
ഓഹരി വിപണിയില്‍ പമ്പ് ആൻഡ് ഡംപ് തട്ടിപ്പുകൾ വര്‍ധിച്ചു വരികയാണ്. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, എസ്.എം.എസുകൾ, ജിമെയിൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലായും വരുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ലാഭം ലഭിക്കുമെന്ന വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് വിപണിയെക്കുറിച്ച് വലിയ ഗ്രാഹ്യമില്ലാത്ത നിക്ഷേപകരെ പറ്റിക്കുന്നത്.
തെറ്റായതോ വഞ്ചനാപരമോ ആയ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഒരു ഓഹരിയുടെ വില കൃത്രിമമായി ഉയർത്തുന്നതിനെയാണ് പമ്പ് ആൻഡ് ഡംപ് തട്ടിപ്പുകൾ എന്നു പറയുന്നത്. വില പെരുപ്പിച്ചു കാണിച്ച് അതായത് പമ്പ് ചെയ്ത് ഓഹരികളുടെ വില കൂട്ടുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. പിന്നീട് തുറന്ന വിപണിയിൽ തട്ടിപ്പുകാര്‍ വലിയ തോതില്‍ ഇവ വിറ്റഴിക്കുന്നു. തട്ടിപ്പുകാർ അവരുടെ ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്യുമ്പോൾ വില കുറയുന്നു. ഇതിലൂടെ ഇതിലൂടെ കഥയൊന്നുമറിയാത്ത നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിക്കുന്നു.
വളരെ കുറഞ്ഞ വിലയുള്ള കുഞ്ഞന്‍ ഓഹരികള്‍ അഥവാ, പെന്നി സ്‌റ്റോക്‌സിലാണ് (Penny Stocks) ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. അവിടെ എളുപ്പത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കും എന്നതാണ് കാരണം. ഇക്വിറ്റി സൈസ് കുറഞ്ഞ ഓഹരികള്‍ നിയന്ത്രിക്കാന്‍ വളരെ കുറച്ച് ആളുകൾക്ക് സാധിക്കും. അതിനാൽ വിലയിൽ എളുപ്പത്തിൽ കൃത്രിമത്വം കാണിക്കാൻ കഴിയും.
അപ്രായോഗികമായ റിട്ടേണുകൾ: ഹ്രസ്വകാലത്തേക്ക് ഉയർന്ന റിട്ടേണുകള്‍ നല്‍കുന്ന ഓഹരികള്‍ സംബന്ധിച്ച ഉപദേശങ്ങൾ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക. ഇന്ത്യൻ ഓഹരി വിപണി മൂന്ന് മുതൽ അഞ്ച് വർഷ കാലയളവില്‍ കോമ്പൗണ്ടഡ് അടിസ്ഥാനത്തിൽ 12 ശതമാനം മുതൽ 15 ശതമാനം വരെ റിട്ടേണുകളാണ് നല്‍കുക. അതുകൊണ്ട് യാഥാര്‍ത്ഥ്യ ബോധത്തോടെയുളള പ്രതീക്ഷകള്‍ മാത്രം വെച്ചു പുലര്‍ത്തുക.
വിശദമായി അന്വേഷിക്കുക: നിക്ഷേപ ഉപദേശം നൽകുന്ന വ്യക്തിയുടെ യോഗ്യത സംബന്ധിച്ച് വിശദമായി അന്വേഷിക്കുക, സെബി രജിസ്ട്രേഷൻ വിശദാംശങ്ങൾ മുതലായവ പരിശോധിക്കുക. ഓഹരികള്‍ സംബന്ധിച്ച് കാര്യമായ അറിവുണ്ടെന്ന അവകാശവാദവുമായി തട്ടിപ്പുകാര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നില്‍ ജാഗ്രത പുലര്‍ത്തുക.
സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കുക: അപരിചിതർ അയയ്ക്കുന്ന ലിങ്കുകളിലോ അറ്റാച്ചുമെന്റുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്, കാരണം അവ മിക്കവാറും ഫിഷിംഗ് സന്ദേശങ്ങളായിരിക്കും. നിങ്ങളുടെ ഡാറ്റ സംരക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്തുക. കാർഡ് വിശദാംശങ്ങൾ, സി.വി.വി, ഒ.ടി.പി കൾ തുടങ്ങിയ പ്രധാനപ്പെട്ട സാമ്പത്തിക വിവരങ്ങൾ ഒരിക്കലും പങ്കിടരുത്. ഒരു ബാങ്കും അത്തരം വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടില്ല എന്ന കാര്യം ശ്രദ്ധിക്കുക.
വേഗത്തിലുളള നിക്ഷേപം: വേഗത്തിൽ നിക്ഷേപിക്കാൻ അഭ്യർത്ഥിക്കുന്ന, "ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന" അവസരം നഷ്ടമാകുമെന്ന് പറയുന്ന സന്ദേശങ്ങൾ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക. നിങ്ങളെ ആവേശപ്പെടുത്തി വാങ്ങലുകൾ നടത്താൻ പ്രേരിപ്പിക്കുന്നതിനായി തട്ടിപ്പുകാർ പലപ്പോഴും ഇത്തരം കഥകളാണ് സൃഷ്ടിക്കാറുളളത്.
രജിസ്റ്റർ ചെയ്യാത്തതോ അറിയാത്തതോ ആയ ഓഹരികള്‍: ഇത്തരം ഓഹരികള്‍ ഒഴിവാക്കുന്നതിന് ഊന്നൽ നൽകുക. കുറഞ്ഞ ലിക്വിഡിറ്റിയുള്ള ഓഹരികളെയാണ് സാധാരണയായി തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഇവയുടെ വിലയിൽ കൃത്രിമത്വം എളുപ്പമാണ്, കാരണം ഈ സ്റ്റോക്കുകൾക്ക് സാധാരണയായി കുറഞ്ഞ ട്രേഡിംഗ് വോള്യങ്ങളാണ് ഉളളത്. സെബി, എൻഎസ്‌ഇ, ബിഎസ്‌ഇ തുടങ്ങിയ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലെ ഓഹരി വിശദാംശങ്ങൾ പരിശോധിച്ച് തീരുമാനത്തില്‍ എത്തുക.
നിലവിലെ ഓഹരി വിപണി പ്രവണതകളെക്കുറിച്ച് നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. സെബി, ആർബിഐ പോലുള്ള സ്ഥാപനങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ വായിച്ച് അറിവ് വളർത്താന്‍ ശ്രമം നടത്തുക. ആവശ്യമുളള സന്ദര്‍ഭങ്ങളില്‍ വിദഗ്ധരുടെ പ്രൊഫഷണൽ ഉപദേശം തേടുക. തുടര്‍ന്ന് സ്വതന്ത്രപൂര്‍വം ചിന്തിച്ച് ഓഹരി വിപണിയില്‍ വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine