ന്യൂയോര്‍ക്കിലെ മാന്‍ഡരിന്‍ ഹോട്ടല്‍ സ്വന്തമാക്കി റിലയന്‍സ്, നാലുവര്‍ഷം കൊണ്ട് 5.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

ഓയില്‍ ടു കെമിക്കല്‍ വ്യവസായത്തില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് കൂടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് കുറച്ചേറെയായി. മുകേഷ് അംബാനിയുടെ വൈവിധ്യ വല്‍ക്കരണങ്ങള്‍ 2022ലും തുടരുകയാണ്. ലോക്കല്‍ ഡെലിവറി പ്ലാറ്റ്‌ഫോമായ ഡണ്‍സോയെ എറ്റെടുത്തതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മാന്‍ഡരിന്‍ ഓറിയന്റല്‍ ഹോട്ടലും സ്വന്തമാക്കി. ഹോളിവുഡ് താരങ്ങളുടെയും ഹെഡ്ജ് കോടീശ്വരന്മാരുടെയും താവളമായ മാന്‍ഡരിന്റെ 73 ശതമാനം ഓഹരികളാണ് മുകേഷ് അംബാനി വാങ്ങിയത്. ഹോട്ടലിന്റെ 11.5 കോടി ഡോളര്‍ കടവും അംബാനി ഏറ്റെടുത്തു. ശിഷ്ട ഓഹരികളും ഇതേ വിലയ്ക്കു വാങ്ങും.

കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഒരു കൗണ്ടി ക്ലബ് (സ്റ്റാേക്ക് പാര്‍ക്ക്) 592 കോടി രൂപയ്ക്ക് അംബാനി വാങ്ങിയിരുന്നു. ഓബറോയ്, ട്രൈഡന്റ് ബ്രാന്‍ഡുകളില്‍ ഹോട്ടലുകള്‍ നടത്തുന്ന ഇഐഎച്ച് ലിമിറ്റഡില്‍ റിലയന്‍സിനു 39 ശതമാനം ഓഹരിയുണ്ട്. മുംബൈയിലെ ബാന്ദ്ര- കുര്‍ള കോംപ്ലക്‌സില്‍ റിലയന്‍സ് ഒരു കണ്‍വന്‍ഷന്‍ സെന്ററും ഹോട്ടലും ഫ്‌ലാറ്റുകളും നിര്‍മിക്കുന്നുണ്ട്. ഹോട്ടല്‍ ബിസിനസ് പുതിയൊരു ബിസിനസ് വെര്‍ട്ടിക്കല്‍ ആയി വളര്‍ത്തിയെടുക്കുകയാണ് അംബാനി.14 ബില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള യെസ് ബാങ്കിനൊപ്പം എത്താന്‍ റിലയന്‍സിന് ഏറെനാള്‍ കാത്തിരിക്കേണ്ടി വരില്ല. മറ്റ് സ്ഥാപനങ്ങളെപ്പോലെ ഓഹരികള്‍ വിറ്റ് നിക്ഷേപകര്‍ക്ക് നേട്ടം കൈമാറാന്‍ റിലയന്‍സ് ശ്രമിക്കുന്നില്ല. എല്ലാം സ്വന്തമായി ആരംഭിക്കുക എന്ന പഴയ തന്ത്രത്തില്‍ നിന്ന് നിക്ഷേപങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് റിലയന്‍സ് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

2021ല്‍ നിക്ഷേപം റിലയന്‍സ് നിക്ഷേപം നടത്തിയ സ്ത്രീകളുടെ വസ്ത്ര ബ്രാന്‍ഡായ അമാന്റെ, പാല്‍ വില്‍പ്പന നടത്തുന്ന മില്‍ക്ക് ബാസ്‌ക്കറ്റ് എന്നിവയില്‍ നിന്ന് തന്നെ റിലയന്‍ ലക്ഷ്യമിടുന്ന മേഖലകള്‍ എത്രത്തോളം വ്യാപിച്ചു കിടക്കുന്നു എന്ന് മനസിലാക്കാം. പുതുതായി എത്തിയ റിനീവബിള്‍ എനര്‍ജി മേഖലയില്‍ സോളാര്‍ സെല്‍& പാനല്‍ നിര്‍മാതാക്കളായ ആര്‍ഇസി സോളാര്‍ ഹോള്‍ഡിംഗ്‌സിനെ ഏറ്റെടുത്തത് ഉള്‍പ്പടെ 1.3 ബില്യണ്‍ രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്. 2021ല്‍ ആറ് റിനീവബിള്‍ എനര്‍ജി കമ്പനികളിലാണ് റിലയന്‍സ് നിക്ഷേപം നടത്തിയത്. ലോക്കല്‍ സേര്‍ച്ച് എഞ്ചിനായ ജസ്റ്റ് ഡയലിനെയും കമ്പനി സ്വന്തമാക്കിയിരുന്നു. ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്ന ഹാത്ത് വെ മുതല്‍ ആസ്റ്റീരിയ എയറോസ്‌പേസ്, സാവന്‍ മ്യൂസിക് ആപ്പ് അടക്കം നിരവധി സ്റ്റാര്‍ട്ടപ്പുകളെയാണ് 2018-21 കാലയളവില്‍ റിലയന്‍സ് ഏറ്റെടുത്തത്.
റിലയന്‍സ് ഇന്‍സ്ട്രീസ് ഏറ്റവും വലിയ നിക്ഷേപം നടത്തിയിരിക്കുന്നത് ടെലികോം ഇന്റര്‍നെറ്റ് മേഖലയില്‍ തന്നെയാണ്. റിലയന്‍സിന്റെ ടെലികോം യൂണീറ്റായ ജിയോ 2022ല്‍ പ്രാരംഭ ഓഹരി വില്‍പ്പന നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം, ബ്രോഡ്ബാന്‍ഡ് സേവനങ്ങളെക്കൂടാതെ ഓടിടി പ്ലാറ്റ്‌ഫോം അടക്കം വിനോദ മേഖലയിലും ഇ-കൊമേഴ്‌സ് രംഗത്തും ജിയോയ്ക്ക് സാന്നിധ്യമുണ്ട്. ബ്രിട്ടീഷ് ഓയില്‍ കമ്പനിയായ ബിപിയുമായി ചേര്‍ന്ന് ഇവി ചാര്‍ജിംഗ് ഉള്‍പ്പടെ ഒരുക്കുന്ന ജിയോ- ബിപി പമ്പുകളും റിലയന്‍സ് ആരംഭിച്ചിട്ടുണ്ട്.




Related Articles
Next Story
Videos
Share it