ആസ്തി 20 കോടി; ഇവയാണ് രാഹുല്‍ ഗാന്ധി നിക്ഷേപിച്ച ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി സ്വത്തുവിരവങ്ങള്‍ നാമനിര്‍ദേശ പത്രികയോടൊപ്പം കളക്ടര്‍ രേണുരാജിന് സമര്‍പ്പിച്ചു. രേഖകള്‍ പ്രകാരം രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കളാണ്. കൈവശമുള്ളത് 55,000 രൂപയും. കൂടാതെ 4.3 കോടി രൂപയുടെ ഓഹരി വിപണി നിക്ഷേപവും 3.81 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകളിലായി 26.25 ലക്ഷം രൂപയുടെ സമ്പാദ്യവും ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

10 ഓഹരികളും 5 മ്യൂച്വല്‍ ഫണ്ടുകളും

ഇരുപത്തിയഞ്ച് കമ്പനികളുടെ ഓഹരികളിലാണ് രാഹുല്‍ ഗാന്ധി നിക്ഷേപിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിലാണ്. 1,474 ഓഹരികളാണ് ഇതില്‍ രാഹുല്‍ ഗാന്ധി കൈവശം വച്ചിരിക്കുന്നത്. ഇവയുടെ മൂല്യം ഏകദേശം 42.27 ലക്ഷം രൂപ വരും. ബജാജ് ഫിനാന്‍സില്‍ 35.89 ലക്ഷം മൂല്യം വരുന്ന 551 ഓഹരികളുണ്ട്. നെസ്ലെ ഇന്ത്യയുടെ 35.67 ലക്ഷം മൂല്യമുള്ള 1,370 ഓഹരികളും ഏഷ്യന്‍ പെയിന്റ്സിന്റെ 35.29 ലക്ഷം മൂല്യമുള്ള 1,231 ഓഹരികളും ടൈറ്റന്‍ കമ്പനിയുടെ 32.59 ലക്ഷം മൂല്യമുള്ള 897 ഓഹരികളും രാഹുലിനുണ്ട്.

കൂടാതെ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ 1161 ഓഹരികളും രാഹുല്‍ ഗാന്ധി കൈവശം വച്ചിട്ടുണ്ട്. ഇവയുടെ മൂല്യം ഏകദേശം 27.02 ലക്ഷം രൂപ വരും. മാത്രമല്ല ഐ.സി.ഐ.സി.ഐ ബാങ്കിന്റെ 24.83 ലക്ഷം മൂല്യമുള്ള 2,299 ഓഹരികളും ദിവിസ് ലബോറട്ടറീസിന്റെ 19.7 ലക്ഷം മൂല്യമുള്ള 567 ഓഹരികളും സുപ്രജിത് എന്‍ജിനീയറിംഗിന്റെ 16.65 ലക്ഷം മൂല്യമുള്ള 4,068 ഓഹരികളും ഗാര്‍വെയര്‍ ടെക്‌നിക്കല്‍ ഫൈബേഴ്‌സിന്റെ 16.43 ലക്ഷം മൂല്യമുള്ള 508 ഓഹരികളും അദ്ദേഹത്തിനുണ്ട്. ഇവയാണ് രാഹുല്‍ ഗാന്ധി നിക്ഷേപം നടത്തിയ പത്ത് പ്രധാന കമ്പനികൾ. രാഹുല്‍ ഗാന്ധിയുടെ കൈവശം അദാനി, അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്.

affidavit.eci.gov.in

രാഹുല്‍ ഗാന്ധി നിക്ഷേപിച്ച ചില പ്രധാന മ്യൂച്വല്‍ ഫണ്ടുകള്‍ ഇവയാണ്. 1.23 കോടി വിപണി മൂല്യമുള്ള എച്ച്.ഡി.എഫി.സി സ്‌മോള്‍ ക്യാപ് റെഗുലര്‍ ഗ്രോത്ത്, 1.02 കോടി വിപണി മൂല്യമുള്ള ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ റെഗുലര്‍ സേവിംഗ്‌സ്-ഗ്രോത്ത്, 19.76 ലക്ഷം വിപണി മൂല്യമുള്ള പി.പി.എഫ്.എ.എസ്. എഫ്.സി.എഫ് ഡി. ഗ്രോത്ത്, 19.58 ലക്ഷം വിപണി മൂല്യമുള്ള എച്ച്.ഡി.എഫി.സി എം.സി.ഓ.പി. ഡി.പി. ജി.ആര്‍, 19.03 ലക്ഷം വിപണി മൂല്യമുള്ള ഐ.സി.ഐ.സി.ഐ ഇ.ക്യൂ ആന്‍ഡ് ഡി.എഫ് എഫ് ഗ്രോത്ത്.

സത്യവാങ്മൂലം പ്രകാരം 2024 മാര്‍ച്ച് 15ലെ കണക്കനുസരിച്ച് 15.21 ലക്ഷം രൂപ വിലയുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളും രാഹുല്‍ ഗാന്ധിക്ക് സ്വന്തമായുണ്ട്. പി.പി.എഫ് അക്കൗണ്ടിലെ 61.52 ലക്ഷം രൂപയുടെ നിക്ഷേപം കൂടാതെ 4.20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും സ്വന്തമായുണ്ട്.

affidavit.eci.gov.in

മുമ്പും വയനാട് തന്നെ

അയോഗ്യത കേസടക്കം രാഹുലിനെതിരെ 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019ല്‍ നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ വിജയിച്ചത്. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വയനാട് ഉള്‍പ്പെടെ കേരളത്തിലെ 20 ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26ന് നടക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it