

റെയില്‍വേയുടെ പുതുക്കിയ യാത്രാ നിരക്ക് ഘടന ഇന്ന് പ്രാബല്യത്തില്‍ വന്നു. ഇത് ഓഹരി വിപണിയില്‍, പ്രത്യേകിച്ച് റെയില്‍വേയുമായി ബന്ധപ്പെട്ട ഓഹരികള്‍ക്ക് പുതിയ ഉത്തേജനമായി.
റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ (ആര്‍വിഎന്‍എല്‍) ഓഹരികള്‍ 12% വരെ ഉയര്‍ന്നു, അതേസമയം, ഐആര്‍സിടിസിയുടെ ഓഹരികള്‍ തുടക്കത്തില്‍ ഏകദേശം 2.7% ഉയര്‍ന്നു. ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് തുടങ്ങിയ മറ്റ് ഓഹരികളും നേട്ടം രേഖപ്പെടുത്തി.
ഇന്ത്യന്‍ റെയില്‍വേ പ്രവര്‍ത്തനങ്ങളുമായി അടുത്ത ബന്ധമുള്ള കമ്പനികളുടെ വരുമാനത്തിനും ലാഭത്തിനും വര്‍ധന സാധ്യതയാണ് നിക്ഷേപകര്‍ കാണുന്നത്. ഓഹരി വിലകള്‍ ഉയരാന്‍ കാരണം അതുതന്നെ. പാസഞ്ചര്‍ ടിക്കറ്റിംഗ് വളര്‍ച്ച ക്രമേണയാണെങ്കില്‍ പോലും ഈ സ്റ്റോക്കുകളുടെ വരുമാന പ്രതീക്ഷകള്‍ മെച്ചപ്പെടുത്തും.
ഈ വര്‍ഷത്തെ രണ്ടാമത്തേതാണ് യാത്രാനിരക്ക് പരിഷ്‌കരണം. പുതിയ ഘടന പ്രകാരം, സബര്‍ബന്‍, സീസണ്‍ ടിക്കറ്റ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നു. നോണ്‍-സബര്‍ബന്‍ റൂട്ടുകളിലെ സാധാരണ നോണ്‍-എസി സേവനങ്ങള്‍ക്ക്, 215 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് നിരക്ക് വര്‍ധനയില്ല, അതേസമയം അതിനപ്പുറമുള്ള സ്ലാബുകളില്‍ യാത്രാ നിരക്കുകള്‍ വര്‍ദ്ധിക്കുന്നു. സ്ലീപ്പര്‍, ഫസ്റ്റ് ക്ലാസ്, മെയില്‍/എക്‌സ്പ്രസ് ക്ലാസുകള്‍ എന്നിവയുടെ നിരക്കുകള്‍ കിലോമീറ്ററിന് 12 പൈസ എന്ന നിരക്കില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
2025 ഡിസംബര്‍ 26-നോ അതിനുശേഷമോ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് മാത്രമേ പുതുക്കിയ നിരക്കുകള്‍ ബാധകമാകൂ. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളെ ബാധിക്കില്ല.
Read DhanamOnline in English
Subscribe to Dhanam Magazine