ഈ 'ജുന്‍ജുന്‍വാല' കമ്പനിയും ഓഹരി വിപണിയിലേക്ക്; സെബിക്ക് അപേക്ഷ നല്‍കി
അന്തരിച്ച പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയും നിക്ഷേപകയുമായ രേഖ ജുന്‍ജുന്‍വാല പിന്തുണയ്ക്കുന്ന ബസാര്‍ സ്റ്റൈല്‍ റീറ്റെയ്ല്‍ ഓഹരി വിപണിയിലേക്ക്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനി ഇതിനായി സെബിക്ക് (SEBI) അപേക്ഷ (DRHP) സമര്‍പ്പിച്ചു.
185 കോടി രൂപ മൂല്യം വരുന്ന പുതു ഓഹരികളും കമ്പനിയുടെ പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി 1.68 കോടി ഓഹരികളുമാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക. ഒ.എഫ്.എസില്‍ രേഖ ജുന്‍ജുന്‍വാല 27 ലക്ഷം ഓഹരികള്‍ വിറ്റഴിക്കും. ഇന്റന്‍സീവ് സോഫ്റ്റ് ഷെയര്‍, ഇന്റന്‍സീവ് ഫിനാന്‍സ്, ചന്ദ്രകുമാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സുബ്രതോ ട്രേഡിംഗ് ആന്‍ഡ് ഫിനാന്‍സ്, രജനിഷ് ഗുപ്ത, മധു സുരാന, സബിത അഗര്‍വാള്‍ എന്നിവരാണ് ഓഹരി വിറ്റഴിക്കുന്ന മറ്റ് ഓഹരിയുടമകള്‍.
ഐ.പി.ഒയ്ക്ക് മുന്‍പായി പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി 37 കോടി രൂപ സമാഹരിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഐ.പി.ഒയിലെ പുതു ഓഹരികളുടെ എണ്ണം കുറയും.
കമ്പനിയുടെ കടം വീട്ടാനും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക. 2013-14ല്‍ സ്ഥാപിതമായ ബസാര്‍ സ്റ്റൈല്‍ റീറ്റെയ്ല്‍ പശ്ചിമബംഗാളിലെയും ഒഡിഷയിലെയും മുന്‍നിര വാല്യു റീറ്റെയില്‍ മാര്‍ക്കറ്റാണ്. ഇതുകൂടാതെ അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, ത്രിപുര, ഉത്തര്‍പ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലും വിപണിയുണ്ട്.