2026ല്‍ നിക്ഷേപിക്കാന്‍ അനുയോജ്യം ഏത് മേഖല? ഈ സെക്ടറുകളില്‍ ഒന്ന് കണ്ണുവച്ചോളൂ

2026ലേക്ക് എത്തുമ്പോള്‍ കൂടുതല്‍ പ്രകാശിതമായിരിക്കും നിക്ഷേപകര്‍ക്കെന്നാണ് പൊതുവിലയിരുത്തല്‍
Man counting invested coins
Published on

പുതുവര്‍ഷത്തില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കാമെന്ന പ്രതീക്ഷയിലാണ് വിപണി. 2025ന്റെ ആദ്യപകുതി തിരിച്ചടികളുടേതായിരുന്നു. രണ്ടാംപകുതിയില്‍ തിരിച്ചുവരല്‍ നടത്തിയെങ്കിലും അനിശ്ചിതത്വങ്ങളും ആശങ്കയും നിക്ഷേപകരെ വിട്ടൊഴിഞ്ഞിരുന്നില്ല. 2026ലേക്ക് എത്തുമ്പോള്‍ കൂടുതല്‍ പ്രകാശിതമായിരിക്കും നിക്ഷേപകര്‍ക്കെന്നാണ് പൊതുവിലയിരുത്തല്‍. സെന്‍സെക്‌സ് ഒരു ലക്ഷം പോയിന്റ് ഈ വര്‍ഷം മറികടക്കുമെന്ന പ്രവചനങ്ങളും വിദഗ്ധരില്‍ നിന്ന് വരുന്നുണ്ട്.

റെയില്‍വേ അനുബന്ധ ഓഹരികള്‍

അടിസ്ഥാന സൗകര്യ വികസനത്തില്‍, പ്രത്യേകിച്ച് റെയില്‍ പ്രോജക്ടുകളില്‍ വലിയ നിക്ഷേപമാണ് രാജ്യം നടത്തി കൊണ്ടിരിക്കുന്നത്. പുതിയ പ്രീമിയം ട്രെയിനുകളും റൂട്ടുകളും ഒപ്പം റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവും ശരവേഗത്തിലാണ് നടക്കുന്നത്. റെയില്‍ അനുബന്ധ സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നത് വലിയ നേട്ടം സമ്മാനിക്കുമെന്ന് കരുതുന്നവര്‍ കുറവല്ല.

ഫെബ്രുവരിയിലാണ് ബജറ്റ് അവതരണം. റെയില്‍വേയ്ക്കായി വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ഈ ബജറ്റിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ തുക ഇത്തവണ വകയിരുത്തുമെന്നാണ് നിഗമനം. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍, റെയില്‍ വികാസ് നിഗം, ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍, ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് തുടങ്ങിയവയാണ് റെയില്‍വേയുമായി ബന്ധപ്പെട്ട പ്രധാന ഓഹരികള്‍.

പ്രതിരോധ ഓഹരികള്‍

2025 സംഘര്‍ഷങ്ങളുടെ വര്‍ഷമായിരുന്നു. ഇന്ത്യ-പാക് യുദ്ധം മുതല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും റഷ്യ-യുക്രൈയ്ന്‍ കലഹവുമെല്ലാം 2026ലും വലിയ മാറ്റമുണ്ടാകില്ലെന്നാണ് സൂചിപ്പിക്കുന്നത്. പ്രതിരോധ ഓഹരികള്‍ക്ക് 2025 നല്ല വര്‍ഷമായിരുന്നു. ഈ ട്രെന്റ് 2026ലും തുടരുമെന്നാണ് വിലയിരുത്തല്‍. ആയുധ കയറ്റുമതിയില്‍ ഇന്ത്യ കൂടുതല്‍ വിപണി വിഹിതം നേടുന്നുണ്ട്. പ്രതിരോധ ഓഹരികളെ നോക്കിവയ്ക്കുന്നത് പുതുവര്‍ഷത്തില്‍ നേട്ടം നല്കിയേക്കും.

ബാങ്കിംഗ്, ധനകാര്യം

രാജ്യത്തെ പൊതുമേഖല ബാങ്കിംഗ് ഓഹരികള്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാഴ്ചവയ്ക്കുന്നത്. 2026ലും ഇതിന് മാറ്റമുണ്ടായേക്കില്ല. സ്വര്‍ണവില വര്‍ധിച്ചത് ബാങ്കിതര ധനകാര്യ ഓഹരികള്‍ക്കും കുതിപ്പ് പകരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com