

ആഗോള വിപണികളിൽ വെള്ളിക്ക് (Silver) വൻ തിരിച്ചടി. ഒരു ദിവസത്തിനിടെ വെള്ളിയുടെ വിലയിൽ നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനാണ് വെള്ളിയാഴ്ച രാജ്യാന്തര, ആഭ്യന്തര വിപണികൾ സാക്ഷ്യംവഹിച്ചത്. രാജ്യാന്തര വിപണിയിൽ (സ്പോട്ട് മാർക്കറ്റ്) ഒരു ഔൺസ് (31.1 ഗ്രാം) വെള്ളിയുടെ വില കഴിഞ്ഞ ദിവസം 114 ഡോളറിൽ നിന്നും 84 ഡോളർ നിലവാരത്തിലേക്ക് കൂപ്പുകുത്തി. 37 ശതമാനം തകർച്ചയാണിത്.
സമാനമായി കമോഡിറ്റി ഡെറിവേറ്റീവ് മാർക്കറ്റിൽ വെള്ളിയുടെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടിൽ 31 ശതമാനം വരെ ഇടിവ് നേരിട്ടു. 1980-നു ശേഷം വെള്ളിയുടെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ ഒരു ദിവസത്തിനിടെ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 85.25 ഡോളർ നിലവാരത്തിലാണ് മാർച്ച് എക്സ്പയറിയിലുള്ള കോമക്സ് സിൽവർ (COMEX Silver) ഫ്യൂച്ചേഴ്സ് കോൺട്രാക്ടിലെ ക്ലോസിങ് വില കുറിച്ചത്.
വെള്ളിയുടെ അവധി വ്യാപാരം നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സ് (MCX), കഴിഞ്ഞ ദിവസം 27 ശതമാനം ഇടിവിനാണ് സാക്ഷ്യംവഹിച്ചത്. 15 വർഷത്തിനിടയിൽ വെളളിയുടെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ ഒരു ദിവസത്തിനിടെ നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്. ഒരു കിലോയുടെ ലോട്ടിൽ 4 ലക്ഷത്തിന് മുകളിലുണ്ടായിരുന്ന വെള്ളി ഫ്യൂച്ചേഴ്സിന്റെ വിപണി വില 2.91 ലക്ഷത്തിലേക്കാണ് കുത്തനെ വീണത്.
രാജ്യാന്തര വിപണിയിൽ വെള്ളിയുടെ വില കുത്തനെ ഇടിയാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് മാർക്കറ്റ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. യുഎസ് ഡോളർ ശക്തമാകുന്നത്, സ്വർണ വിലയിൽ തിരുത്തൽ നേരിട്ടത്, സമീപ ദിവസങ്ങളിലെ വൻ മുന്നേറ്റത്തെ തുടർന്ന് ലാഭമെടുപ്പിന് നിക്ഷേപകർ തുനിഞ്ഞത് എന്നിങ്ങനെയുള്ള മൂന്ന് ഘടകങ്ങളാണ് വെള്ളിയുടെ വിലയെ പ്രതികൂലമായി സ്വാധീനിച്ചത്.
ഇതിൽ മുഖ്യ ഘടകം, അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പുതിയ അധ്യക്ഷനായി കെവിൻ വാർഷിനെ ട്രംപ് സർക്കാർ നിർദേശിച്ചതോടെ യുഎസ് ഡോളർ കരുത്താർജിക്കാനുള്ള പ്രവണത കാണിച്ചതാണ്. കെവിൻ വാർഷിന്റെ നിയമനത്തോടെ ട്രംപ് സർക്കാരിന് കീഴിൽ യുഎസ് കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കയ്ക്ക് ശമനമുണ്ടായതാണ് ഇതിന് കാരണം. പണപ്പെരുപ്പത്തിനെതിരേ കർശന നിലപാട് സ്വീകരിക്കുന്ന വ്യക്തിയെന്നാണ് കെവിൻ വാർഷിന് സാമ്പത്തിക ലോകത്തുള്ള പ്രതിച്ഛായ. ഡോളർ കരുത്താർജിക്കുന്നത് സ്വർണം, വെള്ളി എന്നിവയ്ക്ക് തിരിച്ചടിയേകുന്ന ഘടകമാണ്.
രാജ്യാന്തര വിപണിയിലെ തിരുത്തലുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ആഭരണ വിപണിയിൽ വെള്ളിയുടെ വിലയിൽ അതേ അനുപാതത്തിലുള്ള ഇടിവ് ഉണ്ടായിട്ടില്ല. വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ ഒരു ഗ്രാം വെള്ളിയുടെ വില 410 രൂപയും വെള്ളിയാഴ്ചത്തെ വിപണി വില 395 രൂപയുമായിരുന്നു. ശനിയാഴ്ചത്തെ വ്യാപാരത്തിനായി ഒരു ഗ്രാം വെള്ളിയുടെ വില നിശ്ചയിച്ചിരിക്കുന്നത് 350 രൂപ നിലവാരത്തിലുമാണ്. അതായത് കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വെള്ളിയുടെ വിലയിൽ 17 ശതമാനം മാത്രമേ കുറവുണ്ടായിട്ടുള്ളൂ എന്ന് സാരം.
പോസിറ്റീവ് ഘടകങ്ങൾ: സോളാർ പാനൽ, ബാറ്ററി നിർമാണം (ഇവി), ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപയോഗങ്ങൾ എന്നിവ കാരണം വ്യാവസായിക തലത്തിൽ വെള്ളിക്ക് മുമ്പത്തേക്കാളും വലിയ ആവശ്യകത ഉയരുന്നുണ്ട്. അതുപോലെ വെള്ളിയുടെ ഖനനവും വിതരണവും ആഗോള തലത്തിൽ ശക്തമായി നിയന്ത്രിക്കപ്പെട്ടിട്ടുള്ളതിനാൽ വില ഉയരാനുള്ള പശ്ചാത്തലവും സൃഷ്ടിക്കപ്പെടുന്നു.
നെഗറ്റീവ് ഘടകങ്ങൾ: ചെറിയ കാലയളവിനിടെ വൻ മുന്നേറ്റമുണ്ടായതോടെ ടെക്നിക്കൽ അനാലിസിസ് പ്രകാരം ഓവർബോട്ട് (Overbought) എന്ന സ്ഥിതിയിലാണ് വെള്ളി ഇപ്പോഴുമുള്ളത്. എന്തെങ്കിലും പ്രതികൂല ഘടകമുയർന്നാൽ അതിവേഗത്തിലുള്ള തിരുത്തലിന് ഇത് വഴിതെളിക്കാം. അതുപോലെ ഡോളർ തുടർന്നും കരുത്താർജിച്ചാലും പ്രഷ്യസ് മെറ്റൽസിന് തിരിച്ചടിയാണ്. കൂടാതെ നിലവിലുള്ള ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾക്ക് ശമനമുണ്ടാകുകയോ കൂടുതൽ ഖനനത്തിന് അനുമതി ലഭിച്ചാലും വെള്ളി വിലയിൽ ഇടിവ് നേരിടാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine