നിയന്ത്രണങ്ങള്‍ ഇല്ലാത്തിടത്തോളം ക്രിപ്‌റ്റോ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണി: ആര്‍ബിഐ ഗവര്‍ണര്‍

ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട നിലപാട് ആവര്‍ത്തിച്ച് ആര്‍ബിഐ. ഇന്നലെ ചേര്‍ന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തിലാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ക്രിപ്‌റ്റോ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ ഇല്ലാത്തിടത്തോളം ക്രിപ്‌റ്റോ കറന്‍സി സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചാല്‍ കൂടി, പ്രൈവറ്റ് ക്രിപ്‌റ്റോ കറന്‍സികള്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി കണക്കിലെടുത്ത് നിരോധിക്കുന്നതാണ് നല്ലതെന്നും ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രിപ്‌റ്റോ ഇടപാടുകളിലെ റിസ്‌ക് ചൂണ്ടിക്കാട്ടി ബാങ്കുകള്‍ക്ക് കത്ത് അയച്ചതായും ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു. വിദേശനാണ്യ ഇടപാടില്‍ ക്രിപ്‌റ്റോ ഉള്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് കത്തിലെ പ്രധാന നിര്‍ദ്ദേശം. 2018ല്‍ ആര്‍ബിഐ രാജ്യത്ത് ക്രിപ്‌റ്റോ ഇടപാടുകള്‍ നിരോധിച്ചിരുന്നു. പിന്നീട് 2020ല്‍ സുപ്രീംകോടതിയാണ് നിരോധനം നീക്കിയത്.
ക്രിപ്‌റ്റോ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 'ക്രിപ്‌റ്റോ കറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021' അവതരിപ്പിക്കുുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ ശീതകാല സമ്മേളനം ഡിസംബര്‍ 23ന് ആവസാനിക്കാനിരിക്കെ ബില്‍ അവതരിപ്പിക്കല്‍ മാറ്റിവെച്ചേക്കുമെന്നാണ് സൂചന.
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുമായി (സിബിഡിസി) ബന്ധപ്പെട്ട പുരോഗതിയും യോഗം വിലയിരുത്തി. റീട്ടെയില്‍, ഹോള്‍സെയില്‍ വിഭാഗങ്ങളിലായിരിക്കും ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുക എന്നാണ് കരുതുന്നത്. ഇതില്‍ റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി പൊതുജനങ്ങള്‍ക്ക് സാധാരണ കറന്‍സി പോലെ കൈകാര്യം ചെയ്യാവുന്നതാണ്. സാമ്പത്തിക സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകളാണ് ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് പൊതുവെ നടക്കുക. എല്ലാ സുരക്ഷയും ഉറപ്പാക്കിയ ശേഷം മാത്രമെ ഡിജിറ്റല്‍ കറന്‍സി രാജ്യത്ത് വ്യാപകമായി അവതരിപ്പിക്കൂ എന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ലക്‌നൗവില്‍ നടന്ന ആര്‍ബിഐയുടെ 592ആമത് ബോര്‍ഡ് യോഗത്തില്‍ ഡപ്യൂട്ടി ഗവര്‍ണര്‍ മഹേഷ് കുമാര്‍ ജെയിന്‍, മൈക്കല്‍ ദേബബ്രത പത്ര, എം രാജേശ്വര റാവു, ടി. രബി ശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Related Articles
Next Story
Videos
Share it