
ഓഹരി വിപണിയില്‍ നിന്ന് തന്ത്രപരമായി നേട്ടങ്ങള്‍ കൊയ്യാമെന്നതിന്റെ ഉത്തമോദാഹരണമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. സമര്‍ത്ഥമായ നിക്ഷേപ രീതിയിലൂടെ 2,200 ശതമാനം നേട്ടത്തില്‍ ഓഹരികള്‍ വിറ്റ് പണമാക്കി മാറ്റിയിരിക്കുകയാണ് മുകേഷ് അംബാനി.
17 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യന്‍ പെയിന്റ്‌സിന്റെ നിശ്ചിത ഓഹരികള്‍ 500 കോടി രൂപയ്ക്കാണ് റിലയന്‍സ് വാങ്ങിയത്. ഇത്രയും നാള്‍ ഓഹരികള്‍ കൈവശം വച്ച റിലയന്‍സ് കഴിഞ്ഞ ദിവസം ഇവ വിറ്റഴിച്ചു. 9,080 കോടി രൂപയ്ക്കാണ് വില്പനയിലൂടെ ലഭിച്ചത്. 2,200 ശതമാനം നേട്ടമാണ് വില്പനയിലൂടെ കമ്പനിക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ കൈവശം ബാക്കിയുണ്ടായിരുന്ന 87 ലക്ഷം ഓഹരികള്‍ കൂടി വിറ്റഴിച്ചത്. ഐ.സി.ഐ.സി.ഐ പ്രഡ്യുന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് ബ്ലോക്ക് ഡീലിലൂടെ ഈ ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു. നേരത്തെ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഇതേ രീതിയില്‍ 7,704 കോടി രൂപയുടെ ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വാങ്ങിയിരുന്നു.
ഓഹരി വിപണിയിലെ നിക്ഷേപം എത്രത്തോളം നേട്ടം സമ്മാനിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച്ചയായി ഈ ഡീലിനെ വിശേഷിപ്പിക്കാം. 17 വര്‍ഷം കൊണ്ട് 2,200 ശതമാനം നേട്ടം നല്കുന്ന മറ്റൊരു നിക്ഷേപക രീതി ഇല്ലെന്ന് പറയാം. ബാങ്ക്, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ നിക്ഷേപിച്ചാല്‍ പരിമിതമായ റിട്ടേണ്‍ മാത്രമാണ് ലഭിക്കുക. എന്നാല്‍ ഓഹരികളിലെ നിക്ഷേപം മറ്റൊരു തലത്തിലേക്ക് മാറും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിച്ചത് ഏഷ്യന്‍ പെയിന്റ്‌സിന്റെ ഭാവി കൂടി കണ്ടാണ്. ഇന്ത്യന്‍ പെയിന്റ് മാര്‍ക്കറ്റില്‍ വലിയ മത്സരമാണ് നടക്കുന്നത്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ബിര്‍ള ഓപ്പസ് (birla opus) എന്ന പേരില്‍ പുതിയ ബ്രാന്‍ഡുമായി രംഗത്തെത്തിയത് ഏഷ്യന്‍ പെയിന്റ്‌സിന് തിരിച്ചടിയായി. മറ്റ് കമ്പനികളും വിപണിയില്‍ കടുത്ത മത്സരം കാഴ്ച്ചവച്ചതോടെ ഏഷ്യന്‍ പെയിന്റ്‌സ് നില പരുങ്ങലിലായതും പിന്മാറ്റത്തിന് റിലയന്‍സിനെ പ്രേരിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine