ജിയോ ഓഹരി വിപണിയിലേക്ക്? അടുത്ത വര്‍ഷം 55,000 കോടിയുടെ മെഗാ ഐ.പി.ഒയെന്ന് വിദഗ്ധർ

വരാനിരിക്കുന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഐ.പി.ഒ
jio ipo
image credit : canva
Published on

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഇന്‍ഫോകോം അധികം വൈകാതെ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ)യിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ മുന്നില്‍ നിന്നതും 5ജിയിലേക്കുള്ള മാറ്റവും അടുത്ത വര്‍ഷം ഐ.പി.ഒയിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണെന്ന് ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനം മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡിന്റെ അടുത്ത മാസം നടക്കുന്ന യോഗത്തിലുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ജിയോയുടെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.

അടുത്തിടെ മൊബൈല്‍ നിരക്ക് വര്‍ധിപ്പിച്ചതും 5ജി നെറ്റ്‌വര്‍ക്ക് നടപ്പിലാക്കുമ്പോള്‍ ലഭിക്കുന്ന അധിക വരുമാനവും ജിയോക്ക് ഒരോ ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (എ.ആര്‍.പി.യു) വര്‍ധിപ്പിക്കും. ടെലികോം വിപണിയിലെ വളര്‍ച്ചയെ കാട്ടുന്ന എ.ആര്‍.പി.യു വര്‍ധിക്കുന്നത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കും. റിലയന്‍സ് ഗ്രൂപ്പിന് രാജ്യത്തുള്ള പ്രശസ്തിയും ബ്രാന്‍ഡ് മൂല്യവും നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

55,000 കോടി രൂപയുടെ മെഗാ ഐ.പി.ഒ

ബ്രോക്കറേജ് ഗ്രൂപ്പായ ജെഫ്രീസ് 11.11 ലക്ഷം കോടി രൂപയാണ് ജിയോയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. നിലവിലെ ഇന്ത്യയിലെ നിയമം അനുസരിച്ച് ഒരുലക്ഷത്തിന് മുകളില്‍ മൂല്യം കണക്കാക്കിയ കമ്പനികള്‍ ഐ.പി.ഒയ്ക്കിറങ്ങുമ്പോള്‍ ആകെ ഓഹരികളുടെ 5 ശതമാനമെങ്കിലും വിറ്റഴിക്കണം. അങ്ങനെ വന്നാല്‍ ജിയോയുടെ ഐ.പി.ഒ 55,000 കോടി രൂപ കടക്കും. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയാകും. 2022ല്‍ എല്‍.ഐ.സി നടത്തിയ 21,000 കോടി രൂപയുടെ ഐ.പി.ഒയാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലുത്. 3.5 ശതമാനം ഓഹരികളാണ് എല്‍.ഐ.സി അന്ന് ഓഹരി വിപണിയിലേക്ക് ഇറക്കിയത്. വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് അടുത്തിടെ 25,000 കോടിയുടെ ഐ.പി.ഒ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ജിയോക്ക് പിന്നാലെ റിലയന്‍സ് റീട്ടെയ്ല്‍സിനെയും ഓഹരി വിപണിയിലിറക്കാന്‍ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡ് ആലോചിക്കുന്നുണ്ട്. 2024ല്‍ ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതിനാണ് കമ്പനികള്‍ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, നിലവില്‍ ജിയോയിലുള്ള വിദേശ നിക്ഷേപം ചില കമ്പനികള്‍ പിന്‍വലിച്ചേക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡില്‍ 67.03 ശതമാനം ഓഹരികളാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡ്രസ്ട്രീസിനുള്ളത്. ബാക്കിയുള്ളതില്‍ 17.72 ശതമാനം മെറ്റ, ഗൂഗിള്‍ എന്നിവരുടെ കയ്യിലാണ്. 15.25 ശതമാനം വിദേശ നിക്ഷേപ കമ്പനികളായ വിസ്റ്റ ഇക്വിറ്റി പാര്‍ട്ട്‌ണേഴ്‌സ്, കെ.കെ.ആര്‍, പി.ഐ.എഫ്, സില്‍വര്‍ ലേക്ക്, എല്‍ കാറ്റെര്‍ടോണ്‍, ജനറല്‍ അറ്റ്‌ലാന്റിക്, ടി.പി.ജി തുടങ്ങിയ കമ്പനികളുടെ കയ്യിലുമാണ്. വിദേശനിക്ഷേപകരില്‍ നിന്നും 1.52 ലക്ഷം കോടിയിലേറെ രൂപ 2020ല്‍ ജിയോ സമാഹരിച്ചിരുന്നു. ഇത്തരം ഇക്വിറ്റി കമ്പനികള്‍ നാലു വര്‍ഷമാണ് ഓഹരികള്‍ കയ്യില്‍ വയ്ക്കാറുള്ളത്. അതുകൊണ്ട് അടുത്ത വര്‍ഷം നടക്കുന്ന ഐ.പി.ഒയില്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഇവര്‍ തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com