

ബ്രോക്കറേജ് സ്ഥാപനമായ മാക്വറി ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ റേറ്റിംഗ് അപ്‌ഗ്രേഡ് ചെയ്തു. കൂടാതെ ലക്ഷ്യ വില ഉയര്‍ത്തുകയും ചെയ്തു. നേരത്തെ 'ന്യൂട്രല്‍' റേറ്റിംഗ് നല്‍കിയിരുന്നത് 'ഔട്ട്‌പെര്‍ഫോം' എന്നാക്കി. ഓഹരിയുടെ ലക്ഷ്യ വില മുന്‍ നിശ്ചയിച്ചിരുന്ന 1,300 രൂപയില്‍ നിന്ന് 1,500 രൂപയുമാക്കി. ഇന്നലത്തെ ഓഹരിയുടെ ക്ലോസിംഗ് വിലയില്‍ നിന്ന് 24 ശതമാനം ഉയര്‍ച്ചയാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്.
മികച്ച വരുമാന നേട്ടം, ജിയോയുടെ ലിസ്റ്റിംഗ്, പുതിയ എനര്‍ജി കപ്പാസിറ്റികളുടെ കമ്മീഷനിംഗ് തുടങ്ങി വിവിധ അനുകൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരിയില്‍ മുന്നേറ്റ പ്രവചനം നടത്തിയിരിക്കുന്നത്.
ഇന്നലെ മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റേറ്റിംഗ് 'കൂട്ടിച്ചേര്‍ക്കുക (add)' എന്നതില്‍ നിന്ന് വാങ്ങുക (buy) എന്നാക്കിയിരുന്നു. 14,00 രൂപ ലക്ഷ്യമിട്ട് വാങ്ങാനാണ് ബ്രോക്കറേജിന്റെ ശിപാര്‍ശ. ചില്ലറ വ്യാപാര മേഖലയില്‍ നിലനിന്ന മാന്ദ്യമാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഓഹരിയെ ബാധിച്ചതെന്നും ഇതില്‍ ഉടന്‍ മാറ്റം വരുമെന്നുമാണ് ബ്രോക്കറേജ് കണക്കാക്കുന്നത്.
ജിയോയുടെ ഐ.പി.ഒയ്ക്ക് മുന്‍പായി താരിഫ് നിരക്ക് ഉയര്‍ത്തിയേക്കാമെന്നതും ഓഹരിക്ക് അനുകൂലമാണെന്ന് കോട്ടക് ചൂണ്ടിക്കാട്ടുന്നു.
മൊത്തം 38 അനലിസ്റ്റുകളാണ് ഓഹരിയെ വിലയിരുത്തുന്നത്. ഇതില്‍ 35 എണ്ണവും 'ബൈ' റേറ്റിംഗ് നല്‍കിയപ്പോള്‍ മൂന്നെണ്ണം മാത്രമാണ് വില്‍ക്കാന്‍ (sell) ശിപാര്‍ശ നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ ബ്രോക്കറേജായ ജെഫ്രീസ് 1,600 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാനുള്ള ശിപാര്‍ശ നിലനിര്‍ത്തിയിട്ടുണ്ട്.
ഇന്നലെ 3.05 ശതമാനം ഉയര്‍ന്ന് 1,211.5 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലത്തെ സെഷനില്‍ ഓഹരി വീണ്ടും 3.31 ശതമാനം ഉയര്‍ന്ന് 1249.60 രൂപയിലെത്തി. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ 7 ശതമാനം നേട്ടമാണ് ഓഹരി രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായ മൂന്ന് ദിവസം കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യം 15.72 ലക്ഷം കോടി രൂപയില്‍ നിന്ന് 16.87 ലക്ഷം കോടി രൂപയായി. അതായത് ഒരു ലക്ഷം കോടി രൂപയുടെ വര്‍ധന. ഓഹരിയിലുണ്ടായ തിരുത്തല്‍ ന്യായീകരിക്കാവുന്നതാണെന്ന നിഗമനത്തിലേക്ക് എത്തിയതാണ് നിക്ഷേപകരുടെ തിരിച്ചു വരവിന് കളമൊരുക്കിയത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 15 ശതമാനം നഷ്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഓഹരിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ മോശമല്ലാത്ത വരുമാന വളര്‍ച്ച കാഴ്ചവച്ചെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരയുദ്ധത്തിന്റെ അലയൊലികള്‍ കമ്പനിയെ ബാധിച്ചു. വ്യാപാര ആശങ്കകളില്‍ ചെറിയ ശമനമുണ്ടായത് വീണ്ടും പ്രതീക്ഷ ഉയര്‍ത്തി.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Read DhanamOnline in English
Subscribe to Dhanam Magazine