ഗുഡ്സ് വാ​ഗണുകൾക്കായി ₹40,000 കോടിയുടെ കരാർ; ഈ റെയിൽവേ ഓഹരികൾ കുതിക്കുന്നു; ഇനിയെന്ത്?

റെയിൽവേ സെക്ടറിൽ കേന്ദ്ര സർക്കാർ നടത്തുന്ന മൂലധന നിക്ഷേപം ഭാവിയിലും ശക്തമായി തുടർന്നേക്കും എന്നതിന്റെ സൂചനയാണിത്
Railway Sector Stocks Rally
Canva
Published on

ചരക്ക് കടത്തിനുള്ള ഒരു ലക്ഷം ഗുഡ്സ് വാ​ഗണുകൾ നിർമിക്കുന്നതിനായുള്ള, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറുകളിലൊന്നിന് ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തിങ്കളാഴ്ചത്തെ (2026 മേയ് 25) വ്യാപാരത്തിനിടെ റെയിൽവേ ഓഹരികളിൽ വലിയ മുന്നേറ്റം. അടുത്ത 3-4 വർഷത്തിനുള്ളിൽ പുതിയ ​ഗുഡ്സ് വാ​ഗണുകൾ വാങ്ങുന്നതിനായി 40,000 കോടി രൂപയുടെ വമ്പൻ പദ്ധതിയാണ് റെയിൽവേ തയ്യാറാക്കുന്നത്.

ഈ റിപ്പോർട്ട് പുറത്തുവന്നതോടെ ജൂപ്പിറ്റർ വാഗൺസ് (BSE: 533272, NSE: JWL) ഓഹരി 10 ശതമാനവും ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് (BSE: 532966, NSE: TITAGARH) ഓഹരി 9 ശതമാനവും ടെക്സ്മാകോ റെയിൽ എൻജിനീയറിങ് (BSE: 533326, NSE: TEXRAIL) ഓഹരി 6 ശതമാനവും വീതം നേട്ടമുണ്ടാക്കി.

കരാറിൽ നിന്നും പ്രതീക്ഷിക്കുന്നത്?

പ്രതിവർഷം 35,000 മുതൽ 40,000 വരെ ​ഗുഡ്സ് വാ​ഗണുകൾ വാങ്ങാനുള്ള ഇന്ത്യൻ റെയിൽവേയുടെ ഈ കരാർ, 2022-ലെ നി‌ർമാണ കരാറുകളേക്കാൾ വലുതാണ്. റെയിൽവേയുടെ മുൻ കരാറിന്റെ അടിസ്ഥാനത്തിലുള്ള വാ​ഗണുകളുടെ നിർമ്മാണം പൂർത്തിയായിവരുന്ന സാഹചര്യത്തിൽ, പ്രൊഡക്ഷൻ ലൈനുകൾ സജീവമായി നിലനിർത്താൻ ഈ പുതിയ കരാർ കമ്പനികളെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

നേരത്തെ സർക്കാരിൽ നിന്നും ലഭിച്ച കരാറിലെ മൂന്നിലൊന്ന് (പ്രതിവർഷം 11,000) വാ​ഗണുകളും വിതരണം ചെയ്തിട്ടുള്ള ടെക്സ്മാകോ റെയിൽ, പുതിയ കരാർ കൂടി മുന്നിൽക്കണ്ട് തങ്ങളുടെ ഉത്പാദന ശേഷി ഇതിനകം തന്നെ പ്രതിവർഷം 15,000 വാഗണുകളായി ഉയർത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ ഘട്ടംഘട്ടമായി പുറത്തിറക്കുന്ന ഈ ടെൻഡറിന്റെ ആദ്യ ഓർഡറുകൾ ജൂലൈ - സെപ്റ്റംബർ കാലയളവിൽ കമ്പനികൾക്ക് ലഭിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ബ്രോക്കറേജ് റിപ്പോർട്ട്

ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ്, റെയിൽവെ സെക്ടറിൽ നിന്നുള്ള പ്രമുഖ കമ്പനികളായ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ്, ജൂപ്പിറ്റർ വാഗൺസ് എന്നിവയെ വിലയിരുത്തിക്കൊണ്ട് വ്യത്യസ്തമായ റേറ്റിം​ഗ് ആണ് നൽകുന്നത്. ഇതിൽ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ഓഹരിക്ക് 'ബൈ' (Buy) റേറ്റിംഗാണ് നൽകിയിരിക്കുന്നത്.

