Begin typing your search above and press return to search.
റിലയന്‍സ് റീട്ടെയില്‍ ഓഹരികള്‍ തിരികെ വാങ്ങുന്നു; ഒന്നിന് വില ₹1,362
ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ (Reliance Retail) പൊതു നിക്ഷേപകരുടെ കൈവശമുള്ള ഓഹരികള്‍ മുഴുവന്‍ തിരികെ വാങ്ങുന്നു. കമ്പനിക്ക് മൊത്തം 14,900 കോടി ഡോളര്‍ (ഏകദേശം 12.31 ലക്ഷം കോടി രൂപ) വിപണിമൂല്യം വിലയിരുത്തി ഓഹരി ഒന്നിന് 1,362 രൂപ നിരക്കിലാണ് തിരികെ വാങ്ങൽ (ബൈബാക്ക്/buyback) എന്നാണ് സൂചന.
ബൈബാക്കിന് ഡയറക്ടര്‍ ബോര്‍ഡ് പച്ചക്കൊടി വീശിക്കഴിഞ്ഞു. ഇനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിക്ഷേപകരുടെ അനുമതി വേണം. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍.സി.എല്‍.ടി) മുംബയ് ബെഞ്ചിന്റെ അനുമതിയും ആവശ്യമാണ്. ശേഷം, ഓഹരി ഉടമകള്‍ക്ക് റിലയന്‍സ് റീട്ടെയില്‍ നോട്ടീസ് അയയ്ക്കും.
റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സാണ് (RRVL) റിലയന്‍സ് റീട്ടെയിലിനെ നിയന്ത്രിക്കുന്ന കമ്പനി (Holding Company). റിലയന്‍സ് റീട്ടെയിലിന്റെ 99.91 ശതമാനം ഓഹരികളും ആര്‍.ആര്‍.വി.എല്ലിന്റെ കൈവശമാണ്. ബാക്കി 0.09 ശതമാനമാണ് പൊതു നിക്ഷേപകരുടെ കൈവശമുള്ളത്. ഇതുകൂടി തിരിച്ചെടുത്ത്, 100 ശതമാനം ഓഹരി പങ്കാളിത്തവും കൈവശം ഉറപ്പാക്കാനാണ് ആര്‍.ആര്‍.വി.എല്‍ ഒരുങ്ങുന്നത്.
നിലവില്‍ വില ₹859-₹2,700
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ് റിലയന്‍സ് റീട്ടെയില്‍. എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ്, ജെ.പി. മോഗര്‍ഗന്‍, ജെ.എം ഫൈനാന്‍ഷ്യല്‍, ഡോലറ്റ് കാപ്പിറ്റല്‍ എന്നിവ വിലയിരുത്തുന്ന ഓഹരി വില 859 രൂപ മുതല്‍ 1,073 രൂപവരെയാണ്. ബാഹ്യവിപണിയില്‍ (privately traded) 2,700-2,800 രൂപ നിരക്കില്‍ റിലയന്‍സ് റീട്ടെയില്‍ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്.
ടി.സി.എസിനേക്കാൾ വമ്പന്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള (m-cap) ലിസ്റ്റഡ് കമ്പനി. 18.01 ലക്ഷം കോടി രൂപയാണ് മൂല്യം. റിലയന്‍സ് റീട്ടെയിലിന് കല്‍പ്പിക്കുന്ന മൂല്യം 12.31 ലക്ഷം കോടി രൂപ. ടി.സി.എസിന്റെ വിപണിമൂല്യം 12.23 ലക്ഷം കോടി രൂപയാണ്. എച്ച്.ഡി.ഫ്.സിയും എച്ച്.ഡി.എഫ്.സി ബാങ്കും ലയിച്ചൊന്നായ കമ്പനിക്ക് മൂല്യം 14.04 ലക്ഷം കോടി രൂപയാണ്.
Next Story
Videos