

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾക്ക് വലിയ ഉയര്‍ച്ച പ്രവചിച്ച് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. നിലവിലെ നിലവാരത്തിൽ നിന്ന് 28 ശതമാനം വരെ ഉയർച്ചയാണ് ഗോൾഡ്മാൻ സാക്സ് പ്രതീക്ഷിക്കുന്നത്. വാങ്ങല്‍ റേറ്റിംഗ് നിലനിര്‍ത്തിയ ബ്രോക്കറേജ് ഓഹരിക്ക് 1,640 രൂപ എന്ന ലക്ഷ്യ വിലയാണ് നല്‍കിയിരിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ അടുത്തിടെ 1,608.80 രൂപയില്‍ എത്തിയ ശേഷം 20 ശതമാനം ഇടിവ് നേരിട്ടിരുന്നു. കമ്പനിയുടെ റീട്ടെയിൽ വിഭാഗത്തില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. നാലാം പാദത്തിൽ റീട്ടെയിലിൽ 6.5 ശതമാനം വാർഷിക വളർച്ച ഉണ്ടാകുമെന്നാണ് ബ്രോക്കറേജ് കണക്കാക്കുന്നത്. ജിയോയുടെ വരുമാനം കഴിഞ്ഞ പാദത്തേക്കാള്‍ 4 ശതമാനം വളർച്ച നേടും.
സോളാർ മൊഡ്യൂൾ ഉത്പാദനം, ബാറ്ററി ഉത്പാദനം തുടങ്ങിയ പുതിയ ഊർജ്ജ സംരംഭങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും കമ്പനിയിൽ നിന്ന് താമസിയാതെ കേള്‍ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വെളളിയാഴ്ച 1,274 രൂപയിലാണ് ക്ലോസ് ചെയ്തത്. 0.33 ശതമാനം നഷ്ടമാണ് ഇന്നലെ ഓഹരി രേഖപ്പെടുത്തിയത്. വാർഷികാടിസ്ഥാനത്തിൽ ഏകദേശം 5 ശതമാനത്തിന്റെ ഉയർച്ചയാണ് ഓഹരിക്കുളളത്.
Read DhanamOnline in English
Subscribe to Dhanam Magazine