ജൂണില്‍ ഓഹരികള്‍ മുഴുവനും വിറ്റു, രേഖ ജുന്‍ജുന്‍വാലക്ക് ലാഭം ₹334 കോടി! പിന്നാലെ ഓണ്‍ലൈന്‍ ഗെയിമിംഗ് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍, രാഷ്ട്രീയ വിവാദം

ഇന്‍സൈഡര്‍ ട്രേഡിംഗ് ആണെന്ന ആരോപണവുമായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര
Rekha JhunJhunwala with stock market chart background
രേഖ ജുന്‍ജുന്‍വാല
Published on

ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കുന്ന ബില്‍ വരുന്നതിന് മുമ്പ് ഓഹരികള്‍ വിറ്റഴിച്ച പ്രമുഖ ഓഹരി നിക്ഷേപക രേഖ ജുന്‍ജുന്‍വാലയുടെ നടപടി ചര്‍ച്ചയാകുന്നു. പണം ഉപയോഗിച്ച് കളിക്കാവുന്ന പോക്കര്‍ബാസി ഗെയിമിന്റെ പ്രമുഖ നിക്ഷേപകരായ നസാര ടെക്‌നോളജീസില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഓഹരികളും ജൂണിലാണ് ജുന്‍ജുന്‍വാല വിറ്റൊഴിച്ചത്. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ഗെയിമിംഗുകളെ നിയന്ത്രിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തൊട്ടുടനെ കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. സമയത്ത് ഓഹരി വിറ്റതോടെ രേഖയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഏതാണ്ട് 334 കോടി രൂപയുടെ ലാഭമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ചില്‍ രേഖയുടെ കൈവശം നസാര ടെക്‌നോളജീസിന്റെ 7.06 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. ഏതാണ്ട് 61.8 ലക്ഷം ഓഹരികള്‍. ജൂണ്‍ 13ന് തന്റെ കൈവശമുള്ള നസാര ടെക്‌നോളജീസിന്റെ മുഴുവന്‍ ഓഹരികളും ഓഹരിയൊന്നിന് ശരാശരി 1,225 രൂപക്ക് രേഖ വിറ്റഴിച്ചു. ഏതാണ്ട് 334 കോടി രൂപയുടെ ഇടപാടാണ് ഇതെന്നാണ് കണക്കുകള്‍ പറയുന്നത്. ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലക്ക് നസാര ടെക്‌നോളജീസില്‍ 10.82 ശതമാനം ഓഹരികളാണ് നേരത്തെ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ ഓഹരികളുടെ ഉടമസ്ഥാവകാശം ഭാര്യയായ രേഖയിലേക്ക് വന്നെത്തി. 25 കമ്പനികളിലായി ഏകദേശം 40,862 കോടി രൂപയുടെ നിക്ഷേപമാണ് രേഖക്ക് നിലവിലുള്ളതെന്ന് ഓഹരി നിരീക്ഷകരായ ട്രെന്‍ഡ്‌ലൈന്‍ പറയുന്നു.

ഇനിയും പ്രമുഖര്‍

അതേസമയം, ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നടപ്പിലായെങ്കിലും പല പ്രമുഖരും ഇപ്പോഴും നസാര ടെക്‌നോളജീസിലെ നിക്ഷേപം തുടരുകയാണെന്നും എന്‍.ഡി.ടി.വി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിക്ഷേപകനായ മധുസൂധന്‍ കേലക്ക് 10.96 ലക്ഷം ഓഹരികളും സെറോധ സഹസ്ഥാപകന്‍ നിഖില്‍ കാമത്തിന് 15.04 ലക്ഷം ഓഹരികളും ഇപ്പോഴുമുണ്ടെന്നാണ് കണക്ക്.

നസാര ടെക്‌നോളജീസ്

ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് നസാര ടെക്‌നോളജീസ്. മൂണ്‍ഷൈന്‍ ടെക്‌നോളജീസ് എന്ന സഹകമ്പനിയിലൂടെ പോക്കര്‍ബാസി പോലുള്ള കാര്‍ഡ് ഗെയിമുകളാണ് കമ്പനി നടത്തുന്നത്. കമ്പനിയുടെ ഓഹരി വില ഇന്നും തകര്‍ച്ചയിലാണ്. അഞ്ച് ദിവസത്തിനിടെ 22 ശതമാനത്തിലധികമാണ് ഓഹരി വില ഇടിഞ്ഞത്. രാജ്യത്തെ 3.8 ബില്യന്‍ ഡോളര്‍ (ഏകദേശം 33,000 കോടി രൂപ) മൂല്യമുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് വിപണിയെ പുതിയ നിയമം സാരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതാണ് ഓഹരിക്ക് തിരിച്ചടിയായത്.

രാഷ്ട്രീയ വിവാദവും

അതേസമയം, ഓണ്‍ലൈന്‍ ഗെയിമിംഗ് നിയമം വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് രേഖ ജുന്‍ജുന്‍വാല മുഴുവന്‍ ഓഹരികളും വിറ്റൊഴിച്ചത് രാഷ്ട്രീയ വിവാദത്തിനും കാരണമായി. ഇതിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്നും അനധികൃത ഇടപെടല്‍ നടന്നിട്ടുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ആരോപിച്ചു. ഇതൊരു ഇന്‍സൈഡര്‍ ട്രേഡാണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. അമേരിക്കയിലായിരുന്നെങ്കില്‍ ഫോണ്‍, ഡിജിറ്റല്‍ രേഖകള്‍ ഉപയോഗിച്ച് സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (എസ്.ഇ.സി) അന്വേഷണം നടത്തുമായിരുന്നു. ഇന്ത്യയില്‍ സെബി ഉറങ്ങുമ്പോള്‍ ഭക്തന്മാര്‍ കയ്യടിക്കുകയാണെന്നും അവര്‍ കുറിച്ചു.

Rekha Jhunjhunwala exited Nazara Technologies just before the Gaming Bill, avoiding losses of ₹334 crore. A smart move in India’s volatile gaming market.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com