രേഖ ജുന്‍ജുന്‍വാലയുടെ ചുവടുമാറ്റം ഈ രംഗത്തേക്ക്, പങ്കാളി രാകേഷ് ജുന്‍ജുന്‍വാല ഇതുവരെ കൈവെയ്ക്കാത്ത മേഖല

മാധ്യങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാത്ത രേഖ ജുന്‍ജുന്‍വാല അടുത്തിടെയാണ് തന്റെ പുതിയ നിക്ഷേപങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്
Rekha JhunJhunwala
രേഖ ജുന്‍ജുന്‍വാല
Published on

ഓഹരി നിക്ഷേപ രംഗത്ത് മുഖവുര ആവശ്യമില്ലാത്ത നിക്ഷേപകനായിരുന്നു രാകേഷ് ജുന്‍ജുന്‍ വാല. തന്റെ മരണം വരെയും സകല സമ്പത്തും നേടിയത് ഓഹരി എന്ന ഒറ്റ നിക്ഷേപ മാര്‍ഗത്തിലൂടെയാണ്. 10 കോടി ഡോളറിന്റെ സാമ്രാജ്യത്തിനുടമയായ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശിയും ഭാര്യയുമായ രേഖ ജുന്‍ജുന്‍ വാല ഇപ്പോള്‍ അതില്‍ ചെറിയൊരു ചുവടുമാറ്റം നടത്തുകയാണ്. മാധ്യമങ്ങളില്‍ നിന്ന് പൊതുവെ അകന്നു നില്‍ക്കുന്ന രേഖ ജുന്‍ജുന്‍വാല ഇക്കണോമിക് ടൈംസിന് അനുവദിച്ച പുതിയ അഭിമുഖത്തിലാണ് തന്റെ നിക്ഷേപതാത്പര്യങ്ങളെ കുറിച്ചും ജുന്‍ജുന്‍ വാലയുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ നിക്ഷേപങ്ങളുടെ അവസ്ഥയെ കുറിച്ചും വ്യക്തമാക്കിയത്.

രാകേഷ് ജുന്‍ജുന്‍വാല ഒരിക്കലും താല്‍പര്യം കാണിച്ചിട്ടില്ലാത്ത റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കാണ് രേഖ ഇപ്പോള്‍ കാല്‍വച്ചിരിക്കുന്നത്, രാകേഷ് ജുന്‍ജുന്‍വാലയുടെ വേര്‍പാടിനു ശേഷമാണ് റിയല്‍ എസ്റ്റേറ്റ് പോലുള്ള പ്രോപ്പര്‍ട്ടി നിക്ഷേപത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതെന്ന് അവർ പറയുന്നു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലെക്‌സിലും ചാന്ദിവാലിയിലും ഓഫീസ് സ്‌പേസിനായി 1,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്‌. ഡോയിച്ച് ബാങ്ക് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വാടകക്കാരാണ്. കൂടാതെ വാല്‍കേശ്വര്‍ പ്രദേശത്ത് ആഡംബര ഭവനങ്ങളും വാങ്ങിയിട്ടുണ്ട്.

രാകേഷ്-രേഖ എന്നീ പേരുകളുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത് റെയര്‍ എന്റര്‍പ്രൈസസ് (Rare Enterprises) എന്ന നിക്ഷേപക സ്ഥാപനം വഴിയാണ് നിക്ഷേപം നടത്തുന്നത്. ഇതുവഴിയുള്ള 99 ശതമാനം നിക്ഷേപവും ഓഹരികളിലാണ്. 45 ലിസ്റ്റഡ് കമ്പനികളിലും അണ്‍ലിസ്റ്റഡ് കമ്പനികളിലും നിക്ഷേപമുണ്ട്.

പ്രധാന ഓഹരികള്‍ ഇവ

രാകേഷ് ജുന്‍ജുന്‍വാലയുടെ വരുമാനത്തിന്റെ മുഖ്യ പങ്കും ദശാബ്ദങ്ങളായി നിക്ഷേപം തുടരുന്ന രണ്ട് ഓഹരികളില്‍ നിന്നാണ്. റേറ്റിംഗ് സ്ഥാപനമായ ക്രിസിലും ജുവലറി ബ്രാന്‍ഡായ ടൈറ്റനുമാണത്. ട്രേഡിംഗ് വഴിയാണ് ജുന്‍ജുന്‍വാല പണമുണ്ടാക്കിയതെങ്കില്‍ റെയര്‍ ഇപ്പോള്‍ അതില്‍ ശ്രദ്ധിക്കുന്നില്ല. അദ്ദംഹത്തിന്റെ പ്രാവീണ്യം മറ്റാര്‍ക്കും അതിലില്ലെന്ന് രേഖ പറയുന്നു.

വാട്ടര്‍ട്രീറ്റ്‌മെന്റ് കമ്പനിയായ വി.എ ടെക് വബാഗ്, ട്രാക്റ്റര്‍ നിര്‍മാതാക്കളായ എസ്‌കോര്‍ട്‌സ് കുബോട്ട തുടങ്ങിയ മള്‍ട്ടി ബാഗറുകളും പോര്‍ട്ട്‌ഫോളിയോയിലുണ്ട്.

പിന്നണിയിൽ മാത്രം 

രാകേഷ് ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലും നിക്ഷേപകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നതില്‍ ഇപ്പോള്‍ നഷ്ടബോധമുണ്ടെന്ന് അവര്‍ പറയുന്നു. വീട്ടിൽ അദ്ദേഹം നിക്ഷേപത്തെ കുറിച്ച് പറയുമ്പോൾ അത് കേൾക്കാൻ പോലും നിന്നില്ല. മരണശേഷമാണ് ഇത്രയും വലിയ ബിസിനസ് ഏറ്റെടുക്കേണ്ടി വന്നത്. നിലവിലുള്ള നിക്ഷേപങ്ങളിലാണ് ഇപ്പോള്‍ റെയര്‍ ശ്രദ്ധകൊടുക്കുന്നത്. പുതിയ നിക്ഷേപങ്ങളൊന്നും നടത്തുന്നില്ല. നിലവില്‍ നിക്ഷേപമുള്ള കമ്പനികളില്‍ ഇടയ്ക്ക് നിക്ഷേപം ഉയര്‍ത്തുണ്ട്.

റെയിറിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള ഇന്‍വെഞ്ച്വേഴ്‌സ് നോളജ് സൊല്യൂഷന്‍സ് പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നുണ്ട്. അതേപോലെ ആകാശ എയറിന്റെ ഉടമകളായ എസ്.എന്‍.വി ഏവിയേഷനും ലിസ്റ്റിംഗ് പദ്ധതിയുണ്ട്. രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയോടെ തുടങ്ങിയതാണ് ആകാശ എയര്‍. ഇവയുടെ ഓഹരികളില്‍ പ്രതീക്ഷയും പ്രകടിപ്പിക്കുന്നുണ്ട് രേഖ. സഹോദരന്‍ രാജീവ് ഗുപ്തയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനന്തിരവന്‍ വിശാല്‍ ജുന്‍ജുന്‍വാലയുമാണ് രേഖയ്ക്ക് പിന്തുണയുമായി ഒപ്പമുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com