ഷാരൂഖ് ഖാനും സച്ചിനും ഉള്‍പ്പെടെ വന്‍ താരനിര നിക്ഷേപകര്‍! പര്‍പ്പിള്‍ സ്‌റ്റൈല്‍ ലാബ്സ് ഐപിഒ ഓഗസ്റ്റ് 31 മുതല്‍

2020 സാമ്പത്തിക വര്‍ഷത്തില്‍ 45 കോടിയായിരുന്ന വരുമാനം 2024 സാമ്പത്തിക വര്‍ഷത്തില്‍ 508 കോടിയായി ഉയര്‍ന്നു.
ഷാരൂഖ് ഖാനും സച്ചിനും ഉള്‍പ്പെടെ വന്‍ താരനിര നിക്ഷേപകര്‍! പര്‍പ്പിള്‍ സ്‌റ്റൈല്‍ ലാബ്സ് ഐപിഒ ഓഗസ്റ്റ് 31 മുതല്‍
Published on

പ്രമുഖ ലക്ഷ്വറി ഫാഷന്‍ പ്ലാറ്റ്ഫോമായ പെര്‍ണിയാസ് പോപ്പ്-അപ്പ് ഷോപ്പിന്റെ (Pernia's Pop-Up Shop) മാതൃകമ്പനി പര്‍പ്പിള്‍ സ്‌റ്റൈല്‍ ലാബ്സ് (Purple Style Labs) പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (IPO) ഒരുങ്ങുന്നു. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഐപിഒ സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കും.

ഓഹരിയൊന്നിന് 546 മുതല്‍ 575 വരെയാണ് പ്രൈസ് ബാന്‍ഡ്. ഓഹരി വില്പനയിലൂടെ 680 കോടി സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

കുറഞ്ഞ നിക്ഷേപം ₹14,950

ഏകദേശം 1.18 കോടി പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിലൂടെ പുറത്തിറക്കുന്നത്. കുറഞ്ഞത് 26 ഓഹരികള്‍ക്കും തുടര്‍ന്ന് 26ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. റീറ്റെയില്‍ നിക്ഷേപകര്‍ കുറഞ്ഞത് 14,950 മുടക്കേണ്ടിവരും. ആക്സിസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

നിക്ഷേപകരില്‍ വന്‍ താരനിര

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രമുഖര്‍ പര്‍പ്പിള്‍ സ്‌റ്റൈല്‍ ലാബ്സിന്റെ നിക്ഷേപക നിരയിലുണ്ട്. നടന്‍ സല്‍മാന്‍ ഖാനും കുടുംബവും തെലുങ്ക് താരം മഹേഷ് ബാബുവും കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 371.13 കോടി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ പിഎസ്എല്‍ റീറ്റെയിലില്‍ നിക്ഷേപിക്കും. ഇന്ത്യയിലെ എക്‌സ്പീരിയന്‍സ് സെന്ററുകളുടെയും ബാക്ക്-എന്‍ഡ് ഓഫീസുകളുടെയും ബാധ്യതകള്‍ തീര്‍ക്കാനാണ് ഈ തുക വിനിയോഗിക്കുക. മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് പ്രൊമോഷന്‍, പുതിയ ഉപഭോക്താക്കളെ കണ്ടെത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 138.90 കോടി മാറ്റിവയ്ക്കും.

വരുമാനത്തില്‍ വന്‍ വളര്‍ച്ച

അഭിഷേക് 'മോണ്ടി' അഗര്‍വാള്‍ 2015ല്‍ മുംബൈ ആസ്ഥാനമായി ആരംഭിച്ച കമ്പനിയാണ് പര്‍പ്പിള്‍ സ്‌റ്റൈല്‍ ലാബ്സ്. 2018 ഫെബ്രുവരിയില്‍ പെര്‍ണിയാസ് പോപ്പ്-അപ്പ് ഷോപ്പിനെ കമ്പനി ഏറ്റെടുത്തു.

2020 സാമ്പത്തിക വര്‍ഷത്തില്‍ 45 കോടിയായിരുന്ന വരുമാനം 2024 സാമ്പത്തിക വര്‍ഷത്തില്‍ 508 കോടിയായി ഉയര്‍ന്നു. നിലവില്‍ 1,300ഓളം ഡിസൈനര്‍മാരുടെ രണ്ടുലക്ഷത്തിലധികം ഉല്‍പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയും 14 എക്‌സ്പീരിയന്‍സ് സെന്ററുകളിലൂടെയും കമ്പനി വില്‍ക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com