ഉയരങ്ങള്‍ താണ്ടി നിക്ഷേപകര്‍ക്ക് മധുരം പകര്‍ന്ന് പഞ്ചസാര കമ്പനികള്‍, കാരണമറിയണോ?

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് മധുരം പകര്‍ന്ന് മുന്നേറുകയാണ് പഞ്ചസാര കമ്പനികള്‍. രാജ്യത്തെ പ്രമുഖ പഞ്ചസാര കമ്പനികളായ ശ്രീ രേണുക ഷുഗേഴ്‌സ്, ബജാജ് ഹിന്ദുസ്ഥാന്‍, റാണാ ഷുഗേഴ്‌സ്, രാജശ്രീ ഷുഗേഴ്‌സ് & കെമിക്കല്‍സ്, ധരണി ഷുഗേഴ്‌സ് & കെമിക്കല്‍സ്, സിംഭോളി ഷുഗേഴ്‌സ്, ഡിസിഎം ശ്രീറാം ഇന്‍ഡസ്ട്രീസ്, പൊന്നി ഷുഗേഴ്‌സ്, ശക്തി ഷുഗേഴ്‌സ്, കെ.എം.ഷുഗര്‍ മില്‍സ് എന്നിവ ഇന്ന് വ്യാപാരത്തിനിടെ 4-11 ശതമാനം വരെയാണ് ഉയര്‍ന്നത്.

ബജാജ് ഹിന്ദുസ്ഥാന്‍ അഞ്ച് ദിവസത്തിനിടെ 28 ശതമാനം കുതിച്ചുയര്‍ന്നപ്പോള്‍ ശ്രീ രേണുക ഷുഗേഴ്‌സിന്റെ ഓഹരി വില 17 ശതമാനത്തോളമാണ് വര്‍ധിച്ചത്. ഇന്ന് (2.31 pm, 22-04-2022) 12 ശതമാനത്തോളം ഉയര്‍ന്ന ശ്രീ രേണുകയുടെ 52 ആഴ്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയും ഇതാണ്. ഒരു വര്‍ഷത്തിനിടെ മാത്രം 508 ശതമാനത്തിന്റെ നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. നിലവില്‍ 60.35 രൂപ എന്ന നിലയിലാണ് ഈ കമ്പനി വ്യാപാരം നടത്തുന്നത്. ഒരു വര്‍ഷത്തിനിടെ 319 ശതമാനത്തിന്റെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച റാണാ ഷുഗേഴ്‌സിന്റെ ഓഹരി വില അഞ്ച് ദിവസത്തിനിടെ ഉയര്‍ന്നത് 18 ശതമാനമാണ്. 42.25 രൂപ എന്ന നിലയിലാണ് ഈ കമ്പനി ഇന്ന് വ്യാപാരം നടത്തുന്നത്. രാജശ്രീ ഷുഗേഴ്‌സ് & കെമിക്കല്‍സും അഞ്ച് ദിവസത്തിനിടെ 17 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അതേസമയം, പഞ്ചസാര കമ്പനികളുടെ ഉയര്‍ച്ചയ്ക്ക് പ്രധാനമായും രണ്ട് കാരണങ്ങളാണ് സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചരക്ക് വില ഉയരുന്നതാണ് ഒരു കാരണമായി പറയപ്പെടുന്നത്. കൂടാതെ, പഞ്ചസാര കയറ്റുമതിയില്‍ രാജ്യം റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ എത്തനോള്‍ മിശ്രിത നയമാണ് ഈ കമ്പനികളുടെ നേട്ടത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.


Related Articles
Next Story
Videos
Share it