വെറും 12 ദിവസം, നേട്ടം 200%, ഈ പൊതുമേഖല ഓഹരി കുതിപ്പ് തുടരുന്നു

ഓഹരി വിപണിയിലേക്ക് പത്തിലധികം കമ്പനികളെയാണ് നവംബര്‍ സമ്മാനിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച നിക്ഷേപ പങ്കാളിത്തം കൊണ്ട് ഇവയെല്ലാം തന്നെ ശ്രദ്ധേയമാകുകയും ചെയ്തു. ലിസ്റ്റിംഗില്‍ നല്‍കിയ നേട്ടത്തെയും മറികടന്നാണ് ഇവയില്‍ പലതിന്റെയും യാത്ര.

താരമായി ഐ.ആര്‍.ഇ.ഡിഎ
പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ റിന്യുവബ്ള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി ലിമിറ്റഡാണ് (ഐ.ആര്‍.ഇ.ഡി.എ) ഇതില്‍ ഏറ്റവും കുതിപ്പ് കാണിക്കുന്ന ഓഹരി. ലിസ്റ്റിംഗ് വിലയേക്കാള്‍ 200 ശതമാനത്തിലധികം ഉയര്‍ച്ചയിലാണ് ഓഹരി ഉള്ളത്. തിങ്കളാഴ്ച 20 ശതമാനം അപ്പര്‍ സര്‍കീട്ടിലെത്തിയ ഓഹരി ഇന്ന് 13 ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
32 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി നവംബര്‍ 29ന് ലിസ്റ്റ് ചെയ്തപ്പോള്‍ 50 രൂപയിലെത്തി. ഓഹരി വിപണിയില്‍ 12 ദിവസം പിന്നിടുമ്പോള്‍ ഓഹരിയുടെ വില 100 രൂപ എന്ന നാഴികക്കല്ലും കടന്നു. ഇന്ന് രാവിലത്തെ സെഷനില്‍ ഓഹരി വില 102 രൂപയിലെത്തിയിരുന്നു. അതായത് 218 ശതമാനം ഉയര്‍ച്ച.
റീറ്റെയ്ല്‍ ഡിവിഷന്‍ തുടങ്ങി പി.എം കുസും പദ്ധതി വഴി റൂഫ്‌ടോപ് സോളാര്‍, മറ്റ് ബിസിനസ് ടു ബിസിനസ് സെക്ടര്‍ എന്നിവയ്ക്ക് വായ്പകള്‍ ലഭ്യമാക്കിയതാണ് ഓഹരിയെ കുതിപ്പിലേക്ക് നയിച്ചത്. 58 കോടി രൂപയുടെ ആദ്യ വായ്പ ഇതിനകം തന്നെ അനുവദിച്ചു.
പുനരുപയോഗ ഊര്‍ജ മേഖലയിലെ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്ന കമ്പനിയാണ് ഐ.ആര്‍.ഡി.എ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 22 ശതമാനം വളര്‍ച്ചയോടെ 3,482 കോടി രൂപയാണ്. 865 കോടി രൂപയാണ് കമ്പനിയുടെ ലാഭം.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ശേഷം പൊതുമേഖലയില്‍ നിന്ന് ഓഹരി വിപണിയിലേക്ക് എത്തിയ കമ്പനിയാണ് ഐ.ആര്‍.ഇ.ഡി.എ. 2022 മേയിലാണ് എല്‍.ഐ.സി ഓഹരി വിപണിയിലെത്തിയത്.

ടാറ്റയും ഗാന്ധാറും

ഐ.പി.ഒ വിപണിയില്‍ ഏറ്റവും തിളക്കം നേടിയ ഓഹരിയായിരുന്നു ടാറ്റ ടെക്‌നോളജീസ്. ലിസ്റ്റിംഗിന് ശേഷവും ടാറ്റ ഓഹരികള്‍ തിളക്കം നിലനിറുത്തുന്നുണ്ട്. 500 രൂപ ഇഷ്യു പ്രൈസായിരുന്ന ഓഹരി വില ലിസ്റ്റിംഗില്‍ 162 ശതമാനത്തിലധികം ഉയര്‍ന്ന് 1,200 രൂപയിലെത്തി. ഇപ്പോള്‍ 1,255 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഇഷ്യു പ്രൈസുമായി നോക്കുമ്പോള്‍ 151 ശതമാനത്തിലധികം നേട്ടം. എന്നാല്‍ ലിസ്റ്റിംഗിനു ശേഷം ഓഹരി ഒരുവേള 1,151 രൂപ വരെ താഴ്ന്നിരുന്നു.
ഓയില്‍ മേഖലയില്‍ നിന്നുള്ള കമ്പനിയായ ഗാന്ധാര്‍ ഓയിലും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കി മുന്നിലുണ്ട്. 169 രൂപയ്ക്ക് ഇഷ്യു ചെയ്ത ഓഹരി ലിസ്റ്റിംഗില്‍ 298 രൂപയിലെത്തിയിരുന്നു. ഇപ്പോള്‍ ലിസ്റ്റിംഗ് വിലയേക്കാള്‍ 81 ശതമാനത്തിലധികം ഉയര്‍ന്ന് 306 രൂപയിലാണ് ഓഹരിയുള്ളത്.
ഡിസംബര്‍ ആദ്യദിനം ലിസ്റ്റ് ചെയ്ത ഫ്‌ളെയര്‍ റൈറ്റിംഗ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്ന നേട്ടം 26.8 ശതമാനമാണ്. 304 രൂപ ഇഷ്യു പ്രൈസ് ഉണ്ടായിരുന്ന ഓഹരി ലിസ്റ്റിംഗില്‍ 501 രൂപയിലെത്തിയെങ്കിലും നിലവില്‍ 385 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ഉയരാതെ ഫെഡ്ഫിന
ഏറെ പ്രതീക്ഷയോടെ വിപിണിയിലെത്തിയ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (fedfina) മാത്രമാണ് നിരാശപ്പെടുത്തിയത്. ഫെഡറല്‍ ബാങ്കിന്റെ ധനകാര്യ ഇതര സ്ഥാപനമായ (NBFC) ഫെഡ്ഫിനയുടെ ഇഷ്യു പ്രൈസ് 140 രൂപയായിരുന്നെങ്കിലും ലിസ്റ്റ് ചെയ്തത് 138 രൂപയ്ക്കാണ്. നിലവില്‍ 140 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it