക്കൗണ്ട് — സേവിങ്സ് അക്കൗണ്ട് അനുപാതം (CASA) 47.3 ശതമാനമാണ്.
അതേസമയം 2026-27 സാമ്പത്തിക വർഷത്തിലേക്ക് 14-16 ശതമാനം വായ്പ വളർച്ചയും 3 ശതമാനത്തിന് മുകളിൽ അറ്റ പലിശ മാർജിനുമാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോം ഇതിനകം 6,679 കോടി രൂപയുടെ വായ്പകൾ നൽകിയിട്ടുണ്ട്. നിലവിൽ 32.80 രൂപ നിലവാരത്തിലാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 20.76 ശതമാനം വളർച്ചയോടെ 6.78 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് (BSE: 532388, NSE: IOB) മൊത്തം ബിസിനസ് നേടിയത്. വായ്പകൾ 24.16 ശതമാനം വർധിച്ചപ്പോൾ മൊത്തം കിട്ടാക്കട അനുപാതം 1.42 ശതമാനമായി കുത്തനെ കുറഞ്ഞു. അറ്റാദായം 56.16 ശതമാനം ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 5,208 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ 3.33 ശതമാനമാണ്.
അതേസമയം നടപ്പ് സാമ്പത്തിക വർഷത്തേക്ക് റിട്ടേൺ ഓൺ അസറ്റ് (ROA) 1.20 ശതമാനത്തിന് മുകളിൽ നിലനിർത്താനും 3,600 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനും ഇന്ത്യൻ ഓവർസീസ് ബാങ്ക് ലക്ഷ്യമിടുന്നു. അറ്റ പലിശ മാർജിൻ 3.3-3.35 ശതമാനം പരിധിയിലും നിലനിർത്തുക. ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പകൾക്കായി ഇ.സി.എൽ.ജി.എസ്-5.0 പദ്ധതി വലിയൊരു അനുകൂല ഘടകമാണ്. നിലവിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓഹരികൾ 35.10 രൂപ നിലവാരത്തിൽ വ്യാപാരം ചെയ്യപ്പെടുന്നു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine