ആർ.ബി.ഐ പണനയം: പലിശ നിരക്കുകളിൽ മാറ്റമില്ല; ജി.ഡി.പി വളർച്ച കൂടുമെന്നും വിലക്കയറ്റം കുറയുമെന്നും സഞ്ജയ് മൽഹോത്ര

പലിശ നിരക്കുകൾ നിലനിർത്തി ആർ.ബി.ഐ; വിലക്കയറ്റം കുറയുമെന്നും ജി.ഡി.പി വളർച്ച നേരിയ ഉയർച്ച കാണുമെന്നും വിലയിരുത്തൽ
RBI Logo and Indian Rupee notes and coins
പ്രതീകാത്മക ചിത്രംImage : RBI and Canva
Published on

അടിസ്ഥാന പലിശ നിരക്കുകളിലോ നയ സമീപനത്തിലോ മാറ്റമില്ലാതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ത്രിദിന പണനയ അവലോകന യോഗത്തിലെ തീരുമാനം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് വിശദീകരിച്ചത്. രാജ്യാന്തര രംഗത്തെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും പലിശ നിരക്കുകൾ ഉയർത്തേണ്ട കാര്യമില്ലെന്നു പണനയ സമിതി (MPC) ഏകകണ്ഠമായി വിലയിരുത്തി.

നടപ്പ് സാമ്പത്തിക വർഷം (FY 2026-27) ചില്ലറ വിലക്കയറ്റം നാമമാത്രമായി കുറയുമെന്നു സമിതി കരുതുന്നു. 5.1-ൽ നിന്ന് അഞ്ചു ശതമാനമായി കുറയുമെന്നാണ് ആർ.ബി.ഐയുടെ വിലയിരുത്തൽ. അതുപോലെ രാജ്യത്തിന്റെ ജി.ഡി.പി വളർച്ച അനുമാനം 6.6-ൽ നിന്ന് 6.7 ശതമാനമായി ഉയർത്തി. ഒന്നാം സാമ്പത്തിക പാദത്തിലെ ജി.ഡി.പി വളർച്ച ഏഴു ശതമാനമാകും എന്നാണു പ്രതീക്ഷ.

നിർണായക നിരക്കുകളായ റീപോ 5.25 ശതമാനം, റിവേഴ്‌സ് റീപോ 3.35%, ബാങ്ക് റേറ്റ് 5.50%, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) 5.50%, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) 5%, കരുതൽ പണ അനുപാതം (CRR) 3%, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) 18% എന്നിവ അതേപടി നിലനിർത്തി.

ബാങ്കുകൾ അടിയന്തരഘട്ടത്തിൽ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ റേറ്റ്. ബാങ്കുകൾ മിച്ചം പണം റിസർവ് ബാങ്കിൽ നിക്ഷേപിച്ചാൽ ഉള്ള പലിശ റിവേഴ്സ് റീപോ. ബാങ്കുകൾ പണമായി കരുതേണ്ട തുകയാണു സി.ആർ.ആർ. അംഗീകൃത കടപ്പത്രങ്ങളിൽ നിക്ഷേപിക്കേണ്ട തുകയാണ് എസ്.എൽ.ആർ.

ആവേശമില്ലാതെ വിപണി

ആർ.ബി.ഐ ഗവർണറുടെ പണനയ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായ മാറ്റം പ്രകടമായില്ല. എൻ.എസ്.ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി 24,615-ലും ബി.എസ്.ഇയുടെ പ്രധാന സൂചികയായ സെൻസെക്സ് 78,755-ലും എൻ.എസ്.ഇയുടെ പ്രധാന സെക്ടറൽ സൂചികകളിലൊന്നായ ബാങ്ക് നിഫ്റ്റി 57,890-ലും വ്യാപാരം പുരോ​ഗമിക്കുന്നു.

ജൂൺ സാമ്പത്തിക പാദത്തിൽ വരുമാനം 36.4-ഉം അറ്റാദായം 207-ഉം ശതമാനം വർധിപ്പിച്ച ദീപക് നൈട്രൈറ്റിന്റെ ഓഹരി വില എട്ടു ശതമാനം കുതിച്ചുയർന്നു. കമ്പനിയുടെ ലാഭമാർജിൻ 20.96 ശതമാനമായി.

പ്രതിരോധ മേഖലയിലെ എംടാർ ടെക്നോളജീസ് നാലാം ദിവസവും അഞ്ചു ശതമാനം മുന്നേറ്റം കുറിച്ച് അപ്പർ സർക്കീട്ടിൽ എത്തിച്ചേർന്നു. മികച്ച ഒന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ച ശേഷമാണു ഓഹരിയിൽ തുടർച്ചയായ കയറ്റം പ്രകടമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞു നിന്ന മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരി ഇന്നു രാവിലെ മൂന്നു ശതമാനത്തോളം കയറി. അതേസമയം ഗണ്യമായ ബിസിനസ് വളർച്ച കാണിച്ച റിസൽട്ടിനു ശേഷം കല്യാൺ ജ്വല്ലേഴ്‌സ് ഓഹരിയാകട്ടെ മൂന്നു ശതമാനത്തോളം താഴ്ന്നു.

നിഫ്റ്റിയും സെൻസെക്സും തമ്മിൽ ക്ലോസിംഗിൽ വന്ന വ്യത്യാസം പരിഹരിക്കുന്ന തരം വ്യാപാരമാണു രാവിലെ നടന്നത്. നിഫ്റ്റി നാമമാത്ര നേട്ടമേ രാവിലെ കാണിച്ചുള്ളൂ. എന്നാൽ ഇന്നലെ ക്യാഷ് വ്യാപാരം തീർന്നപ്പോൾ ഉള്ള നിലയേക്കാൾ 200 പോയിൻ്റ് ഉയർന്നു നിന്നു. അതേ സമയം സെൻസെക്സ് 350-ലേറെ പോയിൻ്റ് കയറി.

രൂപ നേട്ടത്തിൽ

യു.എസ് ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം ഇന്നു വലിയ നേട്ടത്തോടെയാണ് ഫോറക്സ് വിപണിയിലെ വ്യാപാരം തുടങ്ങിയത്. ഡോളർ 46 പൈസ കുറഞ്ഞ് 94.92 രൂപയിൽ ഓപ്പൺ ചെയ്തു. ജൂലൈ എട്ടിനു ശേഷം ആദ്യമായാണു ഡോളർ 95 രൂപയ്ക്കു താഴെ വരുന്നത്. ഡോളറിന്റെ മൂല്യം പിന്നീട് 95.05 രൂപയിലേക്കു കയറി.

സ്വർണം ലോകവിപണിയിൽ കുതിച്ചു കയറി. രാവിലെ ഔൺസിന് 51 ഡോളർ (1.25%) ഉയർന്ന് 4,128 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1,280 രൂപ വർധിച്ച് 1,06,880 രൂപ ആയി.

അതേസമയം പശ്ചിമേഷ്യയിൽ സമാധാന കരാർ പ്രാവർത്തികമായേക്കും എന്ന സൂചനയെത്തുടർന്ന് ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രാവിലെ 78.28 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂ‍ഡ് ഓയിലിന്റെ വില 74.51 ഡോളറിലേക്കും എത്തിച്ചേർന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com