2026-30 സാമ്പത്തിക വർഷക്കാലയളവിൽ കമ്പനിയുടെ വരുമാനത്തിൽ 35 ശതമാനവും പ്രതിയോഹരി വരുമാനത്തിൽ (EPS) 43 ശതമാനവും സംയുക്ത വാർഷിക വളർച്ചയാണ് (CAGR) പ്രവചിക്കുന്നത്. കേവലം ​ഗുഡ്സ് വാ​ഗൺ നിർമ്മാണത്തിൽ ഒതുങ്ങാതെ കമ്പനി നടത്തുന്ന ഘടനാപരമായ മാറ്റങ്ങളാണ് ഇതിന് കാരണം. കൂടുതൽ വളർച്ചാ സാധ്യതയുള്ള പാസഞ്ചർ, മെട്രോ കോച്ച് നിർമ്മാണ മേഖലയിലേക്ക് കൂടി ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അതേസമയം ജൂപ്പിറ്റർ വാഗൺസ് ഓഹരിക്ക് 'അണ്ടർപെർഫോം' (Underperform) റേറ്റിംഗാണ് നൽകിയിരിക്കുന്നത്. നിലവിലെ വിപണി വിലയിൽ നിന്നും 34 ശതമാനം ഇടിവാണ് സമീപഭാവിയിൽ ഈ ഓഹരിയിൽ പ്രതീക്ഷിക്കുന്നത് എന്നാണ് ജെഫറീസിന്റെ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. 2028-ഓടെയും കമ്പനിയുടെ വരുമാനത്തിന്റെ 60 ശതമാനവും താരതമ്യേന കുറഞ്ഞ വളർച്ചാ നിരക്കുള്ള ​ഗുഡ്സ് വാ​ഗൺ നിർമ്മാണത്തിൽ നിന്ന് തന്നെയായിരിക്കും. ജൂപ്പിറ്റർ വാ​ഗൺസിന്റെ പുതിയ വീൽ നിർമ്മാണ യൂണിറ്റിന്റെ സാമ്പത്തിക നേട്ടങ്ങൾ 2028-ന് ശേഷമേ ലഭ്യമായി തുടങ്ങുവെന്നാണ് ജെഫറീസ് കണക്കാക്കുന്നത്.

എന്ത് മനസ്സിലാക്കണം?

റെയിൽവേ മേഖലയിൽ കേന്ദ്ര സർക്കാർ നടത്തുന്ന മൂലധന നിക്ഷേപം ഭാവിയിലും ശക്തമായി തുടർന്നേക്കും എന്നതിന്റെ സൂചനയാണ്, ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 40,000 കോടി രൂപയുടെ ​ഗുഡ്സ് വാ​ഗൺ പദ്ധതി. എന്നാൽ, വിപണിയിലുണ്ടാകുന്ന ഈ പൊതുവായ മുന്നേറ്റത്തിൽ, നിലവിലെ സാഹചര്യം ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട്, തങ്ങളുടെ ബിസിനസ് മോഡൽ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ലാഭകരമായ മേഖലകളിലേക്ക് വിജയകരമായി പറിച്ചുനടുന്ന കമ്പനികളെ തിരിച്ചറിഞ്ഞ് നിക്ഷേപം നടത്തുന്നതാണ് ​ഗുണകരമെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ വിശദമാക്കുന്നു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com