റിസര്‍വ് ബാങ്ക്‌ ഗവര്‍ണര്‍ അതു പറഞ്ഞ പാടേ സ്വര്‍ണ പണയ കമ്പനി ഓഹരികള്‍ ഇടിവില്‍, ബാങ്കുകള്‍ക്കും ഇടിവ്, വായ്പ ഇനി കടുപ്പമാകുമോ?

മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ഐ.ഐ.എഫ്.എല്‍ ഓഹരികള്‍ 10 ശതമാനം വരെ താഴെ
gold ornament
Published on

സ്വര്‍ണപ്പണയ വായ്പകള്‍ക്കു സമഗ്രമായ മാര്‍ഗരേഖ ഉടനേ പുറപ്പെടുവിക്കും എന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചതിനു പിന്നാലെ സ്വര്‍ണ വായ്പാ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് വന്‍ ഇടിവ്.

കേരളം ആസ്ഥാനമായുള്ള സ്വര്‍ണപണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളിലാണ് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. ഓഹരി വില 10 ശതമാനത്തോളം ഇടിഞ്ഞ് 2,063 രൂപയിലെത്തി. 52 ആഴ്ചയില ഉയര്‍ന്ന വിലയില്‍ നിന്ന് ഓഹരി വില 15 ശതമാനത്തോളം ഇടിവാണ്.

കേരളത്തില്‍ നിന്നു തന്നെയുള്ള മറ്റൊരു സ്വര്‍ണപണയ എന്‍.ബി.എഫ്.സിയായ മണപ്പുറം ഫിനാന്‍സിന്റെ ഓഹരികളില്‍ 2.88 ശതമാനമാണ് ഇടിവുണ്ടായത്. ഓഹരി വില 22.30 രൂപയിലേക്കെത്തി. ഓഹരിക്ക് ഫ്യൂച്വര്‍ ആന്‍ഡ് ഓപ്ഷന്‍സ് (F&O) ബാന്‍ ഉള്ളതിനാല്‍ നിലവില്‍ പുതിയ പൊസിഷന്‍സ് എടുക്കാനാകില്ല.

ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയില്‍ 6.25 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഓഹരി വില 312 രൂപയിലേക്ക് താഴ്ന്നു.

മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയില്‍ (Assets Under Management /AUM) 98 ശതമാനവും സ്വര്‍ണ വായ്പകളാണ്. മണപ്പുറം ഫിനാന്‍സിന്റെ സ്വര്‍ണവായ്പ വിഹിതം 50 ശതമാനവും ഐ.ഐ.എഫ്.എല്ലിന്റേത് 21 ശതമാനവുമാണ്.

വായ്പ മാനദണ്ഡങ്ങള്‍ കടുപ്പമാകുമോ?

സ്വര്‍ണ വായ്പ നിയന്ത്രണങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ന് പണനയ യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ സ്വര്‍ണ വായ്പകള്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണത്തിന്മേല്‍വായ്പ നല്‍കുമ്പോള്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രതയും സമഗ്രതയും പാലിക്കണമെന്നമാണ് ആര്‍.ബി.ഐ ആഗ്രഹിക്കുന്നത്.

ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും വായ്പക്കാരുടെ പശ്ചാത്തല പരിശോധന വര്‍ധിപ്പിക്കണമെന്നും പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പാക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

റിസര്‍വ് ബാങ്ക് ഇന്ന് അവതരിപ്പിച്ച പണനയത്തില്‍ റീപോനിരക്ക് കാല്‍ ശതമാനം കുറച്ചുവെങ്കിലും പ്രഖ്യാപനം ബാങ്ക് ഓഹരികളെയും കാര്യമായി തുണച്ചില്ല. ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ഓഹരികള്‍ നാല് ശതമാനം വരെ ഇടിവിലാണ്. ശ്രീറാം ഫിനാന്‍സ്, ബന്ധന്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയും ഇന്ന് വലിയ ഇടിവിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com