

സഹസ്രകോടിക്കണക്കിന് രൂപയുടെ ഇടപാടിൽ കഴിഞ്ഞ ദിവസം പൂർത്തിയായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഫ്രാഞ്ചൈസികളുടെ വിൽപ്പന, ആഭ്യന്തര ട്വന്റി-20 ടൂർണമെന്റ് ആയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) മൂല്യമതിപ്പ് വാനോളം ഉയർത്തിയിരിക്കുകയാണ്. ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് 16,706 കോടി രൂപ ചെലവഴിച്ചും രാജസ്ഥാൻ റോയൽസ് 15,290 കോടി രൂപ നൽകിയുമാണ് പുതിയ ഉടമകളുടെ കൈകളിലേക്ക് എത്തിച്ചേർന്നത്. ഇതോടെ ഐ.പി.എൽ ടീമുകൾ സ്വന്തമാക്കിയിട്ടുള്ള കമ്പനികളുടെ മൂല്യവും ഒറ്റയടിക്ക് വർധിച്ചു. ഇതിന്റെ അനുരണനം ഇന്ന് ഓഹരി വിപണിയിലും പ്രകടമായി.
ഐ.പി.എല്ലിലെ ശ്രദ്ധേയ ഫ്രാഞ്ചൈസികളിലൊന്നായ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥരാണ്, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മീഡിയ കമ്പനിയായ സൺ ടി.വി നെറ്റ്‍വർക്ക് ലിമിറ്റഡ് (BSE: 532733, NSE: SUNTV). ബുധനാഴ്ചത്തെ വ്യാപാരത്തിനിടെ സൺ ടി.വി ഓഹരികൾ 6 ശതമാനം വരെ കുതിച്ചുയർന്നു. കഴിഞ്ഞ ദിവസം നടന്ന ടീം വിൽപ്പനയുടെ അടിസ്ഥാനത്തിൽ ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ നിലവിലെ മൂല്യം 10,000 - 15,000 കോടി രൂപയുടെ ഇടയിലായിരിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
സൺ ടി.വി ഓഹരിയുടെ ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 24,300 കോടി രൂപ നിലവാരത്തിലാണ് ഉള്ളത്. അതുകൊണ്ട് സൺ ടി.വി.യുടെ യഥാർത്ഥ മൂല്യം (മീഡിയ ബിസിനസ് മൂല്യം + ഐ.പി.എൽ ടീം മൂല്യം) ഇനിയും മറഞ്ഞിരിക്കുകയാണെന്ന നിഗമനമാണ് ഓഹരിയിൽ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. നിലവിൽ 620 രൂപ നിലവാരത്തിലാണ് സൺ ടി.വി ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.
ലക്നൗ സൂപ്പർ ജെയിന്റ്സിന്റെ ഉടമസ്ഥരാണ്, ആർ.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമായ ആർ.പി.എസ്.ജി വെഞ്ച്വേഴ്സ് ലിമിറ്റഡ് (BSE: 542333, NSE: RPSGVENT). കഴിഞ്ഞ ദിവസം ശരാശരി 16,000 കോടി രൂപയിൽ നടന്ന ടീം വിൽപ്പനകൾ കാരണം ലക്നൗ സൂപ്പർ ജെയിന്റ്സിന്റെ മൂല്യവും ഉയർന്നിട്ടുണ്ടാകും എന്ന നിഗമനം ആർ.പി.എസ്.ജി വെഞ്ച്വേഴ്സ് ഓഹരിയിൽ ഇന്ന് വൻ മുന്നേറ്റത്തിന് വഴിതെളിച്ചു.
ആർ.പി.എസ്.ജി വെഞ്ച്വേഴ്സ് ഓഹരിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 2,200 കോടി രൂപ മാത്രമാണ്. കമ്പനിയുടെ കീഴിലുള്ള ഐ.പി.എൽ ടീമിന്റെ മൂല്യം ഇതിനേക്കാളും ഉയരെയാണെന്നതാണ് കുതിപ്പിന് കളമൊരുക്കിയത്. ബുധനാഴ്ചത്തെ വ്യാപാരത്തിനിടെ 20 ശതമാനത്തോളമാണ് ആർ.പി.എസ്.ജി വെഞ്ച്വേഴ്സ് ഓഹരി കുതിച്ചുയർന്നത്. നിലവിൽ 720 രൂപ നിലവാരത്തിലാണ് ആർ.പി.എസ്.ജി വെഞ്ച്വേഴ്സ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ (BSE: 532432, NSE: UNITDSPR) പൂർണ ഉടമസ്ഥതയിലുള്ള ഐ.പി.എൽ ഫ്രാഞ്ചൈസിയായിരുന്നു ബെംഗളൂരു റോയൽ ചലഞ്ചേഴ്സ്. പ്രമുഖ വ്യവസായി ആദിത്യ ബിർളയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് 16,706 കോടി രൂപ നൽകി യുണെറ്റഡ് സ്പിരിറ്റ്സിൽ നിന്നും ഏറ്റെടുക്കുന്നത്. പൊതുവേ വിപണി പ്രതീക്ഷിച്ച മൂല്യത്തിലുള്ള ഇടപാടാണ് നടന്നത്. 20 ശതമാനം നികുതി നൽകിയ ശേഷവും യുണെറ്റഡ് സ്പിരിറ്റ്സിന്റെ ഓഹരി ഉടമകൾക്കു 199 രൂപ വീതം ഡിവിഡന്റ് കിട്ടാവുന്ന വിലയിലാണ് വിൽപന നടന്നതെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ വിലയിരുത്തി. നിലവിൽ 1,320 രൂപ നിലവാരത്തിലാണ് യുണെറ്റഡ് സ്പിരിറ്റ്സ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.
Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.
Read DhanamOnline in English
Subscribe to Dhanam Magazine