ഐ.പി.ഒയ്ക്ക് മുമ്പ് 'ചൂടപ്പം' പോലെ സ്വിഗി ഓഹരികള്‍, വാങ്ങാന്‍ മത്സരിച്ച് സെലിബ്രിറ്റികള്‍

അമിതാഭിനും മാധുരിക്കും പിന്നാലെ രാഹുല്‍ ദ്രാവിഡും സഹീര്‍ ഖാനും കരണ്‍ ജോഹറുമുള്‍പ്പെടെയുള്ളവര്‍; ഗ്രേ മാര്‍ക്കറ്റില്‍ വില ഇങ്ങനെ
ഐ.പി.ഒയ്ക്ക് മുമ്പ് 'ചൂടപ്പം' പോലെ സ്വിഗി ഓഹരികള്‍, വാങ്ങാന്‍ മത്സരിച്ച് സെലിബ്രിറ്റികള്‍
Published on

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗിയുടെ 11,000 കോടി സമാഹരണം ലക്ഷ്യമിട്ടുള്ള പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഇന്നലെ സെബി അനുമതി നല്‍കി. നവംബറില്‍ ഐ.പി.ഒ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3,750 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 6,664 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ.എഫ്.എസ്) ഉള്‍പ്പെട്ടതായിരിക്കും ഐ.പി.ഒ. പ്രമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കുന്നത്.

സെലിബ്രിറ്റികളുടെ നീണ്ട നിര

ഐ.പി.ഒയ്ക്ക് മുന്നോടിയായി നടക്കുന്ന ഫണ്ട് സമാഹരണത്തില്‍ പങ്കെടുത്ത് ഓഹരി വാങ്ങാന്‍ ഇടിച്ചു കയറുകയാണ് സെലിബ്രിറ്റി നിക്ഷേപകര്‍. സിനിമാ താരം അമിതാഭ് ബച്ചനാണ് ഓഹരിയുടെ സാധ്യതകള്‍ കണ്ട് ആദ്യം നിക്ഷേപവുമായെത്തിയത്. കഴിഞ്ഞയാഴ്ച മറ്റൊരു സിനിമാ താരമായ മാധുരി ദീക്ഷിത് നിക്ഷേപം നടത്തി. ഇപ്പോള്‍ ബോളിവുഡ് ഡയറക്ടര്‍ കരണ്‍ ജോഹറും ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, സഹീര്‍ഖാന്‍, ടെന്നീസ് താരം റോഹന്‍ ബൊപ്പണ്ണ, സംരംഭകനായ ആഷിഷ് ചൗധരി എന്നിവരും കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നു. എന്നാല്‍ നിക്ഷേപത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

അണ്‍ലിസ്റ്റഡ് വിപണിയിലാണ് ഈ ഓഹരി വ്യാപാരം നടക്കുന്നത്. ഇതിനകം തന്നെ രണ്ട് ലക്ഷത്തോളം ഓഹരികള്‍  ഇതു വഴി നിക്ഷേപകര്‍ സ്വന്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം മോഡേണ്‍ ഇന്‍സുലേറ്റര്‍ എന്ന കമ്പനി സ്വിഗിയില്‍ അഞ്ച് കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ കോംപോസിറ്റ്‌സും 0.01 ശതമാനം ഓഹരികള്‍ക്കായി 5.17 ക്ഷം രൂപ നിക്ഷേപിക്കുന്നുണ്ട്.

ഗ്രേ  മാര്‍ക്കറ്റില്‍ വില്‍പ്പനപ്പൂരം

കഴിഞ്ഞ ഏപ്രിലില്‍ ഐ.പി.ഒയ്ക്ക് ഓഹരിയുടമകളുടെ അനുമതി ലഭിച്ചതു മുതല്‍ ഓഹരി വിപണിക്ക് പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റില്‍) ഓഹരിക്ക് മികച്ച ഡിമാന്‍ഡുണ്ട്. നിലവില്‍ 490 രൂപയ്ക്കാണ് ഓഹരികളുടെ വ്യാപാരം. ജൂലൈയില്‍ ഇത് 355 രൂപയായിരുന്നു. നൂറ് ഓഹരികള്‍ ഉള്‍പ്പെട്ട ലോട്ട് ആയാണ് ഓഹരികള്‍ ഗ്രേ മാർക്കറ്റിൽ വ്യാപാരം നടത്തുന്നത്.

203-24 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗി മികച്ച വളര്‍ച്ച കൈവരിച്ചതാണ് ഓഹരികള്‍ക്ക് ഡിമാന്റ് കൂട്ടുന്നത്. കമ്പനിയുടെ നഷ്ടം മുന്‍വര്‍ഷത്തേക്കാള്‍ 44 ശതമാനം കുറച്ച് 2,350 കോടി രൂപയിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചു. വരുമാനം 36 ശതമാനം വര്‍ധച്ച് 11,247 കോടി രൂപയിലുമെത്തി.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com