റിലയന്‍സിന്റെ ഓപ്പണ്‍ ഓഫര്‍ ഫെബ്രുവരിയില്‍, നേട്ടത്തില്‍ ലോട്ടസ് ചോക്കളേറ്റ് ഓഹരികള്‍

ലോട്ടസ് ചോക്കളേറ്റ് (Lotus Chocolate) കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള റിലയന്‍സ് റീറ്റെയിലിന്റെ (Reliance Retail) ഓപ്പണ്‍ ഓഫര്‍ ഫെബ്രുവരിയില്‍ തുടങ്ങും. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ആറുവരെയാണ് ഓപ്പണ്‍ ഓഫര്‍. ഓഹരി ഒന്നിന് 115.50 രൂപ നിരക്കില്‍ 26 ശതമാനം അഥവാ 33.38 ലക്ഷം ഓഹരികളാണ് റിലയന്‍സ് വാങ്ങുന്നത്. നിലവില്‍ 156.80 രൂപയാണ് ലോട്ടസ് ഓഹരികളുടെ വില.

ഓപ്പണ്‍ ഓഫര്‍ പൂര്‍മായും സ്വീകരിക്കപ്പെട്ടാല്‍ 38.56 കോടി രൂപയാവും റിലയന്‍സിന് ചെലവ് വരുക. 74 കോടി രൂപയ്ക്ക് കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ റിലയന്‍സ് നേരിട്ടാണ് വാങ്ങുന്നത്. ഓപ്പണ്‍ ഓഫര്‍ കൂടി ചേരുമ്പോള്‍ ലോട്ടസ് ചോക്കളേറ്റിലെ റിലയന്‍സ് വിഹിതം 77 ശതമാനമായി ഉയരും. ഏറ്റെടുക്കല്‍ പ്രഖ്യാപനം വന്ന ശേഷം ലോട്ടസിന്റെ ഓഹരികള്‍ തുടര്‍ച്ചയായി ഉയരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.50 ശതമാനം നേട്ടമാണ് ലോട്ടസ് ഓഹരികള്‍ നല്‍കിയത്. ഇന്നും ഓഹരി അപ്പര്‍സര്‍ക്യൂട്ടിലാണ്.

സോഫ്റ്റ് ഡ്രിങ്ക് നിര്‍മാതാക്കളായ സോസ്യോ ഹജൂരി ബെവറേജസിന്റെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്ന് ഈ ആഴ്ച റിലയന്‍സ് അറിയിച്ചിരുന്നു. മറ്റൊരു സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ കാംപ കോളയെ റിലയന്‍സ് ഏറ്റെടുത്ത് കഴിഞ്ഞ വര്‍ഷമാണ്. എഫ്എംസിജി മേഖലയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് ഏറ്റെടുക്കലുകളിലൂടെ കമ്പനി.

Related Articles
Next Story
Videos
Share it