റീപോ നിരക്ക് 5.50% ആയി ഉയര്‍ത്തി റിസര്‍വ് ബാങ്ക്; വായ്പകള്‍ക്ക് പലിശ കൂടാം, വിപണിയില്‍ ചാഞ്ചാട്ടം

ഭവന വായ്പകളില്‍ ഇഎംഐ തുക കൂട്ടുകയോ കാലാവധി കൂട്ടുകയോ ചെയ്യേണ്ടി വരും. പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ കിട്ടും
റീപോ നിരക്ക് 5.50% ആയി ഉയര്‍ത്തി റിസര്‍വ് ബാങ്ക്; വായ്പകള്‍ക്ക് പലിശ കൂടാം, വിപണിയില്‍ ചാഞ്ചാട്ടം
Published on: 

റിസര്‍വ് ബാങ്ക് റീപോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു. വരുന്ന പണനയ കമ്മിറ്റി യോഗങ്ങളിലും നിരക്കു വര്‍ധന പ്രതീക്ഷിക്കാം എന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സൂചിപ്പിച്ചു. ഇതു വിപണികളെ താഴ്ത്തി.

ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച പ്രതീക്ഷ 6.7 ല്‍ നിന്ന് 7.1 ശതമാനമായി ഉയര്‍ത്തി. വാര്‍ഷിക ചില്ലറവിലക്കയറ്റ പ്രതീക്ഷ അഞ്ചില്‍ നിന് 5.2 ശതമാനമായി കൂട്ടി. റീപോ നിരക്ക് 5.25 ല്‍ നിന്ന് 5.50 ശതമാനമായി ഉയര്‍ത്തി. മറ്റ് അനുബന്ധ നിരക്കുകളും ഉയര്‍ത്തി.

പുതിയ വായ്കള്‍ക്കു പലിശ ചെറിയ തോതില്‍ കൂടാന്‍ ഈ തീരുമാനം വഴിതെളിക്കും. ഭവന വായ്പകളില്‍ ഇഎംഐ തുക കൂട്ടുകയോ കാലാവധി കൂട്ടുകയോ ചെയ്യേണ്ടി വരും. പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ കിട്ടും.

ഏകകണ്ഠമായാണ് പണനയ കമ്മിറ്റി കാല്‍ ശതമാനം വര്‍ധിപ്പിച്ചത്. പണനയ സമീപനം ന്യൂട്രലില്‍ നിന്നു ഘട്ടംഘട്ടമായുള്ള കാര്‍ക്കശ്യത്തിലേക്കു മാറ്റി. ഇതിനര്‍ഥം വരുന്ന യോഗങ്ങളിലും നിരക്കു വര്‍ധന ഉണ്ടാകും എന്നാണ്.

ബാങ്കുകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്. ഇതു ക്രമീകരിച്ചു രാജ്യത്തെ മൊത്തം പലിശ നിരക്കുകള്‍ നിയന്ത്രിക്കാം.

വിപണികള്‍ക്ക് ചാഞ്ചാട്ടം

നയപ്രഖ്യാപനത്തിനു ശേഷം വിപണി സൂചികകള്‍ ചാഞ്ചാടി. പ്രധാന സൂചികകള്‍ ആദ്യം നഷ്ടം കുറച്ചെങ്കിലും പിന്നീടു താഴ്ന്നു. ബാങ്ക് നിഫ്റ്റി നഷ്ടത്തില്‍ നിന്നു നേട്ടത്തിലേക്കു മാറിയിട്ടു വീണ്ടും നഷ്ടത്തിലായി.

നയം അറിഞ്ഞ ശേഷം രൂപ താഴ്ന്നു. ഡോളര്‍ 96.33 രൂപയില്‍ നിന്നു 96.48 രൂപയായി. രാവിലെ രൂപ ദുര്‍ബലമായാണ തുടങ്ങിയത്. ഡോളര്‍ മൂന്നു പൈസ കൂടി 96.45 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു 96.33 രൂപയില്‍ എത്തി. അതിനു ശേഷമായിരുന്നു പണ നയ പ്രഖ്യാപനം.

ടൈറ്റന്‍ കമ്പനിയുടെ ലക്ഷ്യവില 5590 രൂപയായി ഉയര്‍ത്തിയ സിഎല്‍എസ്എ വാങ്ങല്‍ ശിപാര്‍ശ നല്‍കി. ഓഹരി ഇന്നു രാവിലെ നാലു ശതമാനം ഇടിഞ്ഞു.

കൊട്ടക് മഹീന്ദ്ര ബാങ്ക് വാങ്ങാന്‍ ശിപാര്‍ശ ചെയ്ത എച്ച്എസ്ബിസി ലക്ഷ്യവില 520 രൂപയായി ഉയര്‍ത്തി.

അപ്പോളോ ടയേഴ്സ് സിഎഫ്ഒ ഗൗരവ് കുമാര്‍ കഴിഞ്ഞ ദിവസം രാജിവച്ചു. ഓഹരി നേരിയ താഴ്ച കാണിച്ചു.

ഒന്നാം പാദ റിസല്‍ട്ട് മികച്ചതായതിനെ തുടര്‍ന്ന് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ ഇന്ത്യ ഓഹരി ഏഴു ശതമാനം കുതിച്ചു.

കമ്പനി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രൈം ഫോക്കസ് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

മികച്ച ഒന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് കനോഹര്‍ ഇലക്ട്രിക്കല്‍സ് ഓഹരി 18 ശതമാനം കുതിച്ചു.

ലോക വിപണിയില്‍ സ്വര്‍ണം താഴ്ന്ന് ഔണ്‍സിന് 4144 ഡോളറില്‍ എത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 480 രൂപ കുറഞ്ഞ് 1,09,400 രൂപയായി.

ക്രൂഡ് ഓയില്‍ വില അല്‍പം കൂടി. ബ്രെന്റ് ഇനം 101.55 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 90.20 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com