

ഇന്ത്യൻ വിപണിയിൽ കനത്ത ഇടിവ്. വെള്ളിയാഴ്ചത്തെ (2026 മാർച്ച് 6) വ്യാപാരത്തിൽ പ്രധാന അടിസ്ഥാന ഓഹരി സൂചികകളിൽ ഒരു ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി. ഒന്നിലധികം പ്രതികൂല ഘടകങ്ങളുടെ സ്വാധീനമാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിച്ചത്. ശക്തമായ പ്രതിരോധം ഉയർത്തുന്ന സെക്ടറുകളുടെ അഭാവവും വീഴ്ചയുടെ ആഘാതം വർധിപ്പിച്ചു. ഇന്നത്തെ വ്യാപാരത്തിനൊടുവിൽ എൻഎസ്ഇ നിഫ്റ്റി സൂചിക 315 പോയിന്റ് (-1.27%) നഷ്ടത്തോടെ 24,450 നിലവാരത്തിലും ബിഎസ്ഇ സെൻസെക്സ് സൂചിക 1,097 പോയിന്റ് ഇടിഞ്ഞ് 78,919 നിലവാരത്തിലും ക്ലോസിങ് രേഖപ്പെടുത്തി.
ഇന്ന് നേരിയ നഷ്ടത്തോടെയാണ് വിപണിയിൽ വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തിലും നേട്ടത്തിന്റെ പാതയിലേക്ക് തിരികെയെത്താൻ സാധിച്ചില്ല. അവസാന മണിക്കൂറിൽ വിൽപ്പന സമ്മർദം ശക്തമായതോടെ വിപണി കൂടുതൽ താഴ്ചയിലേക്ക് വീണു. റഷ്യയിൽ നിന്നും ക്രൂഡോയിൽ വാങ്ങാൻ താത്കാലിക ഇളവ് അനുവദിച്ചതിനെ തുടർന്ന് ഹെവിവെയിറ്റ് ഇൻഡക്സ് ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസ് ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. ഇതുകൂടി ഇല്ലായിരുന്നെങ്കിൽ സൂചികകളിലെ ഇന്നത്തെ നഷ്ടക്കണക്ക് വലുതായേനെ. ഇതോടെ മാർച്ചിലെ ആദ്യ വ്യാപാര ആഴ്ചയിൽ നിഫ്റ്റിയും സെൻസെക്സും രണ്ടര ശതമാനത്തിലേറെ നഷ്ടം കുറിച്ചു.
ബിഎസ്ഇയിൽ ഇന്ന് മൊത്തം വ്യാപാരം ചെയ്യപ്പെട്ടത് 4,374 ഓഹരികളാണ്. ഇതിൽ 1,895 ഓഹരികൾ നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. 2,304 ഓഹരികളിൽ നഷ്ടം നേരിട്ടു. 175 ഓഹരികളുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. ഇന്നത്തെ വ്യാപാരത്തിനിടെ 258 ഓഹരികളാണ് ഒരു വർഷ കാലയളവിലെ താഴ്ന്ന നിലയിലേക്ക് പതിച്ചത്. മറുവശത്ത് 69 ഓഹരികൾ ഒരു വർഷത്തെ ഉയർന്ന നിലവാരവും തിരുത്തിക്കുറിച്ചു.
ഐടി ഒഴികെ എല്ലാ ഓഹരി വിഭാഗങ്ങളും നഷ്ടം നേരിട്ടാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി റിയാൽറ്റി, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി പി.എസ്.യു ബാങ്ക് എന്നിവയാണ് ഏറ്റവും തിരിച്ചടി നേരിട്ട എൻഎസ്ഇയിലെ സെക്ടറൽ സൂചികകൾ. അവസാനം നിമിഷം നേരിട്ട തിരിച്ചടിയിലാണ് നിഫ്റ്റി സ്മോൾ ക്യാപ്, നിഫ്റ്റി മിഡ് ക്യാപ് സൂചികകൾ ചുവപ്പണിഞ്ഞത്. എൻഎസ്ഇയുടെ പ്രധാന ബ്രോഡർ മാർക്കറ്റ് സൂചികയായ നിഫ്റ്റി-500ന്റെ ഭാഗമായ 500 ഓഹരികളിൽ 318 എണ്ണവും ഇന്ന് നഷ്ടം നേരിട്ടു. ചുരുക്കത്തിൽ വിശാല വിപണിയിലെ ഇന്നത്തെ പ്രകടനം നിറംമങ്ങിയതെന്ന് സാരം.
ഇറാൻ - ഇസ്രായേൽ സംഘർഷം ഇനിയും വഷളായേക്കുമെന്ന ആശങ്ക. ഇത് ക്രൂഡോയിൽ വിതരണം താറുമാറാക്കുമോ എന്ന ഭയവും നിറയ്ക്കുന്നു. ഇത് പണപ്പെരുപ്പം ഉയരാനും സാമ്പത്തിക വളർച്ചയെ ബാധിക്കാനും ഇടയാക്കിയേക്കും എന്ന പൊതുനിഗമനവും വിപണിക്ക് തിരിച്ചടിയേകി.
ആഗോള വിപണികളിലും വിൽപ്പന സമ്മർദം. ഇത് ഇന്ത്യൻ വിപണിയേയും പ്രതികൂലമായി സ്വാധീനിച്ചു.
വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) ഭാഗത്തുനിന്നുമുള്ള ശക്തമായ വിൽപ്പന സമ്മർദം. മാർച്ച് മാസത്തിൽ ഇതിനകം 16,000 കോടി രൂപയുടെ ഓഹരികൾ എഫ്ഐഐ വിറ്റൊഴിവാക്കിയിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 20 മാസത്തെ ഉയർന്ന നിലവാരമായ 86 ഡോളർ മറികടന്നത്.
ബാങ്കിംഗ് ഓഹരികളിൽ നേരിട്ട കനത്ത തിരിച്ചടി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിങ്ങനെ മുൻനിര വാണിജ്യ ബാങ്കുകളുടെ ഓഹരികളിൽ 1-3% നഷ്ടം നേരിട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine