റിലയൻസിന്റെ ഓഹരികൾ ഇടിഞ്ഞേക്കാം, പക്ഷേ ആശങ്കപ്പെടേണ്ടതില്ല

കാത്തിരിപ്പിന് വിരമാമിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുന്ന ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് (ജെ.എഫ്.എസ്) നാളെ മുതല്‍ എന്‍.എസ്.ഇ(നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്), ബി.എസ്.ഇ(ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) സൂചികകളില്‍ ഉള്‍പ്പെടുത്തും. ജൂലൈ 20 ന് മുന്‍പ് (Record Date) റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ സ്വന്തമാക്കിയിട്ടുള്ള നിക്ഷേപകര്‍ക്ക് മാത്രമാണ് ജെ.എഫ്.എസ് ഓഹരികള്‍ ലഭിക്കാന്‍ അര്‍ഹത. അതായത് ജൂലൈ 19 ന് ഓഹരികള്‍ വാങ്ങിയിരിക്കണം. റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓരോ ഓഹരി വീതം ലഭിക്കും.

പ്രത്യേക വ്യാപാരം നാളെ

നാളെ (ജൂലൈ 20) രാവിലെ 9 മണി മുതല്‍ 10 മണി വരെ റിലയന്‍സ് ഇന്‍ഡസട്രീസിന്റെ ഓഹരികള്‍ക്കായി പ്രത്യേക വ്യാപാരം ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നടക്കും. ജെ.എഫ്.എസിനെ വേര്‍പെടുത്തിയ ശേഷമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില നിര്‍ണയിക്കാനാണ് പ്രത്യേക വ്യാപാരം നടത്തുന്നത്.

റിലയന്‍സ് ഓഹരിയുടെ ഇന്നത്തെ ക്ലോസിംഗ് വിലയും ജിയോ ഇല്ലാത്ത റിലയന്‍സ് ഓഹരിയുടെ നാളത്തെ ട്രേഡിംഗിലെ വിലയും തമ്മിലുള്ള വ്യത്യാസമാകും ജിയോ ഓഹരിയുടെ തുടക്കവില.

അതായത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ന് 2,800 രൂപയ്ക്ക് ക്ലോസ് ചെയ്യുകയും നാളെ പ്രത്യേക വ്യാപാരത്തില്‍ 2,700 രൂപയ്ക്ക് വ്യാപാരം ചെയ്യപ്പെടുകയാണെങ്കില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വില 100 രൂപയായിരിക്കും (2800-2700).

രാവിലെ 10 മണിക്ക് ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിനെ നിഫ്റ്റി 50ല്‍ ഉള്‍പ്പെടുത്തും. ഇതിനായി ചട്ടങ്ങള്‍ തിരുത്തി. നിഫ്റ്റി 50 യില്‍ 50 ഓഹരി എന്നതു തല്‍ക്കാലം 51 ഓഹരിയായിരിക്കും. ഔപചാരികമായ ലിസ്റ്റിംഗിനു ശേഷം സൂചികകള്‍ അഴിച്ചു പണിയും.

ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസില്‍ നാളെ മുതല്‍ വ്യാപാരം നടത്താന്‍ സാധിക്കില്ല.ജെ.എഫ്.എസ് ഓഹരികള്‍ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടില്‍ ലഭ്യമായതിനു ശേഷമായിരിക്കും ട്രേഡിംഗ് ആരംഭിക്കുക. ലിസ്റ്റിംഗിനു ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഓഹരിയെ നിഫ്റ്റി 50 സൂചികയില്‍ നിന്ന് ഒഴിവാക്കുക. ലിസ്റ്റിംഗ് എന്നായിരിക്കുമെന്നതിനെ കുറിച്ച് ഇപ്പോള്‍ വ്യക്തയില്ല.

വിഭജന നേട്ടം

ബിസിനസ് നയത്തെകുറിച്ച് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജെ.എഫ്.എസിന്റെ പ്രധാന മൂല്യം റിലയന്‍സ് ഇന്‍ഡസട്രീസിന്റെ 41.3 കോടി ഓഹരികളാണ്. ഇന്നത്തെ വിപണി വിലയനുസരിച്ച് 1.15 ലക്ഷം കോടിയാണ് കമ്പനിയുടെ മൂല്യം.

അതേ സമയം, കമ്പനിക്ക് മികച്ച വളര്‍ച്ചാസാധ്യതയാണുള്ളത്. ജിയോ ടെലികോമിന്റെ 40 കോടി ഉപയോക്താക്കളിലേക്ക് ജെ.എഫ്.എസിന് കടന്നു ചെല്ലാനാകും. ആയിരക്കണക്കിന് വരുന്ന റിലയന്‍സ് റീറ്റെയ്ല്‍ സ്റ്റോറുകളിലേക്ക് പ്രതിവര്‍ഷം 80 കോടി ആളുകളാണ് കടന്നെത്തുന്നത്. കൂടാതെ ജിയോ മാര്‍ട്ട് ഗ്രോസറി പ്ലാറ്റ്‌ഫോമിന് 20 ലക്ഷത്തോളം വ്യാപാരികളുമുണ്ട്.

ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന് 160 മുതല്‍ 190 രൂപ വരെ വിലയുണ്ടാകുമെന്നാണ് വിവിധ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

അഞ്ചാം സ്ഥാനത്തേക്ക്

മൂലധന വലുപ്പം കൊണ്ട് ധനകാര്യ കമ്പനികളില്‍ അഞ്ചാം സ്ഥാനം ഉണ്ടാകും ജിയോയക്ക്. പേ.ടി.എം, ബജാജ് ഫിന്‍സെര്‍വ്, എച്ച്.ഡി.എഫ്.സി തുടങ്ങിയവയോടാണ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് മത്സരിക്കുക.

കഴിഞ്ഞ രണ്ട് ആഴ്ചകൊണ്ട് റിലയന്‍സിന്റെ ഓഹരി വില 9 ശതമാനമാണ് ഉയര്‍ന്നത്. റിലയന്‍സിന്റെ ഓഹരി ഇന്ന് രാവിലെ 11 മണിക്ക് 2,832 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലത്തെ ക്ലോസിംഗിലേതില്‍ നിന്ന് 10.5 രൂപ ഉയര്‍ന്നു.

Related Articles
Next Story
Videos
Share it